2013, നവംബർ 30, ശനിയാഴ്‌ച

ബലൂണുകള്‍




ഒരു ദീര്‍ഘ ചുംബനത്തിലൂടെ
ഗര്‍ഭിണിയാക്കപ്പെട്ടു,
വിരല്‍ കൊണ്ട് ഉദരത്തിനു ലഭിച്ച -
പൊക്കിള്‍കൊടി ബന്ധവും പേറി,
ഇരുവിരലുകളുടെ നിയന്ത്രണത്തില്‍
മുന്പോട്ട് കുതിക്കുകയും പിറകോട്ട്
കിതക്കുകയും ചെയ്യുന്ന, നേരം
പുലരുമ്പോളെക്കും നല്ല ജീവന്‍ നഷ്ടമാകുന്ന 
“മത്തകള്‍” ആവണ്ട നമുക്ക് ....     

 കണ്ണൊന്നു തെറ്റിയാല്‍, കയ്യൊന്നു അയഞ്ഞാല്‍
ആകാശസീമയിലേക്ക് കുതിക്കുന്ന ,
കാറ്റിനൊപ്പം ചാഞ്ചാടി, ഇലകളെ -
തലോടി, മേഘങ്ങളേ ഉമ്മ വെച്ച്,
പുഴകളില്‍ മുഖം നോക്കി ,
സ്വതന്ത്രമായി, സ്വസ്ഥമായി നീങ്ങുന്ന
ഹൈഡ്രജന്‍ നിറച്ച നിഷേധികളായ
ഹൃദയചിഹ്നങ്ങള്‍ ആവണം  നമുക്ക്

നീണ്ട വാലുകള്‍  പരസ്പരം കൂട്ടി-
യിണക്കി, തോളോട് തോള്‍ ചേര്‍ന്ന്,
ചിന്തകളില്‍ സ്വപ്‌നങ്ങള്‍ ചാലിച്ചു ,
ഇലപ്പടര്‍പ്പുകളില്‍ കുടുങ്ങാതെ,
കാക്കക്കും കഴുകനും മീതെ... അങ്ങനെ അങ്ങനെ...
ഒരുപാടുയരങ്ങളില്‍ ഒരുമിച്ചു പറക്കണം..
നമുക്ക് നമ്മള്‍ തന്നെ ആവണം....

ഒരുനാള്‍ നമ്മിലൊരാള്‍ ജീവന്‍ വെടിയുമ്പോള്‍, 
കൂട്ടിയിണക്കപ്പെട്ട ബന്ധങ്ങളുടെ പേരില്‍,
എനിക്ക് നിന്നെയോ നിനക്ക് എന്നെയോ
വഹിച്ചു കൊണ്ട് ഉയരെണ്ടതായി വരും
ആവശ്യമില്ലെങ്കിലും, വിട്ടുപോകാത്ത
ഓര്‍മ്മകള്‍ പേറുന്ന മനസ്സ് പോലെ...

പിന്നെ അവസാന ശ്വാസവും തീരുമ്പോള്‍
നമ്മളൊരുമിച്ച്, ഉയരങ്ങളില്‍ നിന്നും
ആഴങ്ങളിലേക്ക് പതിക്കും, കാരണം
നമ്മള്‍ വെറും ബലൂണുകള്‍.... ആരില്‍-
നിന്നോക്കെയോ , അതോ നമ്മളില്‍ നിന്ന് –
തന്നെയോ ഓടിയൊളിച്ച വെറും കുമിളകള്‍ ... 

    
   




2013, നവംബർ 15, വെള്ളിയാഴ്‌ച

ഷവര്‍


 

 
 മഴയെ കൈക്കുമ്പിളില്‍

ഒളിപ്പിക്കുന്ന ഷവറുകള്‍ക്ക്

കണ്ണുകള്‍ ഉണ്ടായിരുന്നെങ്കില്‍ ....

 
ചിതറിത്തെറിക്കുന്ന മഴത്തുള്ളികള്‍

നഗ്നമെനിയിലൂടോഴുകുന്നത്  കണ്ടു

നാണിച്ചു മുഖം താഴ്ത്തുമായിരിക്കാം

 
കൌമാരപ്രായം കാണിക്കുന്ന

വികൃതികള്‍ കണ്ടു കണ്ണുപൊത്തി

ചിരിക്കുന്നുണ്ടാകും ...

 
സുന്ദര മുഖങ്ങള്‍ ഉള്ളില്‍ ഒളിപ്പിച്ച ,

അടിച്ചമര്‍ത്തിയ  വേദനകള്‍ കണ്ടു

സ്തംഭിച്ചു നിന്നിരിക്കാം....

 
ആരും കാണാതെ  കവിളിലൂടോഴുകുന്ന

കണ്ണുനീര്‍ തുള്ളിയെ കണ്ടു , അറിയാതെ

കണ്ണുകള്‍ നിറഞ്ഞു  തുളുമ്പിയിരിക്കാം

 
ഇരുട്ടിന്റെ ആഴങ്ങളില്‍ ഉടച്ച പെണ്ജീവന്റെ

രക്തം പുരണ്ട പാപക്കറ കഴുക്കുന്നത്

കണ്ടു എത്ര അമര്‍ഷം പൂണ്ടിരിക്കും ??

 
മുഖം മിനുക്കി, മുഖംമൂടിയണിഞ്ഞു

പകലിലൂടെ പോകുന്ന മാന്യദേഹങ്ങളെ കണ്ട്

പ്രതികരിക്കാനാവാതെ ഇരുന്നിരിക്കാം 

 
ഷവറുകള്‍ക്ക് കണ്ണുകള്‍ ഇല്ലാത്തതു നന്നായി

അല്ലായിരുന്നെങ്കില്‍  സദാചാരത്തിന്റെ നാറിയ

മുഖംമൂടികള്‍ വലിച്ചു കീറുമായിരുന്നു

 

2013, നവംബർ 3, ഞായറാഴ്‌ച

നെല്ലിക്ക

അന്ന് ,
ക്ലാസ്സിലെ സൈഡ് സ്ക്രീനിലെ 
കുഞ്ഞുവിടവിലൂടെ
നമ്മള്‍ പരസ്പരം
നോക്കി നിന്നിട്ടുണ്ട് ... 

വളപ്പൊട്ടുകള്‍ എന്റെ
ഉള്ളംകയ്യോട് ചേര്‍ത്ത് വെച്ച് നീ,
എന്റെ മനസ്സിലെ സ്നേഹം
അളന്നിട്ടുമുണ്ട്

കഞ്ഞിപ്പുരയുടെ മറവില്‍

 വെച്ച് നീ അറിയാതെ നിന്‍
വിരല്‍തുമ്പില്‍ ഞാനൊന്നു
തോട്ടിട്ടുമുണ്ട്

സന്ധ്യകള്‍ മരിച്ചിരുന്ന
വായനശാലയുടെ
ഷെല്‍ഫുകള്‍ക്കിടയില്‍
നമ്മള്‍ എന്നും പരസ്പരം
തിരഞ്ഞിട്ടുമുണ്ട്..

ഇന്ന് വിന്‍ഡോസിന്റെ
അപ്പുറത്ത് നിന്നും നീ വലിച്ചെറിയുന്ന
സ്മൈലികളില്‍ ഏതാണ് , നീ തട്ടിപ്പറിച്ച 

ആമ്പല്‍ പൂക്കള്‍ക്കും മഞ്ചാടിക്കുരുക്കള്‍ക്കും
പകരമകുക???

കൗമാര പ്രണയം..
അന്നൊരുപാട് കയ്ചിട്ടുണ്ട് ..
ഇന്ന് ഓര്‍മകളുടെ
മഴയില്‍ വല്ലാതെ മധുരിക്കുന്നു