2017, ഓഗസ്റ്റ് 27, ഞായറാഴ്‌ച

വേപ്പ് മരച്ചോട്ടില്‍...

മിടിക്കുന്ന ഹൃദയത്തോടെ, വിറയ്ക്കുന്ന കൈകളോടെ ഞാന്‍ ആ കസേരയില്‍ ഇരിക്കുകയായിരുന്നു... അടുക്കളയില്‍ നിന്നും സ്പൂണും ഗ്ലാസും ചായയും പഞ്ചസാരയും തമ്മില്‍ കലഹിക്കുന്ന ശബ്ദം എന്റെ ചെവിയിലേക്ക് എത്തുമ്പോള്‍ മുന വെച്ചൊരു ചോദ്യവും കൂടെ എത്തി...

"ഡാ പഞ്ചാര... കൂടുതല്‍ ആണല്ലോ ല്ലേ"..
ചോദ്യത്തിലെ കുസൃതിത്തരം ആദ്യമേ മനസ്സിലാക്കി ഞാനും മറുപടി നല്‍കി....

"ഇച്ചിരി കൂടുതലാ.. അതാ ഇഷ്ടം"....
അകത്തു നിന്നൊരു ചിരിയുടെ അലയൊലികള്‍ കേള്‍ക്കുന്നുണ്ടായിരുന്നു... ചായപ്പാത്രത്തിലെ കലഹമവസാനിച്ച ശേഷം പലഹാരപ്പോതികളിലെ പ്ലാസ്റ്റിക്‌ കവറുകള്‍ ദീനമായി കരയുന്ന ശബ്ദം ഉയര്‍ന്നു തുടങ്ങി... കവറുകളുടെ നിലവിളി നിലച്ച നേരം ഞാന്‍ പ്രതീക്ഷയോടെ അടുക്കള വാതിലിലേക്ക് നോക്കി...പ്രതീക്ഷിച്ച പോലെ ചായയും പലഹാരവുമായി അവളെത്തി..."ഇത് മുഴുവന്‍ കഴിച്ചു തീര്‍ത്തിട്ട് എണീറ്റാല്‍ മതി" എന്നുള്ള അവളുടെ സ്നേഹശാസനക്ക് "ഇത് കഴിച്ചു തീരും വരെ ഞാന്‍ ഈ വീട്ടില്‍ ചിലവഴിച്ചോട്ടെ" എന്നുള്ള എന്റെ മറുചോദ്യത്തെ ഒരു പുഞ്ചിരിയില്‍ ഞാന്‍ ഒതുക്കി....

അത്ഭുതത്തോടെ ഞാന്‍ അവളുടെ മുഖത്തേക്ക് നോക്കിയിരുന്നു. അവളെ ആദ്യമായി കാണുകയെന്ന പോലെ... അച്ഛന്റെ ചോദ്യങ്ങള്‍ക്ക് എന്തൊക്കെയോ ഉത്തരങ്ങള്‍ ഞാന്‍ നല്കിക്കൊണ്ടെയിരുന്നെങ്കിലും കണ്ണുകള്‍ കൊണ്ട് ഞാന്‍ അവളോട്‌ സംസാരിക്കുകയായിരുന്നു അപ്പോള്‍. കണ്ണിമ പോലും ചിമ്മാതെ.... പുറത്ത് മഴയുടെ തുടക്കമായിരുന്നു. മൂടിക്കെട്ടിയ കാലവര്‍ഷം ആഞ്ഞു പെയ്യണമോ എന്നുള്ള ശങ്കയില്‍ ആകാശത്താകെ ഇരുണ്ടു കെട്ടി നിന്നു... ജീവിതത്തില്‍ ആദ്യമായി ഒരു കൊടും മഴ പെയ്തു, പുറത്തിറങ്ങാന്‍ പോലും വയ്യാതെ  ഇരിക്കുന്നിടത്ത് തന്നെ  പോസ്റ്റ്‌ ആയിരുന്നെങ്കില്‍ എന്ന് ഞാന്‍ മനസ്സ് കൊണ്ട് പ്രാര്‍ഥിച്ചു.. ആ നിമിഷങ്ങളെ നഷ്ടപ്പെടുത്തുവാന്‍ താല്‍പ്പര്യമില്ലതവനെ പോലെ....  ജനാലയിലൂടെ പുറത്തേക് നോക്കി ആരോടെന്നില്ലാതെ ഞാന്‍ പറഞ്ഞു..

"മഴ പെയ്തു തുടങ്ങുന്നു എടൊ"..

തുറന്നിട്ട വാതിലിലൂടെ മഴയിലേക്ക് നോക്കി നിന്നവള്‍ മെല്ലെ പ്രതികരിച്ചു...

"പെയ്യട്ടെ..... "

ഉമ്മറത്തേക്ക് വീശിയടിക്കുന്ന കാറ്റില്‍ നനഞ്ഞ നിലത്തില്‍ ചവിട്ടി അവള്‍ നില്‍ക്കുമ്പോള്‍ സ്വര്‍ണ കൊലുസ്സുകള്‍ അവളുടെ കാലുകളോടു ചേര്‍ന്ന് ചുറ്റിപ്പിണഞ്ഞു കിടന്നു....

മഴ ഒന്ന് തോര്‍ന്ന നേരമായിരുന്നു അവള്‍ ചോദിച്ചത്..

"നിനക്ക് വേപ്പില വേണമോ? അപ്പുറത്ത് ഒരു വെപ്പുമരം നില്‍പ്പുണ്ട്.... ഞാന്‍ അല്പം ഒടിക്കാന്‍ പോവുകയാ... നിനക്ക് വേണോ?

അവളുടെ ചോദ്യം കേട്ട് ഞാന്‍ ഒന്ന്‍ അമ്പരന്നു... ഈ വേപ്പില കൊണ്ട് ഞാന്‍ എന്ത് ചെയ്യാനാ?? അവളുടെ കൂടെ പോകണമോ? മനസ്സില്‍ ഒരായിരം ചോദ്യങ്ങള്‍ പൊങ്ങി വന്നു തുടങ്ങി...

"എനിക്ക് വേപ്പില എന്തിനാ??? എനിക്ക് വേണ്ട.. നിനക്ക് വേണമെങ്കില്‍ ഞാന്‍ ഒടിച്ചു തരാം"...
ഞാന്‍ അവളുടെ മുന്നില്‍ സഹായഹസ്തവുമായ് നില്‍ക്കുന്ന ധീരനായ കാമുകനാവാന്‍ ശ്രമിച്ചു....  പൊടിഞ്ഞു നില്‍ക്കുന്ന മഴയിലേക്ക് ഒരു കുടയുമായി അവള്‍ ആദ്യമിറങ്ങി... പിറകിലായി ഞാനും..... മഴ നനയാതെ അച്ഛന്‍  അകത്തേക്കും .. നനയാതിരിക്കാന്‍ കുട എനിക്ക് നേരെ നീട്ടിയവള്‍ പെയ്യുന്ന പൊടിമഴയിലെക്കവളിറങ്ങി. കുട അവളില്‍ നിന്ന് വാങ്ങുമ്പോള്‍ അറിയാതെ എന്ന വണ്ണം അവളുടെ വിരല്‍തുമ്പുകളില്‍ ഞാന്‍ സ്പര്‍ശിച്ചു..."ജീവിതത്തിലെ ആദ്യസ്പര്‍ശനം.."

മഴ നനഞ്ഞവള്‍ ആദ്യം വെപ്പുമരച്ചോട്ടിലെത്തി.. പിറകിലായി ഞാനും... അവളെ നനയ്ക്കുന്ന മഴയോടെനിക്ക് കുശുംബ് തോന്നി... അവളോടൊരു അനുവാദം പോലും വാങ്ങാതെ  ഒരു മഴയും അങ്ങനെ അവളെ നനയ്ക്കണ്ട. മഴ പോലും അങ്ങനെ അവളെ സ്പര്‍ശിക്കണ്ട .. ഒരു കുസൃതിയോടെ അവളുടെ അരികിലേക്ക് നീങ്ങി നിന്ന് ഒരു കുടയുടെ സുരക്ഷിതതിലെക്ക് അവളെയും ചേര്‍ത്ത് നിര്‍ത്തി... ഒരു കുടക്കീഴില്‍, പെയ്യുന്ന മഴയില്‍.... ആ വെപ്പു മരത്തിനെ നോക്കി നില്‍ക്കുമ്പോള്‍ ആരോടെന്നില്ലാതെ പോലെ ഞാന്‍ പറഞ്ഞു... "ഒരു കുടക്കീഴില്‍..അല്ലെ" മൌനം നിറഞ്ഞൊരു പുഞ്ചിരിയായിരുന്നു അവളുടെ മറുപടി.. ഇന്നോളം നനഞ്ഞതില്‍ വെച്ച് ഏറ്റവും മനോഹരമായ മഴയായിരുന്നു അത്...

"ഇത്ര ഉയരത്തിലുള്ള ഈ ഇലകള്‍ എങ്ങനെ ഓടിക്കുമെടാ?" എന്നുള്ള അവളുടെ സംശയത്തിന് മുന്നില്‍ ധീരനായ കാമുകനാവനുള്ള ശ്രമം പിന്നെയും തുടര്‍ന്നു.. കുട അവളെ ഏല്‍പ്പിച്ചു ഞാന്‍ ഒരു പരീക്ഷണത്തിന്‌ തയ്യാറായി. മരത്തിലേക്കുള്ള ആദ്യ പടിയായി തൊട്ടു അരികില്‍ നില്ക്കുന്ന ചെറിയ മതിലിലേക്ക് കാലെടുത്തു വെച്ച് മരത്തില്‍ ഒന്ന് പിടിച്ചു.. പെയ്യാന്‍ കാത്തിരുന്നെന്ന പോലെ മരം പെയ്തു... അപ്രതീക്ഷിതമായ ആ മഴയില്‍ ഞാനാകെ കുളിരണിഞ്ഞു അവളെ നോക്കുമ്പോള്‍ എന്നെയും കളിയാക്കി ചിരിച്ചു കൊണ്ടവള്‍ നില്‍ക്കുന്നു... മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്നൊരു ചിരി...

പ്രതീക്ഷിച്ചതിലും ഉയരത്തിലായിരുന്നു ഇലകള്‍.. കൈകള്‍ നീട്ടിയിട്ടും എത്താതെയിരുന്നപ്പോള്‍ ഒരു പരാജയം ഞാന്‍ മുന്നില്‍ കണ്ടു... തീവ്രാനുരാഗനിമിഷങ്ങളിലെ ചെറിയ പരാജയങ്ങള്‍ പോലും ആരാണ് സഹിക്കുക... ദയനീയമായി ഞാന്‍ അവളെ ഒന്നുകൂടെ നോക്കി..   ഏതു പ്രശ്നങ്ങള്‍ക്കും പ്രതിവിധി നല്‍കുന്നവള്‍ ഇപ്പോഴും എന്റെ രക്ഷക്കെത്തി..

"നിന്റെ കൈ എത്തില്ല ഡാ... നീ താഴെ ഇറങ്ങ്... ഞാന്‍ ഒരു തോട്ടി ഉണ്ടാക്കാം.."

ഒരു പരാജിതനായി താഴെ ഇറങ്ങിയെങ്കിലും കീഴടങ്ങാന്‍ ഞാന്‍ ഒരുക്കമല്ലായിരുന്നു.. തോട്ടി കെട്ടലില്‍ ഞാന്‍ എന്റെ വൈദഗ്ധ്യം മുഴുവന്‍ അവളെ അറിയിക്കാനൊരു ശ്രമം നടത്തി... എങ്ങു നിന്നോ ഒരു മരച്ചില്ല അവള്‍ കൊണ്ട് വന്നിരുന്നു.. കെട്ടാനായി ഒരു തുണിയും. ചില്ല വാങ്ങുന്നതിനിടയില്‍ അവളറിയാതെ പിന്നെയും അവളുടെ വിരല്‍ തുമ്പില്‍ ഞാന്‍ സ്പര്‍ശിച്ചു...  അനുവാദം വാങ്ങാതെ മഴയ്ക്ക് നനയ്ക്കാമെങ്കില്‍ പിന്നെ ഞാന്‍ എന്തിനു മടിക്കണം?.. മരച്ചില്ലയില്‍ തുണി ഉപയോഗിച്ച്കെട്ടുന്നതിനിടയില്‍ ഞാന്‍ ഒന്നവളെ പാളി നോക്കി...ഒരു കുസൃതി നിറഞ്ഞ നോട്ടത്തോടെ എന്നെ നോക്കിക്കൊണ്ടിരിക്കുകയായിരുന്നോ അവള്‍? ഞാന്‍ നോക്കിയപ്പോള്‍ തിരിച്ചതാണോ മുഖം?.... എനിക്ക്സംശയംതോന്നി.. കണ്ണുകളില്‍ നിറഞ്ഞു നില്‍ക്കുന്ന പുഞ്ചിരിയെ ചുണ്ടുകള്‍ ഭദ്രമായി ഒളിപ്പിച്ചു വെച്ചിരിക്കുന്നു.

 തോട്ടിയുമായി പിന്നെയും മതിലിനു മുകളിലേക്ക് വലിഞ്ഞു കയറി. ഓരോ ഇലയനക്കത്തിലും മരം പെയ്തു കൊണ്ടേയിരുന്നു...ഒരു കൊമ്പില്‍ പതുക്കെ പിടിച്ചു ചെരിച്ചപ്പോള്‍ അവള്‍ പറഞ്ഞു..

"ആ കൊമ്പ് നീ ഒടിച്ചോ.. കുഴപ്പമില്ലാ"

"വേണ്ട.. കൊമ്പ് ഒടിഞ്ഞാല്‍ അത് മരത്തിനു കുഴപ്പമാണ്" എന്നുള്ള എന്റെ അറിവ് പ്രദര്‍ശിപ്പിച്ചു, ബുദ്ധിജീവി കളിക്കാനുള്ള എന്റെ ശ്രമങ്ങളെ, ആ കൊമ്പ് ഒടിഞ്ഞു തന്നു വേപ്പുമരവും എന്നെ കളിയാക്കി...

"പറഞ്ഞു തീര്‍ന്നില്ല.. അതിനു മുമ്പേ കൊമ്പോടിച്ചല്ലോ നീ"
അവള്‍ പിന്നെയും കളിയാക്കാന്‍ തുടങ്ങി.. മറുപടിയൊന്നും പറയാതെ ഒരു കള്ളചിരിയില്‍ എന്റെ മറുപടികള്‍ ഒതുക്കി...

"നീ ഒന്ന് ഇങ്ങ് വന്നെ"
 മതിലില്‍ നിന്ന് കൊണ്ട് ഞാന്‍ അവളെ അടുത്തേക്ക് വിളിച്ചു... മരത്തിന്റെ ചോട്ടിലേക്ക് അവള്‍ ഒന്ന് അടുത്ത നിമിഷം മരം പെയ്യിച്ചു അവളെ ഞാന്‍ നനയ്ക്കാന്‍ ശ്രമിച്ചു.. പെട്ടെന്ന് കുട ചൂടി അവള്‍ കണ്ണുകള്‍ കൊണ്ടെന്നെ ഗോഷ്ടി കാണിച്ചു പൊട്ടിച്ചിരിച്ചു... മുത്തുകള്‍ കൊഴിയുന്ന പോലെകുഞ്ഞരിപ്പല്ലുകള്‍ പുറത്തു കാണിച്ചു മനോഹരമായ ചിരിച്ച് അവളും മഴയില്‍ നനഞ്ഞ് ഞാനും.... നിമിഷങ്ങളെ നിങ്ങള്‍ ഒരിക്കലും കടന്നു പോകാതെ അങ്ങനെ നിന്ന് പോയിരുന്നെങ്കില്‍...

താഴെ ഇറങ്ങി ഇലകള്‍ ഓടിക്കുമ്പോഴായിരുന്നു തലേ ദിവസത്തെ പിണക്കത്തെ കുറിച്ച് ഞാന്‍ സൂചിപ്പിച്ചത്... അതുവരെ ചിരി തൂകി നിന്ന മുഖത്തില്‍ പെയ്യാനുള്ള കാര്‍മേഘങ്ങള്‍ മുഴുവനും  നിറഞ്ഞു... കൂടുതല്‍ പറഞ്ഞു സങ്കടപ്പെടുത്തണ്ട എന്ന് കരുതി ഞാനും മൌനം ഭാവിച്ചു.. ഒരു സോറി പറച്ചിലിനെക്കാള്‍ സംഭവിച്ചത് എന്താണെന്ന് പറയാനായിരുന്നു ഞാന്‍ കരുതിയത്.. പക്ഷെ ഒരു പിണക്കം അവള്‍ക്ക് ഉണ്ടായിരുന്നെങ്കില്‍ ഇന്നത്തെ കണ്ടുമുട്ടല്‍ ഒരിക്കലും സംഭവിക്കില്ലായിരുന്നല്ലോ. അതിനെ കുറിച്ച് കൂടുതല്‍ വിശദീകരണങ്ങള്‍ ഒന്നും വേണ്ടിയിരുന്നില്ല കാരണം  പിണക്കങ്ങളും പരിഭവങ്ങളുമെല്ലാം എപ്പോഴേ ആ മഴയില്‍ പെയ്തോലിച്ചു പോയിരുന്നു..

ഇലകളും കൊണ്ട് ഞങ്ങള്‍ അകത്തെത്തി... അതുവരെ ഇല്ലാതിരുന്ന ഒരു അധികാരത്തോടെ ഞാന്‍ അവളോട്‌ ചോദിച്ചു..
"ഡി ഒരു തോര്‍ത്ത്‌ താ... ഞാന്‍ തല ഒന്ന് തുടക്കട്ടെ".. തല തുടച്ചു കഴിഞ്ഞപ്പോഴേക്കും തിരിച്ചു പോകാനുള്ള സമയം ആയിക്കഴിഞ്ഞിരുന്നു...

"ഞാനും ടൌണിലേക്ക് വരുന്നുണ്ട്... നമ്മുക്ക് ഒരുമിച്ച് പോകാം ബസ്‌ സ്റ്റോപ്പ്‌ വരെ ഞാനുമുണ്ട്.."
 "വേണമെങ്കില്‍ ഞാന്‍ നിന്നെടൌണില്‍ കൊണ്ടാക്കാം.. ബൈക്ക് ഉണ്ടല്ലോ"..ഞാന്‍ ഒരു കുസൃതിചോദ്യം എറിഞ്ഞു നോക്കി..
"അയ്യട മോനെ... ഞാന്‍ ബസ്സില്‍ പൊക്കോളാം"... ഒരു ചിരിയോടെ എന്റെ ചോദ്യത്തെ അവള്‍ മുളയിലെ നുള്ളിക്കളഞ്ഞു... വീട്ടില്‍ നിന്നും ഞങ്ങള്‍ ഒരുമിച്ചു പുറത്തേക് ഇറങ്ങി, അവള്‍ മഴ തോര്‍ന്ന വീഥിയിലൂടെ നടന്നു... അവളുടെ അരികിലായി ബൈക്കില്‍ ഞാനും പതുക്കെ നീങ്ങി... ആദ്യമായിട്ടായിരുന്നു ജീവിതത്തില്‍ ബൈക്ക് ഒരു അധികപ്പറ്റായി തോന്നിയത്.. അത് ഇല്ലായിരുന്നെങ്കില്‍ ആ പൊടിമഴയില്‍... അവളുടെ കുടക്കീഴില്‍... അവളോട്‌ ചേര്‍ന്ന് എനിക്കും നടക്കാമായിരുന്നു... അവളോട്‌ സംസാരിക്കുമ്പോഴും എന്റെ മനസ്സില്‍ അതായിരുന്നു ചിന്ത..

എത്ര സംസാരിച്ചിട്ടും അവളോട്‌ വിശേഷങ്ങള്‍  തീരുന്നില്ലായിരുന്നു.. ഭൂമിയിലെ സ്വര്‍ഗത്തിലായിരുന്നു ഞാന്‍ ആ നിമിഷങ്ങളില്‍.... ആ സ്വര്‍ഗത്തിലെ കട്ടുറുമ്പ് ആയി ഒരു പരിചയക്കാരി ചേച്ചി അവിടെ ബസ്‌ സ്റ്റോപ്പില്‍ നില്‍ക്കുന്നുണ്ടായിരുന്നു... അരമണിക്കൂറോളം ബസ് സ്റ്റോപ്പില്‍ നിന്ന് സംസാരിച്ചപ്പോഴും എന്റെ ബൈക്കിലെ മിററില്‍ അവളുടെ മുഖം തെളിഞ്ഞു കാണാമായിരുന്നു... ഞാന്‍ അറിയുന്നില്ല എന്ന് കരുതി എന്നെ നോക്കുന്ന അവളുടെ മുഖത്തെ മിറര്‍ എനിക്ക് സമ്മാനിച്ച്‌ കൊണ്ടേയിരുന്നു...

 യാത്ര പറഞ്ഞു ഞാന്‍ നീങ്ങിക്കഴിഞ്ഞപ്പോഴാണ്  ഞാന്‍ സ്വര്‍ഗ്ഗലോകത്തില്‍ നിന്നും ഭൂമിയിലേക്ക് ഇറങ്ങി വന്നത്.. എന്തൊരു നഷ്ടബോധമായിരുന്നു അത്... ഹൃദയത്തില്‍ നിന്നും പ്രിയപ്പെട്ടതെന്തോ പറിഞ്ഞു പോകുന്ന അവസ്ഥ.....  അത്രയും നേരം സംസാരിച്ചിട്ടും മതി വരാത്ത പോലെ...  അവളോട്‌ ഒന്നും സംസാരിക്കണം എന്ന് തോന്നി എനിക്ക്..ഉടന്‍ തന്നെ അവളെ ഫോണില്‍ വിളിച്ചു...
"നീ അപ്പോഴെങ്ങും പോകാതിരുന്നെങ്കില്‍ എന്ന് ഞാന്‍ പ്രാര്തിക്കുകയായിരുന്നു.... പക്ഷെ നീ പോയി..." ഒരു കുഞ്ഞു പരിഭവത്തോടെ അവള്‍ പറഞ്ഞപ്പോള്‍ തിരികെ പോരാന്‍ തോന്നിയ  നിമിഷത്തെ ഞാന്‍ ശപിച്ചു... ബസ്‌ സ്റ്റോപ്പ്‌... അങ്ങോട്ടും ഇങ്ങോട്ടും പോകുന്ന പരിചയക്കാര്‍... ഇതൊക്കെ ആയിരുന്നു എന്നെ അപ്പോള്‍ തിരിച്ചു പോകാന്‍ പ്രേരിപ്പിച്ച കാര്യങ്ങള്‍... പക്ഷെ എന്റെ സാന്നിധ്യം അവളും ആഗ്രഹിച്ചു നിന്ന നേരം എന്തിനു ഞാന്‍ ഉള്‍വലിഞ്ഞു... ജീവിതം അങ്ങനെ ആണ്... ഒരിക്കലും പ്രതീക്ഷിക്കാത്ത നിമിഷങ്ങളെ നമ്മുക്ക് വേണ്ടി ഒരുക്കി വെക്കും...  ഒടുവില്‍ എല്ലാം കാണിച്ചു കൊതിപ്പിച്ചു, നമ്മുക്ക് നല്‍ക്കാതെ തിരികെ കൊണ്ട് പോകും... അത്തരമൊരു കനവായിരുന്നു നീയും.... വര്‍ഷങ്ങളോളം അരികില്‍ ഉണ്ടായിരുന്നിട്ടും അറിയാതെ പോയൊരു കനവ്...

2017, മാർച്ച് 31, വെള്ളിയാഴ്‌ച

പ്രിയപ്പെട്ട കാതറീന്‍......

പ്രിയപ്പെട്ട കാതറീന്‍......

ഒരുപാട് സമയമെടുത്തു... നിന്നെ മനസ്സില്‍ നിന്നും മായ്ച്ചു കളയുന്നതിനായിട്ട്... ഒടുവില്‍ ഞാന്‍ വിജയിച്ചിരിക്കുന്നു എന്ന് തോന്നുന്നു... ഒറ്റയ്ക്ക് ഇരിക്കുമ്പോള്‍... നടക്കുമ്പോള്‍... ചിന്തിക്കുമ്പോള്‍... സ്വപ്നങ്ങളെ വ്യഖ്യനിക്കുമ്പോള്‍... എപ്പോഴും നിന്നോട് സംസാരിച്ചാണ് ഞാന്‍  തുടങ്ങിയിരുന്നത്.  "പ്രിയപ്പെട്ട കാതറീന്‍ നീ കേള്‍ക്കുന്നുണ്ടോ??" എന്റെ മനസ്സിലെ സംഭാഷണങ്ങളുടെ തുടക്കങ്ങള്‍ എപ്പോഴും നിന്റെ പേരില്‍ തന്നെ ആണ് തുടങ്ങിയിരുന്നത്.  

ഇപ്പോഴാണ് ഞാന്‍ എന്റെ ചുറ്റുപാടുകളെ ശ്രദ്ധിച്ചുതുടങ്ങിയത്... എത്രമാത്രം വര്‍ണാഭമാണ് അവ... പൂക്കളും പുഴകളും പാട്ടുകളും പിന്നെ  സുന്ദരികളായ മറ്റു പെണ്‍കുട്ടികളും... ഒക്കെയും  ഞാന്‍  ശ്രദ്ധിച്ചു തുടങ്ങിയിരിക്കുന്നു  പിന്നെയും...  ഇപ്പോഴാണ് എന്റെ കാഴ്ചകളില്‍... മനസ്സില്‍... അവ എല്ലാം സ്ഥാനം പിടിക്കുന്നത്.. നീ ഇറങ്ങിപ്പോയ  ശൂന്യതയിലാണ് അവര്‍ കൂട് വെച്ചിരിക്കുന്നത്....

ഇനി എന്നെങ്കിലും  നേരിട്ട് കാണുമ്പോള്‍ നിനക്ക് നല്‍കാനായി  ഒരു പുഞ്ചിരി ഞാന്‍ എന്റെ മനസ്സില്‍ സൂക്ഷിച്ചു വെച്ചിട്ടുണ്ട്.... നിന്നോട് പരിഭവങ്ങളില്ലാതെ... ദേഷ്യങ്ങള്‍  ഇല്ലാതെ... പിണക്കങ്ങള്‍ ഇല്ലാതെ  എന്റെ ഹൃദയത്തില്‍ നിന്നും ഒരു പുഞ്ചിരി..... അപ്പോള്‍ കാണാം"

അവസാന വരിയും ഡയറിയില്‍ കുറിച്ച് വെച്ച് പേന അതെ പേജിന്റെ ഉള്ളില്‍ വെച്ച് ഡയറി മടക്കി ആളൊഴിഞ്ഞ റെയില്‍വേ സ്റെഷനിലെ  ബെഞ്ചില്‍ ഉപേക്ഷിച്ചു,  അവന്‍ തിരക്കുകള്‍ ഒന്നുമില്ലാതെ ചാറ്റല്‍ മഴ പെയ്യുന്ന, ഒരിക്കലും കൂട്ടിമുട്ടാത്ത പാളത്തിലൂടെ ഇരുളിലേക്ക് നടന്നകന്നു.....

2017, മാർച്ച് 10, വെള്ളിയാഴ്‌ച

പൂവുകള്‍ക്ക്...

ഇലകള്‍ കൊഴിയുന്ന
മാര്‍ച്ച് മാസങ്ങളില്‍ അന്ന്
വിദ്യാലയങ്ങളില്‍ നിന്നായിരുന്നു
നമ്മള്‍ യാത്ര പറഞ്ഞിറങ്ങിയത്..
പിന്നീട് പരസ്പരം  ജീവിതത്തില്‍ നിന്നും 

മനോഹരമായ ഒരു കവിതയോട്
ഉപമിക്കാന്‍ വയ്യ നിന്നെ...
കവിതകള്‍ നുണകളാണ്..
അടുക്കും ചിട്ടയിലും ഒതുക്കി വെക്കുന്ന
മനോഹരമായ നുണകള്‍...
 
ഒരു പത്തുമണിപ്പൂവിന്റെ
മനോഹാരിതയുണ്ട് നിനക്ക് ഇപ്പോഴും....
ഒരുസായന്തനത്തില്‍ ഒരുവാക്ക് പോലും
പറയാതെ കൊഴിഞ്ഞു പോകും അവര്‍....
നിറമാര്‍ന്ന ഒരു ഓര്‍മ്മ മാത്രം ബാക്കിയാകും..

ഞാന്‍ പിന്നെയും കാണുകയാണ് നിന്നെ....
ആദ്യമായ് കാണുന്ന പോലെ....
പിന്നെയും കണ്ടുകൊണ്ടിരിക്കുന്നു നിന്നെ...
എത്ര കണ്ടാലും മതി വരാത്ത പോലെ...


പൂക്കളുടെ നെടുവീര്‍പ്പിനും നിശബ്ദതക്കും
നിനവിനും കനവിനുമെല്ലാം
എന്തൊരു ഗന്ധമാണ്... അവ
നല്ലൊരു നാളെയുടെ പ്രതീക്ഷയാണ്..


നീ നല്‍കിയ നിമിഷങ്ങളും  ഞാനെടുത്ത
ഓര്‍മകളുമെല്ലാം പെയ്യുന്ന മഴയില്‍
നിന്റെ വേരുകള്‍ക്കൊരു വളമായി മാറിടട്ടെ..
ഒരായിരം പൂക്കളും വിരിഞ്ഞിടട്ടെ...

2017, ഫെബ്രുവരി 24, വെള്ളിയാഴ്‌ച

തിരക്കുകളെ കുറിച്ച്....

കാലം തെറ്റി, ദിക്ക് -
തെറ്റി, പെയ്യുന്ന മഴ
 പോലെ ആയിരുന്നു
നിന്റെ വാക്കുകള്‍..

ആകാശസീമകളില്‍നിന്ന്
ആഴക്കടലിലെക്കെന്ന പോലെ
 നിലയില്ലാതങ്ങനെ ഞാനും...

നിന്‍ കൈകോര്‍ത്തു,
ഈ മണ്ണിലൂടെ നടക്കാന്‍,
ഇനിയെത്ര ജന്മം നാം
മരിച്ചു ജനിക്കണം?

"ഒക്കെയും മറന്നതല്ലേ.. പിന്നെയും??"
കെറുവിച്ചു കൊണ്ടോരിക്കല്‍
നീ ചോദിച്ചു.....

മരുഭൂമിയില്‍ ഇപ്പോള്‍
മഴക്കാലമാണ് പെണ്ണെ....
ഓര്‍മകളുടെ പെയ്താണ് ..


എഴുതിത്തുടങ്ങാത്തൊരു,
കഥയാണ്‌ നമ്മള്‍...
ചുവപ്പ് മഷി കലങ്ങി-
പടര്‍ന്നൊരു ചെറുകഥ..

തനിച്ചിരിക്കുമ്പോഴോന്നു,
സ്വയം ചോദിച്ചു നോക്കണം...
ദിശ മാറിയോഴുകിയത്
ആര്‍ക്കു വേണ്ടിയെന്ന്....

മറന്നു തുടങ്ങിയെന്നു
കള്ളം പറയണം...
മുഖത്തൊരു കള്ളച്ചിരി
ചേര്‍ത്തു വെക്കണം...

അറിയാതെ പോയൊരു
മഴക്കാലത്തിന്നോര്‍മയ്ക്ക്...
ഇല്ലാത്ത തിരക്കുകളെ,
ഊതി വീര്‍പ്പിക്കാം നമുക്ക് ഇനി..

2017, ഫെബ്രുവരി 18, ശനിയാഴ്‌ച

നമ്മൾ എന്താണ് ഇങ്ങനെ...


എന്തും തുറന്നു പറയാൻ അനുവാദമുണ്ടായിരുന്നിട്ടും നിന്നെ ഞാൻ സ്നേഹിക്കുന്നു എന്ന് പറയാൻ മാത്രം ഞാൻ മറന്നതെന്താകും....

ഒറ്റക്കിരുന്നപ്പോഴൊക്കെ കൂട്ടിരുന്നെങ്കിലും...
ജീവിതം മുഴുവനും കൂട്ടിരിക്കട്ടെ എന്ന് ചോദിക്കാതിരുന്നതെന്താകും...

പൂർവജന്മങ്ങളിൽ എപ്പോഴോ കണ്ടു മുട്ടിയിരുന്നിരിക്കണം നമ്മൾ..
ഓർമകളുടെ ഒരംശം എവിടെയോ ബാക്കി വെച്ചിരുന്നിരിക്കണം..

പിന്നെയും പിന്നെയും പിന്നെയും ഒറ്റ വാക്കിൽ
 ജീവിതത്തെ നമ്മൾ തളച്ചിടുന്നു..... വിധി.....