2014, മാർച്ച് 1, ശനിയാഴ്‌ച

മറവികള്‍

മറക്കാന്‍ ആദ്യം പഠിപ്പിച്ചത് അമ്മയാണ്.
വേദനകളും കരച്ചിലുമെല്ലാം ഒരു താരാട്ടു പാട്ടില്‍
അലിയിച്ചു, ഉറങ്ങാന്‍ പഠിപ്പിച്ച അമ്മ...
മറവിയുടെ ആദ്യപാഠങ്ങള്‍....

മറവിയെ ഏറ്റവും കൂടുതല്‍ ഓര്‍മിപ്പിച്ചത് പുലര്‍കാലങ്ങളാണ് ..
അടുക്കിവെക്കുന്ന പുസ്തകങ്ങള്‍ക്കിടയില്‍ നിന്ന്
ചെയ്യാത്ത ഹോംവര്‍ക്കുകള്‍ നിറഞ്ഞ പുസ്തകം ഇളിച്ചു-
കാണിച്ചെന്റെ മറവിയെ ഓര്‍മിപ്പിക്കുന്നു.

അണലി പോയ പറമ്പിലേക്ക് നോക്കി, പോകാന്‍
മടിച്ചു നില്‍ക്കുമ്പോള്‍, ഈര്‍ക്കിലി കുരുക്കില്‍,
കുടുങ്ങിയ നീര്‍ക്കൊലിയോടു കാണിച്ച “സാഹസികത”
അത് ഞാനങ്ങ്  മറന്നു, മനപ്പൂര്‍വം......

ഏറ്റവും പ്രിയപ്പെട്ട മറവിയെ ചോദിച്ചാല്‍ എന്നും,
ആദ്യം ഓര്‍ക്കുക നിന്റെ മുഖമാണ്... എത്ര മറക്കാന്‍-
നോക്കുന്നുവോ അത്രയും ആഴങ്ങളില്‍ ഓര്‍ക്കുന്ന 
എന്റെ ഏറ്റവും പ്രിയപ്പെട്ട “മറവി”

മനോഹരമായ മറവികളിലോന്നാണ് അരണയുടെത്.
“ഇര”യുടെ ശരീരത്തിലേക്ക് വിഷപ്പല്ലുകള്‍ ആഞ്ഞിറക്കുന്നതിനു-
മുന്പ് ദൈവം സൃഷ്‌ടിച്ച മനോഹരമായ മറവി...
മനുഷ്യനു നല്കാന്‍ മറന്നു പോയൊരു “മറവി”...