2014, ഫെബ്രുവരി 1, ശനിയാഴ്‌ച

മാലാഖ

തുടര്‍ച്ചയായി രണ്ടാമത്തെ shift ചെയ്യുന്നതിന്റെ ക്ഷീണത്തില്‍  സിസ്റ്റര്‍ എയ്ഞ്ചേല്‍.. ഇടയ്ക്കിടെ ഉള്ളതാണ് ഈ ഡബിള്‍ ഡ്യൂട്ടി ... അതുകൊണ്ടാകും വലിയ ബുദ്ധിമുട്ടൊന്നും കൂടാതെ തുടരാന്‍ സാധിക്കുന്നത്.. അതുരസേവനരന്ഗമാണ് .... സേവനമായത് കൊണ്ട് ചെയ്യാതിരിക്കാനും  പറ്റില്ല... അതിലുപരി റൂമിലെ ഏകാന്തത ഒഴിവാക്കാന്‍ ഹോസ്പിടല്‍ തന്നെയാണ് നല്ലതെന്ന് അവര്‍ക്ക് തോന്നിയിട്ടുണ്ട്. staff in charge ആയതുകൊണ്ട് ഉത്തരവാദിത്വം കൂടുതലുമാണ്. ഇന്ന് അല്പം തിരക്ക് കുറവാണ്. മുഖം കഴുകി ഫ്രഷ്‌ ആയി അവള്‍ ICU വിലെ  പേഷ്യന്റ്സ് ന്റെ അടുത്തേക്ക്  നടന്നു.  ആദ്യ ബെഡില്‍ ഒരു വൃദ്ധന്‍ ആയിരുന്നു. മണിക്കൂറുകള്‍ എണ്ണി കഴിയുന്ന ആള്‍. പക്ഷെ രണ്ടാമത്തെ ബെഡില്‍ അവളുടെ കണ്ണുകള്‍ ഉടക്കി നിന്നു.. അതൊരു സ്ത്രീ ശരീരമായിരുന്നു.. മുക്കാല്‍ ഭാഗത്തോളം മരിച്ച ശരീരം... ആത്മഹത്യാ ശ്രമം ആണെന്ന്  കേസ് ഷീറ്റില്‍ കണ്ടതായി അവള്‍ ഓര്‍ത്തു.. ആത്മഹത്യ ചെയ്യാനുള്ള ധൈര്യം ഇവര്‍ക്ക് എവിടുന്നു കിട്ടിതനിക്കത്‌ ഉണ്ടായിരുന്നേല്‍ ഒന്നുരണ്ടു തവണ ചെയ്യുമായിരുന്നു... അത് ഓര്‍ത്തപ്പോള്‍ അവളുടെ മനസ്സില്‍ ആത്മനിന്ദ നിറഞ്ഞ ഒരു ചിരി വന്നു. 

"മാലാഖ സിസ്റ്റര്‍ ....."

എന്നുള്ള വിളി കേട്ടാണ് അവള്‍ ചിന്തയില്‍ നിന്നും ഉണര്‍ന്നത്... സിസ്റ്റര്‍ റാണി ... അവള്‍ അങ്ങനെയാണ് .. അവള്‍ ഇടുന്ന പേരില്‍ മാത്രമേ എല്ലാരേം വിളിക്കൂ. “എയ്ഞ്ചലി”നെഅവള്‍ “മാലാഖ”യാക്കി. അവള്‍ പറയുന്നത് ഒരു കണക്കില്‍ ശരിയാണ് . 35 വയസ്സായിട്ടും വിവാഹം കഴിച്ചിട്ടില്ല. അല്ലാതെ വേറെ ഒന്നും താന്‍  കാണുന്നില്ല... ഏതു മാലാഖയാണ് വിവാഹിത ആയിട്ടുള്ളത് അതോര്‍ത്തപ്പോള്‍ പിന്നെയും  അവളുടെ മനസ്സില്‍ ചിരി വന്നു... ഒരു വിഷാദ ചിരി.

"നിങ്ങള്‍ക്കറിയോ സിസ്റ്റര്‍? ഈ സ്ത്രീ സ്വന്തം മകനെ കൊന്നിട്ടാണ് ആത്മഹത്യക്ക് ശ്രമിച്ചത്.."

അത് എയ്ഞ്ചേല്‍നു പുതിയ അറിവായിരുന്നു.. Ohh.. ജീസസ് അവള്‍ മനസ്സില്‍ പറഞ്ഞു. സ്ത്രീസഹജമായ ആകാംഷയോടെ അവള്‍ റാണിയുടെ മുഖത്തേക് നോക്കി..

"നാട് വിട്ടു പോയ മകനായിരുന്നത്രേ .. ഈ അടുതെങ്ങാണ്ടാണ്  വന്നത്..   പിന്നെ ഒരു മോളും ഉണ്ടത്രേ .."

"അപ്പൊ ഇവരുടെ ഭര്‍ത്താവ് ?"

"അയ്യാള്‍ ഇവരെ ഉപേക്ഷിച്ചു.. ഇവര് ആള് ശരിയല്ല എന്നാ കേട്ടത്. പോക്ക് കേസ് ആയിരുന്നുത്രെ.... അങ്ങനെ എന്തോ മകന്‍ കണ്ടുന്നോ  ബഹളമായിന്നോ ഒക്കെ കേട്ടു . ഇതെ  എനിക്ക് അറിയാവു ..." ഇത്രയും പറഞ്ഞു അവള്‍ ഒന്ന് അടക്കി ചിരിച്ചു. 

ഇന്ജെക്ഷ്ന്‍  എടുക്കുന്നതിനിടയില്‍ റാണി ഇത്രയും പറഞ്ഞൊപ്പിച്ചു..

"നീ ഇതൊക്കെ എങ്ങനെ അറിഞ്ഞു?

"പുറത്തു നിക്കുന്ന  പോലീസ്കാരന്‍ മേഡത്തിന്റെ പരിചയക്കാരനാ. അദ്ദേഹം മേഡത്തിനോട് പറയുന്നത് കേട്ടത് ആണ്..

ഇത്രയും പറഞ്ഞു റാണി പുറത്തേക് നടന്നു..  എയ്ഞ്ചേല്‍നു  ആ സ്ത്രീയോട് വല്ലാത്ത ദേഷ്യംതോന്നി..സ്വന്തംമകനെ കൊല്ലാന്‍ എങ്ങനെ  മനസ്സ് വന്നു  ഇവര്‍ക്ക് കുറച്ചു നേരം കൂടെ അവരുടെ മുഖത്തേക്ക് നോക്കി നിന്നു എയ്ഞ്ചേല്‍. വഴി വിട്ടു ജീവിക്കുക ... അതറിയുമ്പോള്‍ മകനെ കൊന്നു ആത്മഹത്യക്ക് ശ്രമിക്കുക ...... അവള്‍ക്കു  വല്ലാത്ത വെറുപ്പ്‌  തോന്നി ആ ശരീരത്തോട്ആലോചിക്കുംതോറും ഒരു വല്ലായ്മ അവള്‍ക്കു അനുഭവപ്പെട്ടു. . Ohh.. ജീസസ്... വല്ലാതെ തല വേദനിക്കുന്നതായി എയ്ഞ്ചേല്‍നു  തോന്നി  .... അവള്‍ ICU വിനു പുറത്തേക്കിറങ്ങി ഡോക്ടറുടെ  റൂമിലെത്തി ... പുറത്തേക് പോകുവാനുള്ള അനുവാദം വാങ്ങി .. തിരക്ക് കുറവായത് കൊണ്ടാകും അനുവാദം ലഭിച്ചു .. അവള്‍  കാന്ടീനിലേക്ക് നടന്നു. അപ്പോഴാണ്  ICU ന്റെ മുന്നില്‍ ഇരുന്നു കരയുന്ന ഒരു കൊച്ചു പെണ്‍കുട്ടിയുടെ മുഖം അവളുടെ ശ്രദ്ധയില്‍ പെട്ടത്.. ഒരു നിമിഷം അവള്‍ ഒന്ന്  ആ കുട്ടിയുടെ മുഖത്തേക് നോക്കി നിന്നു. ആ സ്ത്രീയുടെ മകളായിരിക്കും  . അവള്‍ അനുമാനിച്ചു... പെട്ടെന്നൊരു നിമിഷം അവളുടെ മനസ്സ് ആര്‍ദ്രമായി . ഈ കുട്ടി എന്തെങ്കിലും കഴിച്ചുവോആര് അന്വേഷിക്കാന്‍ ?? അവള്‍ ആ കുട്ടിയുടെ അടുത്തേക്ക്  ചെന്നു ...

"മോളുടെ പേരെന്താ?" എയ്ഞ്ചേല്‍ ചോദിച്ചു.

 ആ കുട്ടി മുഖമുയര്‍ത്തി എയ്ഞ്ചേല്‍നെ നോക്കി. പക്ഷെ ഒന്നും സംസാരിച്ചില്ല. പാവം... കരയാന്‍ കൂടെ വയ്യ... അവള്‍ ഓര്‍ത്തു...

"മോള് വല്ലതും കഴിച്ചോവരൂ എന്റെ കൂടെ .. "

 ഒരുപാടു നിര്‍ബന്ധിച്ച് ഒടുവില്‍ അവള്‍ ആ കുട്ടിയെ കാന്ടീനിലേക്ക് കൂട്ടികൊണ്ട് പോയി ഭക്ഷണം വാങ്ങി കൊടുത്തു....  എന്നിട്ടവള്‍ ആ കുട്ടി കഴിക്കുന്നതും നോക്കി ഇരുന്നു... കൊച്ചു കുട്ടികളുടെ മുഖമാണെങ്കിലും പ്രായത്തില്‍ കവിഞ്ഞ ഒരു വളര്‍ച്ച അവള്‍ക്കുണ്ടെന്ന് എയ്ഞ്ചേല്‍നു തോന്നി. Ohh.. ജീസസ് അവള്‍ മനസ്സില്‍ വിളിച്ചു...

"എന്താ മോളുടെ പേര്?"
എയ്ഞ്ചേല്‍ പിന്നെയും ചോദിച്ചുഇത്തവണ അവള്‍ മറുപടി നല്‍കി..

"അച്ചു"
  ഒരുപാടു ചോദ്യങ്ങള്‍ മനസ്സിലോട്ട് വന്നെങ്കിലും അവള്‍ ചോദിച്ചു ..

"മോളുടെ അമ്മക്ക് എന്താ പറ്റിയത് എന്നറിയോ?"..

 അച്ചുവിന്റെ കണ്ണുകള്‍ പെട്ടെന്ന് നിറഞ്ഞു.....

  "ഏട്ടനോ?"

 പെട്ടെന്നാ മുഖം മാറി . ആകെഒരു വെറുപ്പ്‌  ആ മുഖത്ത് പടരുന്നത് എയ്ഞ്ചേല്‍ ശ്രദ്ധിച്ചു. 

"എന്താ മോളെ, മോളുടെ അമ്മക്ക്  സംഭവിച്ചത്?"
 ആകാംഷയോടെ എയ്ഞ്ചേല്‍ ചോദിച്ചു .... തെല്ലു നേരത്തെ നിശബ്ധതക്ക് ശേഷം അച്ചു സംസാരിച്ചു...  

“അച്ഛന്‍ പണ്ടേ ഞങ്ങളെ ഉപേക്ഷിച്ചു പോയതാണ്... പിന്നെ ഞങ്ങളെ വളര്‍ത്തിയത് അമ്മയാണ് ... വീട്ടിലെ ദാരിദ്രം കാരണം ചേട്ടന്‍ സ്കൂളില്‍ ഒന്നും പോകാതെ ജോലിക്ക് പോകാന്‍ തുടങ്ങി. അമ്മക്ക് ഇഷ്ടമല്ലായിരുന്നു അത്.. അമ്മക്ക് ചേട്ടനെ വല്ല്യ ഇഷ്ടമായിരുന്നു... അമ്മ സമ്മതിക്കാതെ ഇരുന്നിട്ടും അവന്‍ അച്ഛന്റെ ഒരു ചങ്ങാതിടെ കൂടെ ജോലിക്ക്  പോകുമായിരുന്നു. അവന്‍ ആദ്യമൊക്കെ എന്നും  വീട്ടില്‍ വരുമെങ്കിലും പിന്നെ വല്ലപ്പോഴുമേ വീട്ടിലേക്ക് വരാറുള്ളൂ... അങ്ങനെ ഒരിക്കല്‍ വീട്ടില്‍ നിന്നും പോയിട്ട് പിന്നെ വന്നില്ല. ഇതൊക്കെ ഞാന്‍ കുഞ്ഞായിരിക്കുമ്പോള്‍ നടന്നതാണ്.”

“മോളോട് ഇതൊക്കെ ആരാ പറഞ്ഞു തന്നത്?” എയ്ഞ്ചേല്‍ പെട്ടെന്ന് ചോദിച്ചു.

“അമ്മ . അമ്മക്ക് ചേട്ടനെ വല്ല്യ ഇഷ്ടമായിരുന്നു. എന്നും ചേട്ടനെ പറ്റി പറഞ്ഞു കരയും..... പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷം ചേട്ടന്‍ തിരിച്ചു വന്നപ്പോഴാണ് അമ്മ ഒന്ന് ചിരിക്കുന്നത്... ജീവിതം പിന്നേം സന്തോഷം നിറയുമെന്നു അമ്മ വിചാരിച്ചു.... പക്ഷെ.....” അവള്‍ ഒന്ന് നിര്‍ത്തി....

“പക്ഷെ” എയ്ഞ്ചേല്‍ ചോദിച്ചു.

പിന്നേം സങ്കടം തന്നെ ആയിരുന്നു ഞങ്ങള്‍ക്ക്.. തിരിച്ചു വന്ന ചേട്ടന് പിന്നെ കൂട്ട് കള്ളും കഞ്ചാവും ഒക്കെ ആയിരുന്നു.ചേട്ടന്‍ വന്നതോടെ അച്ഛന്റെ പഴയ ചങ്ങാതി വീട്ടിലെ സ്ഥിരം വരവുകാരനായി. പിന്നെ അയ്യാളുടെ ഉപദ്രവം കൂടി വന്നു.. ഒരു ദിവസം ഞങ്ങളുടെ മുന്നില്‍ വെച്ച് അയ്യാള്‍ അമ്മയെ ഉപദ്രവിക്കാന്‍ ശ്രമിച്ചു..”

കണ്ണുനീര്‍  അവളെ പറഞ്ഞു പൂര്‍ത്തിയാക്കാന്‍ അനുവദിച്ചില്ല. എയ്ഞ്ചേല്‍നു ഒന്നും മിണ്ടാന്‍ പറ്റുന്നില്ലായിരുന്നു...
“ഒരു വെട്ടുകത്തിയുടെ ധൈര്യത്തില്‍ ഞാനും അമ്മയും എത്രയോ രാത്രികള്‍ വെളുപ്പിച്ചിട്ടുണ്ട്... എന്നെയും കെട്ടിപ്പിടിച്ചു അമ്മ എന്നും കരയും.... എന്നാലും ഒരിക്കലും ചേട്ടനെ വെറുതില്ലായിരുന്നു. സ്വന്തം വിധിയെ ആയിരുന്നു അമ്മ എന്നും കുറ്റപ്പെടുത്തിയിരുന്നത്. പക്ഷെ അന്ന് രാത്രി.....കുടിച്ചു ബോധമില്ലാതെയിരുന്ന അവന്റെ കണ്ണില്‍ സ്വന്തം അനിയത്തിയായ എന്നെ തിരിച്ചറിയാന്‍ പറ്റാതായപ്പോ അമ്മയുടെ എല്ലാ നിയന്ത്രണങ്ങളും നഷ്ടപ്പെട്ടു. കയ്യില്‍ സൂക്ഷിക്കാറുള്ള ...”

“മതി ..............”

ഇരു ചെവികളും പൊത്തി  എയ്ഞ്ചേല്‍ അലറി. അച്ചു ഒരു പകപ്പോടെ എയ്ഞ്ചേല്‍നെ നോക്കി. കൂടുതലായി ഒന്നും പറയേണ്ടി വന്നില്ല അച്ചുവിന്.. കൂടുതല്‍ നേരം അവിടെ ഇരിക്കാന്‍ എയ്ഞ്ചേല്‍നു സാധിച്ചില്ല... വേഗം തന്നെ  കാന്ടീനില്‍ നിന്നും അവള്‍ വേഗം ICU ലേക്ക് ചെന്ന് ആ ബെഡിന്റെ അരികിലെത്തി. ആ സ്ത്രീയുടെ അനക്കമില്ലാത്ത മുഖത്തേക്ക് നോക്കി നിന്നു. അവരോടു എയ്ഞ്ചേല്‍നു വല്ലാത്ത ആദരവ് തോന്നി. സ്വന്തം മകളുടെ മാനത്തിനു മറ്റെന്തിനെക്കള്‍ വില നല്‍കിയ , എല്ലാ കുറ്റങ്ങളും, മകന്റെ ചീത്തപ്പേരും സ്വയം ഏറ്റെടുത്ത, ഇവര്‍ ഒരു മാലാഖയാണെന്ന് എയ്ഞ്ചേല്‍നു തോന്നി.എത്ര തെറ്റായാണ് വാര്‍ത്തകള്‍ പ്രചരിക്കുന്നത്.. കഥാപാത്രങ്ങള്‍ മാത്രമേ മാറുന്നുള്ളൂ എവിടെയും. ആ കുട്ടിക്ക്  സഹോദരനാണെങ്കില്‍ തനിക്ക് കാമുകന്റെ രൂപത്തില്‍ ആയിരുന്നു വിധി . .. ഒന്നും അറിയാതെ, ഒന്നും അന്ന്വേഷിക്കാതെ  ഇവരെ വെറുത്ത തന്നോട് തന്നെ  എയ്ഞ്ചേല്‍നു പുച്ഛം തോന്നി. Ohh.. ജീസസ് ഇവര്‍ക്ക് ആയുസ് കൊടുക്കണേ ... എയ്ഞ്ചേല്‍ന്റെ  മനസ്സില്‍ അറിയാതെ ഒരു പ്രാര്‍ത്ഥന വന്നു.
  

അപ്പോഴാണ് അച്ചുവിന്റെ മുഖം അവളുടെ മനസ്സിലേക്ക് വന്നത്.പിന്നെ റാണി പറഞ്ഞ വാക്കുകളും. പെട്ടെന്ന് മനസ്സില്‍ ഒരു വെള്ളിടി വെട്ടി...നാളെ അച്ചുവിന്റെ ജീവിതം എങ്ങനെയാകും? സമൂഹത്തിന്റെ കണ്ണില്‍ ഈ സ്ത്രീ ഒരു വേശ്യയാണ്.ഇവര്‍ ജീവിച്ചിരുന്നാല്‍ , “വേശ്യ”യുടെ മകളും സദാചാരനായകള്‍ക്ക് മറ്റൊരു “വേശ്യ”യല്ലേ.  അടുത്ത “ഇര”. ആ ഒരു കണ്ണില്‍ അല്ലെ ഇവളെ സമൂഹം കാണുകയുള്ളൂ???. കാമം നിറച്ച കണ്ണുകള്‍ കൊണ്ടും വാക്കുകള്‍ കൊണ്ടും ഇവള്‍ ഈ സമൂഹത്തില്‍ പലതവണ പിച്ചി ചീന്തപ്പെടും.  ഒരിക്കലെങ്കിലും ഒരു നല്ല ജീവിതം അവള്‍ക്കു കിട്ടുമോ? മനസ്സില്‍ ഒരുപാടു ചോദ്യങ്ങള്‍ വന്നു. ഇല്ല .. ഏതെങ്കിലും ഇരുകാലി മൃഗത്തിന്റെ കാമാകെളികള്‍ക്ക് ഇവള്‍ ബലിയാടാകും. Ohh.. ജീസസ്..  തനിക്ക് എന്ത് ചെയ്യാനാകും? എയ്ഞ്ചേല്‍ സ്വയം ചോദിച്ചു. ഒന്നും ചെയ്യാനാവില്ല. ഇവര്‍ ജീവിച്ചിരുന്നാല്‍.??........................... ഇല്ല ഇവര്‍ ജീവിക്കാന്‍ പാടില്ല. മരിക്കാന്‍  സ്വയം പുറപ്പെട്ടവള്‍ അല്ലെ... അത് അനുവദിച്ചു കൊടുക്കണം... ഇല്ലെങ്കില്‍ നാളെ........ ഒരു തവണ കൂടെ രക്ഷിക്കാന്‍ ഈ അമ്മക്ക് സാധിക്കില്ല. ഈ മരണം ഒരു വാര്‍ത്ത ആകില്ല... ഹോസ്പിറ്റലിന്റെ രേപുട്ടെഷ്ന്നെ ഭയന്നു, ഈ നാല് ചുമരുകള്‍ക്കുള്ളില്‍ തന്നെ തീരും. ഒരു കൈയ്യബദ്ധം ആയി തള്ളിക്കളയും...  

പക്ഷെ... അവളുടെ മനസ്സ് ഒന്ന് ഉടക്കി... താന്‍ ഒരു നേഴ്സ് ആണ്... അറിഞ്ഞുകൊണ്ട് ഒരാളെ മരണത്തിലേക്ക് തള്ളി വിടാന്‍ തനിക്ക് സാധിക്കുമോ? അവള്‍ സ്വയം ചോദിച്ചു... ഇല്ല തനിക്കാവില്ല അതിന്. മെഡിക്കല്‍ എത്തിക്സ് ഒരിക്കലും അനുവദിക്കില്ല. അതിനുമപ്പുറം  ഒരു ജീവന്‍ നശിപ്പിക്കുക.ആവില്ല... അവള്‍ ആ ചിന്തയില്‍ നിന്നും പിന്തിരിഞ്ഞു .

 “സിസ്റ്റര്‍ ഇപ്പോഴും ഇവിടെ തന്നെ നിക്കുവാണോ?” ചോദ്യം കേട്ട് എയ്ഞ്ചേല്‍ തിരിഞ്ഞു നോക്കി. റാണി സിസ്റ്റര്‍ ആണ്.. റാണിയുടെ കയ്യിലെ മെഡിസിന്‍ ട്രേയിലേക്ക് എയ്ഞ്ചേല്‍ നോക്കി.... മയക്കം തുടരാനുള്ള ഇന്ജക്ഷ്ന്‍  ആണ്. “midazolem”.  പെട്ടെന്ന് എയ്ഞ്ചേല്‍ പറഞ്ഞു.. “റാണി വാര്‍ഡിലെക്ക് പൊക്കോളൂ. ഇത് ഞാന്‍ ചെയ്തോളാം.”ഒന്ന് ആലോചിച്ചിട്ട് റാണി ട്രേ എയ്ഞ്ചേല്‍നു നല്‍കിയിട്ട് മടങ്ങി. 3 ml midazolem  മരുന്ന് സിറിഞ്ചിലെക്ക് എടുത്തു. ഡോസ് കൂടിയാല്‍ മയക്കം മരണത്തിലെക്കെത്തുന്ന മരുന്ന്. ഹൃദയത്തിന്റെ പ്രവര്‍ത്തനം തന്നെ അവസാനിപ്പിക്കും....  അവളുടെ മനസ്സില്‍ പിന്നെയും ചോദ്യങ്ങള്‍ വന്നു... ഒരിക്കല്‍ കൂടെ മകളുടെ മാനത്തിനു വില പറയേണ്ടി വന്നാല്‍? പരാജയപ്പെട്ടാല്‍ ?? ഇരകളുടെ ലോകത്തേക് ഒരു നിഷ്കളങ്ക കൂടി...താന്‍ ചിന്തിക്കുന്നത് ശരിയാണോ തെറ്റാണോ എന്ന് കൂടെ വേര്‍തിരിക്കാന്‍ സാധിക്കുന്നില്ല..Ohh ജീസസ്...  അവളുടെ മനസ്സ് ആകെ സംഘര്‍ഷഭരിതമായി. ഒരു തീരുമാനം എടുക്കാന്‍ എയ്ഞ്ചേല്‍ ബുദ്ധിമുട്ടി.. അവളുടെ ഹൃദയമിടിപ്പ്‌ വല്ലാതെ കൂടി ...............................................................


ICU വിനു പുറത്തെ ബഞ്ചില്‍ തളര്‍ന്നു ഉറങ്ങുകയായിരുന്നു അച്ചു. എയ്ഞ്ചേല്‍ അവളുടെ അടുത്തേക് ചെന്ന് അവളെ മെല്ലെ വാരിയെടുത്തു നെറുകയില്‍ ഉമ്മ വെച്ചു.  ഉറക്കത്തില്‍ നിന്നും ഉണര്‍ന്നു അവള്‍  നോക്കി...സിസ്റ്റര്‍ എയ്ഞ്ചേല്‍.... അവള്‍ ചോദിച്ചു.

.” സിസ്റ്റര്‍... അമ്മ...????”

അതോടെ അടക്കി വെച്ചതെല്ലാം ഒരു പൊട്ടിക്കരച്ചില്‍ ആയി എയ്ഞ്ചേലില്‍ നിന്നും പുറത്തേക്ക് വന്നു... കണ്ണീരോടെ ആ പെണ്‍കുട്ടിയെ മാറോടു ചേര്‍ത്ത് അവള്‍ പറഞ്ഞു...” മോള്‍ എന്നെ അമ്മയെന്ന് വിളിച്ചോളൂ. ഇനി ഞാന്‍ ആണ് മോളുടെ അമ്മ..” ഒന്നും മനസ്സിലായിലെങ്കിലും അച്ചു ഒന്നും മിണ്ടിയില്ല.... ആ അമ്മയുടെ മാറോടു ചേര്‍ന്ന് നിന്നു ....
---
(E-മഷി ലക്കം 14 ഓണ്‍ലൈന്‍ മാഗസിനില്‍ പ്രസിദ്ധീകരിച്ചത്.)