2016, ഒക്‌ടോബർ 8, ശനിയാഴ്‌ച

ഓര്‍മപ്പൂക്കളം

രണ്ടു വര്‍ഷത്തെ സൗദി ജീവിതത്തിനു ശേഷം നാട്ടിലേക്ക് തിരിച്ചെത്തിയ ആദ്യ ഓണം. തിരുവോണ ദിവസം....കാലത്തുള്ള അമ്പലത്തില്‍ പോക്കും പത്രം വായനയുമൊക്കെ കഴിഞ്ഞു വീട്ടില്‍ ചുമ്മാ മൊബൈലും കുത്തി, പുറത്തേക്ക് പോകാനായിട്ട് നില്‍ക്കുമ്പോഴാണ് അച്ഛന്‍ പുറത്തു നിന്നും വരുന്നത്... വന്നു കയറിയപ്പോഴേ മനസ്സിലായി.. ആള് നല്ല ഫിറ്റ്‌ ആണ്... സാധാരണ ഇങ്ങനെ പതിവില്ലാത്തത് ആണ്.. അതും കാലത്ത് തന്നെ.. പ്രത്യേകിച്ചു തിരുവോണത്തിന്....
വന്നു കയറിയ ഉടനെ ഞാന്‍ പറഞ്ഞു..

"നല്ലൊരു ദിവസായിട്ട് കാലത്ത് തന്നെ ഫിറ്റ്‌ ആണല്ലോ.."

മറുപടി ആയിട്ട് എന്നെ അടുത്തേക്ക് വിളിക്കുകയാണ്‌  ഉണ്ടായത്..

"നീ ഇങ്ങു വന്നെ.."

ഞാന്‍ ചോദിച്ചു..
"എന്തെ?"

"ഇന്ന് നിന്റെ ഒരു കൂട്ടുകാരനെ ഞാന്‍ ബാറില്‍ വെച്ച് കണ്ടു..."

  പരമാവധി നിസംഗത മുഖത്ത് വരുത്തി ഞാന്‍ ചോദിച്ചു.."ഒഹ്ഹ അതിന്.."

"അവന്‍ കുടിക്കുമെന്നു ഞാന്‍ കരുതിയില്ല.... പക്ഷെ.....അവനെ കുറിച്ച് ഞാന്‍ ഇങ്ങനൊന്നും കരുതിയിരുന്നില്ല.. അവന്‍ എന്നെ കണ്ടില്ല.. പക്ഷെ ഞാന്‍ അവനെ കണ്ടു"

"mm അത് അവന്റെ ഇഷ്ടമല്ലേ... അവന്‍ കഴിക്കട്ടെ..."  ഞാന്‍ സംഭവത്തെ  വളരെ നിസ്സാരവല്‍ക്കരിക്കാന്‍ ശ്രമിച്ചു...

"അവന്‍ കഴിച്ചോട്ടെ.... ഞാന്‍ പറഞ്ഞു വന്നത് നിന്റെ കാര്യമാ"

"ഇതില്‍  ഞാന്‍  എന്ത് ചെയ്യാനാ?" അച്ഛന്‍ പറഞ്ഞു വരുന്നത് എങ്ങോട്ടാണ് എന്ന് മനസ്സിലാവാതെ ഞാന്‍ ചോദിച്ചു.

"നീ ഇതൊന്നും കഴിക്കില്ല എന്നാണ് ഞാന്‍ വിചാരിക്കുന്നത്... എന്ന് നിന്നെ ഇതേപോലെ കാണുന്നോ അന്നേ ഞാന്‍ മാറി വിശ്വസിക്കുള്ളൂ"

ഉള്ളില്‍ വന്ന അങ്കലാപ്പ് പുറത്തു കാണിക്കാതെ, വിഷയം മാറ്റാനായി  ഞാന്‍ മുഖത്തൊരു ചിരി വരുത്തി പറഞ്ഞു..

"ഹി ഹി..  അച്ഛനെ.... നല്ല ഫിറ്റാ... പോയി കെടന്നുറങ്ങാന്‍ നോക്ക്"

അച്ഛന്‍ വിടാന്‍ ഉദ്ധേശമില്ലയിരുന്നു..

"ഞാന്‍ ആടിന് വെള്ളം ഒക്കെ കൊടുത്തിട്ട് ഉറങ്ങിക്കൊളാം നീ ഇത് പറ"...

പിന്നെ അവസാന അടവ് എന്നാ നിലയില്‍ ഞാന്‍ വെറുതെ ദേഷ്യപ്പെട്ടു...

"വെറുതെ നല്ല ദിവസായിട്ട് കുടിച്ചിട്ട് വന്നിട്ട് വെറുതെ അലമ്പ് ആക്കാതെ കെടന്നു ഉറങ്ങു.. ആടിന് അമ്മ കൊടുത്തോളും വെള്ളം... അല്ല പിന്നെ"

ഇതൊക്കെ കേട്ട് നിന്ന അമ്മയോട് ഞാന്‍ പറഞ്ഞു..

"കാലത്ത് തന്നെ ഫിറ്റായ് വന്നിട്ട് വെറുതെ..."

അമ്മ ഒന്നും മിണ്ടാതെ ഒന്ന് ഇരുത്തി മൂളി... അങ്ങനെ ഓരോന്ന് പറഞ്ഞു  അച്ഛന്‍ അവിടെയും ഇരുന്നു.. ഞാന്‍ പതുക്കെ അവിടെ നിന്ന് ഊരിപ്പോരുകയും ചെയ്തു. പിന്നെ സദ്യയുടെ സമയത്ത് മാത്രമാണ് ഞാന്‍ വീട്ടില്‍ പ്രത്യക്ഷപ്പെട്ടത്...
....
....
....
രണ്ടു വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു വീട്ടില്‍ ഓണം കൂടിയിട്ട്..വീട്ടിലെ എന്റെ അവസാനത്തെ ഓണമായിരുന്നു അത്..അടുത്ത ഓണക്കാലം  ആയപ്പോഴേക്കും എല്ലാവരോടും യാത്ര പറഞ്ഞു ഞാന്‍ പ്രവാസത്തിലേക്ക് കുടിയേറി.. ഇപ്പോഴും ഞാന്‍ പ്രവാസത്തിലാണ്.. പക്ഷെ ഈ ഓണത്തിന് ഞങ്ങളെ എല്ലാവരെയും തനിച്ചാക്കി അച്ഛന്‍ യാത്രയായ്..യാത്ര പോലും പറയാതെ...
 അച്ഛനോട് നേരിട്ട് പറഞ്ഞതല്ല എങ്കില്‍ കൂടിയും എന്നെ കുറിച്ച് അച്ഛന്റെ മനസ്സിലുള്ള ഒരു "കള്ളം ഉണ്ട്..... അത് തുറന്നു പറയാനുള്ള ഒരു അവസരം കൂടെ കിട്ടിയില്ല..... പ്രിയപ്പെട്ടവരോട് പറയുന്ന കള്ളങ്ങള്‍ നമ്മള്‍ ഉടനെ തിരുത്തണം... പിന്നീട് സത്യം പറയാന്‍ ഒരു അവസരം കിട്ടിയില്ലെങ്കിലോ...
ഇനിയും ഒരുപാട് ഓണക്കാലങ്ങള്‍ കടന്നു വരും... പക്ഷെ..
അപ്പോഴൊന്നും മുറ്റം ചെത്തിമിനുക്കല്‍ ഒന്നും ഉണ്ടാകില്ല...
അത്തത്തിനു പൂക്കളമിടാന്‍ "മണ്‍തറ" പേരിനു മാത്രമാകും.... "ത്രിക്കാക്കരപ്പ"ന്റെ എണ്ണവും കുറയും...
തുമ്പച്ചെടി പറിക്കാന്‍ ആളില്ലാതാവും,..
കാരണം തിരക്കുകള്‍ ഇല്ലാതിരുന്ന ഒരാള്‍ ആയിരുന്നു...
 വളരെ തിരക്കിട്ട് ഞങ്ങളില്‍ നിന്നും അകന്നു പോയത്..