2017, മാർച്ച് 31, വെള്ളിയാഴ്‌ച

പ്രിയപ്പെട്ട കാതറീന്‍......

പ്രിയപ്പെട്ട കാതറീന്‍......

ഒരുപാട് സമയമെടുത്തു... നിന്നെ മനസ്സില്‍ നിന്നും മായ്ച്ചു കളയുന്നതിനായിട്ട്... ഒടുവില്‍ ഞാന്‍ വിജയിച്ചിരിക്കുന്നു എന്ന് തോന്നുന്നു... ഒറ്റയ്ക്ക് ഇരിക്കുമ്പോള്‍... നടക്കുമ്പോള്‍... ചിന്തിക്കുമ്പോള്‍... സ്വപ്നങ്ങളെ വ്യഖ്യനിക്കുമ്പോള്‍... എപ്പോഴും നിന്നോട് സംസാരിച്ചാണ് ഞാന്‍  തുടങ്ങിയിരുന്നത്.  "പ്രിയപ്പെട്ട കാതറീന്‍ നീ കേള്‍ക്കുന്നുണ്ടോ??" എന്റെ മനസ്സിലെ സംഭാഷണങ്ങളുടെ തുടക്കങ്ങള്‍ എപ്പോഴും നിന്റെ പേരില്‍ തന്നെ ആണ് തുടങ്ങിയിരുന്നത്.  

ഇപ്പോഴാണ് ഞാന്‍ എന്റെ ചുറ്റുപാടുകളെ ശ്രദ്ധിച്ചുതുടങ്ങിയത്... എത്രമാത്രം വര്‍ണാഭമാണ് അവ... പൂക്കളും പുഴകളും പാട്ടുകളും പിന്നെ  സുന്ദരികളായ മറ്റു പെണ്‍കുട്ടികളും... ഒക്കെയും  ഞാന്‍  ശ്രദ്ധിച്ചു തുടങ്ങിയിരിക്കുന്നു  പിന്നെയും...  ഇപ്പോഴാണ് എന്റെ കാഴ്ചകളില്‍... മനസ്സില്‍... അവ എല്ലാം സ്ഥാനം പിടിക്കുന്നത്.. നീ ഇറങ്ങിപ്പോയ  ശൂന്യതയിലാണ് അവര്‍ കൂട് വെച്ചിരിക്കുന്നത്....

ഇനി എന്നെങ്കിലും  നേരിട്ട് കാണുമ്പോള്‍ നിനക്ക് നല്‍കാനായി  ഒരു പുഞ്ചിരി ഞാന്‍ എന്റെ മനസ്സില്‍ സൂക്ഷിച്ചു വെച്ചിട്ടുണ്ട്.... നിന്നോട് പരിഭവങ്ങളില്ലാതെ... ദേഷ്യങ്ങള്‍  ഇല്ലാതെ... പിണക്കങ്ങള്‍ ഇല്ലാതെ  എന്റെ ഹൃദയത്തില്‍ നിന്നും ഒരു പുഞ്ചിരി..... അപ്പോള്‍ കാണാം"

അവസാന വരിയും ഡയറിയില്‍ കുറിച്ച് വെച്ച് പേന അതെ പേജിന്റെ ഉള്ളില്‍ വെച്ച് ഡയറി മടക്കി ആളൊഴിഞ്ഞ റെയില്‍വേ സ്റെഷനിലെ  ബെഞ്ചില്‍ ഉപേക്ഷിച്ചു,  അവന്‍ തിരക്കുകള്‍ ഒന്നുമില്ലാതെ ചാറ്റല്‍ മഴ പെയ്യുന്ന, ഒരിക്കലും കൂട്ടിമുട്ടാത്ത പാളത്തിലൂടെ ഇരുളിലേക്ക് നടന്നകന്നു.....

2017, മാർച്ച് 10, വെള്ളിയാഴ്‌ച

പൂവുകള്‍ക്ക്...

ഇലകള്‍ കൊഴിയുന്ന
മാര്‍ച്ച് മാസങ്ങളില്‍ അന്ന്
വിദ്യാലയങ്ങളില്‍ നിന്നായിരുന്നു
നമ്മള്‍ യാത്ര പറഞ്ഞിറങ്ങിയത്..
പിന്നീട് പരസ്പരം  ജീവിതത്തില്‍ നിന്നും 

മനോഹരമായ ഒരു കവിതയോട്
ഉപമിക്കാന്‍ വയ്യ നിന്നെ...
കവിതകള്‍ നുണകളാണ്..
അടുക്കും ചിട്ടയിലും ഒതുക്കി വെക്കുന്ന
മനോഹരമായ നുണകള്‍...
 
ഒരു പത്തുമണിപ്പൂവിന്റെ
മനോഹാരിതയുണ്ട് നിനക്ക് ഇപ്പോഴും....
ഒരുസായന്തനത്തില്‍ ഒരുവാക്ക് പോലും
പറയാതെ കൊഴിഞ്ഞു പോകും അവര്‍....
നിറമാര്‍ന്ന ഒരു ഓര്‍മ്മ മാത്രം ബാക്കിയാകും..

ഞാന്‍ പിന്നെയും കാണുകയാണ് നിന്നെ....
ആദ്യമായ് കാണുന്ന പോലെ....
പിന്നെയും കണ്ടുകൊണ്ടിരിക്കുന്നു നിന്നെ...
എത്ര കണ്ടാലും മതി വരാത്ത പോലെ...


പൂക്കളുടെ നെടുവീര്‍പ്പിനും നിശബ്ദതക്കും
നിനവിനും കനവിനുമെല്ലാം
എന്തൊരു ഗന്ധമാണ്... അവ
നല്ലൊരു നാളെയുടെ പ്രതീക്ഷയാണ്..


നീ നല്‍കിയ നിമിഷങ്ങളും  ഞാനെടുത്ത
ഓര്‍മകളുമെല്ലാം പെയ്യുന്ന മഴയില്‍
നിന്റെ വേരുകള്‍ക്കൊരു വളമായി മാറിടട്ടെ..
ഒരായിരം പൂക്കളും വിരിഞ്ഞിടട്ടെ...