2021, ജൂൺ 12, ശനിയാഴ്‌ച

The Club House

 അനുരാഗ ലോല രാത്രി...

വരവായി നീല രാത്രി..

നിനവിൻ മരന്ദചഷകം... 

നിനവിൻ മരന്ദചഷകം... 

നെഞ്ചിൽ പതിഞ്ഞ രാത്രി"... 


 ആ മനോഹരമായ ഗാനം ദേവ് പാടിയവസാനിപ്പിച്ചപ്പോഴേക്കും ക്ലബ്‌ ഹൗസിലെ  സുഹൃത്തുക്കൾക്കിടയിൽ നിന്നും അഭിനന്ദനങ്ങളുയർന്നു...  ഓരോ ദിവസങ്ങളുടെയും ജോലിതിരക്കുകൾക്ക് ശേഷം വൈകുന്നേരങ്ങളിൽ ഓൺലൈനിന്റെ മായികലോകത്തു  ഒത്തുചേരുന്ന സുഹൃത്ത്‌ സദസ്സുകളിൽ  ഒരു ഗായകന്റെ വില പറഞ്ഞറിയുന്നതിലും അപ്പുറമായിരുന്നു.. ഒരു നേരംപോക്ക് എന്നതിലുപരി തനിച്ചായിപ്പോയ സ്വന്തം ലോകത്തിൽ അയ്യാൾക്ക് ലഭിച്ച ചുരുക്കം ചില സുഹൃത്തുക്കളായിരുന്നു അതിൽ... അന്നത്തെ ഗ്രൂപ്പിലെ വിഷയവും അയാൾക്ക് പ്രിയപ്പെട്ടതായിരുന്നു .. "പാട്ടോർമകൾ".. പാട്ടുകളെ ഒരുപാട് സ്നേഹിക്കുന്നവന് ഓർമകളും ഒരുപാട് ഉണ്ടാകുമല്ലോ.. 

സോണി.. സുനിൽ.. സാജിദ്.. ജൂലി..  സോംന.. സഹദ്,   ഗായത്രി അരുൺ ശ്രീരാഗ്... അങ്ങനെ കുറച്ചു കൂട്ടുകാർ...  അതിൽ പലരും ഗായകരായിരുന്നു... എഴുത്തുകാരുണ്ടായിരുന്നു.. വാഗ്മികളുണ്ടായിരുന്നു...  പതിവുപോലെ ദേവ് പാടിയവസാനിപ്പിച്ചതിനു ശേഷം ആ ഗാനത്തിന്റെ വിശകലനമുണ്ടായിരുന്നു... ചർച്ചകൾ പുരോഗമിക്കുമ്പോഴായിരുന്നു ആ ഗ്രൂപ്പിലെ  ഓഡിയൻസിൽ പുതിയൊരു പേര് ദേവ് ശ്രദ്ധിക്കുന്നത്.... വിശ്വാസം വരാതെ, അത്ഭുദത്തോടെ ആ പ്രൊഫൈൽ തുറന്നു  DP നോക്കി.. അവനു വിശ്വസിക്കാനായില്ല...

"മേഘ...." 

ഒരിക്കൽ പ്രാണൻ പോലെ നെഞ്ചിൽ കൊണ്ട് നടന്നിരുവൾ... ഇപ്പോൾ ഒരു അപരിചിതയെ പോലെ.... ജീവിതം ചിലപ്പോൾ അങ്ങനെയാണ്... ഒരിക്കൽ എല്ലാം ആയിരുന്നവർ, പരസ്പരം അറിയാത്ത വിധത്തിൽ അപരിചിതരായി മാറുന്നു...


"ദേവ്വേട്ടാ അടുത്ത പാട്ട് പാടൂ "


ഗായത്രിയുടെ ശബ്ദമാണ് പെട്ടെന്നുള്ള ചിന്തയിൽ നിന്നും ദേവിനെ ഉണർത്തിയത്.... 

"അടുത്ത പാട്ടോ?? ഏതാ പാടേണ്ടത്?".. 

ഇനി പാടുന്ന പാട്ട് അല്പം കൂടെ ശ്രദ്ധിച്ചു പാടണം.. കേൾക്കാനായി ഒരാൾ കൂടെയുണ്ട്... പണ്ട് ഒരുപാടു പാട്ടുകൾ പാടിക്കൊടുത്തിട്ടുള്ളൊരു കൂട്ടുകാരി... ഏത് പാട്ട് പാടും അവൾക്കായി?? അവൻ ആലോചിച്ചു... എന്നിട്ടു തുടർന്നു...


" ശരി ഞാൻ പാടാം. ഈ പാട്ടിനു പിന്നിലും  ഒരു കഥ ഉണ്ട്ട്ടോ..."


" പോന്നോട്ടെ... അതുകൂടി കേൾക്കാൻ ആണല്ലോ നമ്മൾ ഇപ്പോൾ ഈ ഗ്രൂപ്പ് ഉണ്ടാക്കിയത്   ".. സ്പീക്കറിൽ നിന്നും സോണിയുടെ ശബ്ദം ഉയർന്നു...


ഓഡിയൻസിൽ മേഘ കൂടെ ഉണ്ടെന്നു ഉറപ്പുവരുത്തി ദേവ് പറയാൻ ആരംഭിച്ചു..


"കോളേജ് കാലമാണുട്ടോ സംഭവം നടക്കുന്നത്... ഞാൻ ഫൈനൽ ഇയർ പഠിക്കുന്ന കാലം... ഫ്രഷേഴ്സ് പിള്ളേരെ ഒക്കെ റാഗ് ചെയ്തും പരിചയപ്പെട്ടുമൊക്കെ നടക്കുന്ന സമയം... അങ്ങനെയിരിക്കെ ഒരു പെൺകുട്ടി, ജൂനിയർ ആയൊരു പെൺകുട്ടിയെ പരിചയപ്പെടുന്നത്... പേര് ഞാൻ ഇവിടെ പറയുന്നില്ല... നമ്മുക്കവളെ "പെൺകുട്ടി " എന്ന് തന്നെ വിളിക്കാം... "


"ആഹാ കഥ റൊമാന്റിക് ആണല്ലോ "


"അതെയതെ..  കണ്ണുകൾ കരിമഷി കൊണ്ടെഴുതിയ, നെറ്റിയിൽ ചന്ദനക്കുറിയുള്ള, കുപ്പിവളകൾ അണിഞ്ഞ ഒരു കൊച്ചു പെൺകുട്ടി....  സംസാരിക്കെ അവൾ എന്നോട് ആവശ്യപ്പെട്ടു... "നേരത്തെ ലൈബ്രറിയിലിരുന്ന് പാടിയ ആ പാട്ട് എനിക്കുവേണ്ടി ഒന്നുകൂടെ പാടി തരാമോ?" സുന്ദരിയായ ഒരു പെൺകുട്ടി ഇങ്ങനെ ആവശ്യപ്പെട്ടാൽ കേൾകാതിരിക്കുന്നത് എങ്ങനെ? മറ്റു ശല്യങ്ങൾ ഒന്നും ഇല്ലാതിരിക്കാൻ ഞാൻ അവളെയും കൂട്ടി ഡ്രോയിങ് ഹാളിലെക്കു പോയി. അവിടെ ഡ്രായിങ് ടേബിൾ നു ഇരുവശങ്ങളിൽ ഇരുന്നു കൊണ്ട് അവളുടെ കണ്ണുകളിലേക്ക് നോക്കി അന്ന് ആ പാട്ട് പാടിക്കൊടുത്തു..."


"തഴുകുന്ന നേരം പോന്നിതളുകൾ കൂമ്പുന്ന

മലരിന്റെ നാണം പോൽ അരികത്തു നിൽക്കുന്നു നീ 

ഒരു നാടൻ പാട്ടയിതാ.....

ഒരു നാടൻ പ്രേമത്തിന്റെ നിലയ്ക്കാത്ത പാട്ടായിതാ

കടലത്തിര  ആടുന്നിതീ  മണലിൽ 

കാതിൽ തേൻമഴയായി പാടു കാറ്റേ കടലേ..."


എല്ലാവരുടെയും അഭിനന്ദനങൾ ഗ്രൂപ്പിൽ ഉയർന്നു കേട്ടു.. ഓഡിയൻസിൽ നിന്നും മേഘയുടെ സ്ഥാനം സ്പീക്കർ ലിസ്റ്റിലേക്ക് മാറിയിരുന്നു..


"ഇനിയും ഉണ്ട്ട്ടോ പാട്ടുകൾ... കഥകളും "

ദേവ് പതുക്കെ പറഞ്ഞു. രോഗി ഇച്ഛിച്ചതും വൈദ്യൻ കല്പിച്ചതും പാട്ട് എന്ന പോലെ ഗ്രൂപ്പിലെ എല്ലാവരും ഒരേപോലെ പാടുവാൻ ആവശ്യപ്പെട്ടു...


"ശരി... അടുത്ത പാട്ട്... ആ പെൺകുട്ടിയുമായുള്ള സൗഹൃദം ദൃഡമായി തുടങ്ങിയ സമയം. ഒരു നട്ടപ്പാതിരാ നേരം... അതുവരെ രാത്രി കാളുകൾ ഒന്നും ഇല്ലാതിരുന്നു... SMS അയക്കലായിരുന്നു എപ്പോഴും... അന്നൊരു ദിവസം നട്ടപ്പാതിരക്ക് എനിക്കൊരു കാൾ... പേര് നോക്കിയപ്പോൾ ഈ പെൺകുട്ടി...  ഞാൻ ഫോണെടുത്തു... അങ്ങേ തലക്കൽ അവൾ കരയുകയായിരുന്നു... ഞാൻ ചോദിച്ചു... എന്തിനാ കരയുന്നത്.... മറുപടി ഒന്നുമില്ലായിരുന്നു... തേങ്ങിക്കരച്ചിൽ മാത്രമായിരുന്നു ഉത്തരം... ഞാൻ ഒന്നും മിണ്ടാതെ കാത്തിരുന്നു... കരച്ചിൽ ഒന്നൊഴിഞ്ഞപ്പോൾ, മഴക്കാറ് മാഞ്ഞപ്പോൾ അവൾ പറഞ്ഞു... എനിക്ക് പെട്ടെന്നു ഭയങ്കര സങ്കടമായിപ്പോയി...


"സങ്കടമാവാൻ എന്താ കാരണം"


"അതൊക്കെ പിന്നെ പറയാം.. പെട്ടെന്ന് ചേട്ടനോട് ഒന്ന് മിണ്ടണം എന്ന് തോന്നി.. അതാ വിളിച്ചത്... കഥകൾ നാളെ പറയാം "..


അത്രയും പറഞ്ഞു അവൾ ഫോൺ വെച്ചു.. എനിക്ക് അപ്പോൾ ഭയങ്കര സന്തോഷാമാകുകയാണ്  ചെയ്തത്... കാരണം  അത്രയും സുഹൃത്തുക്കൾ ഉണ്ടായിട്ടും ഒരു സങ്കടം വന്നപ്പോൾ എന്നെയാണല്ലോ വിളിക്കാൻ തോന്നിയത്.... പിറ്റേന്ന് അവൾക്കായി ഞാനൊരു പാട്ട് പാടിക്കൊടുത്തു...


" നീർമിഴി പീലിയിൽ നീർമണി തുളുമ്പി

 നീ എൻ അരികിൽ നിന്നു...


കണ്ണുനീർ തുടക്കാതെ ഒന്നും പറയാതെ

 നിന്നു ഞാനുമോരന്യനെ പോലെ...

വെറും അന്യനെ പോൽ "


കഥകളും പാട്ടുകളുമായി ഒരുപാട് നേരം കഴിഞ്ഞിരുന്നു... സ്പീക്കർ ലിസ്റ്റിൽ ഉണ്ടായിരുന്നെങ്കിലും ഒരു വാക്ക് പോലും മേഘ പറഞ്ഞിരുന്നില്ല... ഒരു പരിചയപ്പെടുത്തൽ  പോലും....  എല്ലാ പാട്ടോർമകൾക്കു ശേഷം ദേവ് അവസാനിപ്പിക്കാനൊരുങ്ങി... സൗഹൃദവും പ്രണയവും വിരഹവും എല്ലാം നിറഞ്ഞ പാട്ടോർമകൾ...


" ഇത് അവസാന പാട്ടാണ്.. ഒരിക്കൽ അങ്ങനെ ഒരുവാക്ക് പോലും പറയാതെ അവൾ പോയി.. വിളിച്ചാൽ ഫോണെടുക്കാതെ ആയി.. ഫേസ്‌ബുക്കിൽ റിപ്ലൈ തരില്ല.. ഒരു തരത്തിലും കോൺടാക്ട്  ചെയ്യാൻ  പറ്റാതെ ആയി.. ഒടുവിൽ ഞാനും പിന്നെ അങ്ങോട്ടേക്ക് വിളിക്കാതെയായി... നമ്മളെ വേണ്ടാത്തവർക്ക് വേണ്ടി എന്തിനാ നമ്മൾ കാത്തിരിക്കുന്നത്... വിട്ടുകളയണം... അല്ലെ ?... എന്നെങ്കിലും ഒരിക്കൽ അവൾ വിളിക്കുമെന്ന് കരുതി.. വിളിക്കുമ്പോൾ ചോദിക്കണം എന്ന് കരുതിയതാണ്... എന്തിനാണ് ഒന്നും മിണ്ടാതെ പോയതെന്ന്... ഇതുവരെയ്ക്കും അതിനൊരവസരം കിട്ടിയിട്ടില്ല... ഇനി കിട്ടുകയുമില്ല,,... ഈ പാട്ടു അവൾക്ക് വേണ്ടിയാണ്.. അവളുടെ പ്രിയപ്പെട്ട പാട്ട്...


" തളിർവിരൽ തൂവലാൽ നീയെൻ മനസ്സിന്റെ താമരച്ചെപ്പു തുറന്നുവെങ്കിൽ...

അതിനുള്ളിൽ മിന്നുന്ന കൗതുകം ചുംബിച്ചിട്ടനുരാഗമെന്നും മൊഴിഞുവെങ്കിൽ.....

അതുകേട്ടു സ്വർഗം വിടർന്നുവെങ്കിൽ(2) "


ഗ്രൂപ്പ് അവസാനിപ്പിച്ച് കഴിഞ്ഞപ്പോഴേക്കും ഒരുതരം സമ്മിശ്രവികാരമായിരുന്നു അവനു... പറയാനുള്ളതൊക്കെ പറഞ്ഞു തീർത്തു എന്നത് ഒരു സന്തോഷം നൽകി എങ്കിലും ഇനി പറയുന്നത് കേൾക്കാൻ അവൾ ഉണ്ടാകില്ല എന്നത് അവനിൽ ഒരു ചെറിയ നിരാശ സൃഷ്ടിച്ചു.. ഫോൺ സൈഡിൽ വെച്ചിട്ട് കണ്ണടച്ച് അവൻ കിടന്നു... അവനപ്പോൾ പഴയ ക്യാമ്പസ് കാലത്തിൽ ആയിരുന്നു.. ഓർമകളുടെ വേലിയേറ്റമായിരുന്നു അവനിൽ.. യൗവനസ്ഥനായ ഒരു ചെറുപ്പകാരനിൽ നിന്നും അവൻ ഒരു   കൗമാരക്കാരനായ ഒരു പയ്യനായി മാറിയിരുന്നു......  അപ്പോഴാണ് ഫോണിൽ ഒരു മെസ്സേജ് വന്നത്.. ഒരു പരിചയമില്ലാത്ത നമ്പറിൽ നിന്നും... അവൻ അത് ഓപ്പൺ ചെയ്തു.. 

ഐ ആം സോറി.. സോറി ഫോർ എവെരിതിങ്...


മറുപടി എന്ത് പറയും എന്നറിയാതെ അവൻ നിന്ന്... പുറത്തു അപ്പോഴും മഴ പെയ്യുന്നുണ്ടായിരുന്നു...

2021, മേയ് 27, വ്യാഴാഴ്‌ച

ഒരു ട്രെയിൻ യാത്രയുടെ ഓർമയ്ക്ക്

ഒരു ശനിയാഴ്ച ആയിരുന്നു അത് .... ഓഫീസില്‍ നിന്നും ഇറങ്ങി ബസില്‍ ആലുവായില്‍ വന്നിറങ്ങി റെയില്‍വേ സ്റ്റേഷനിലേക്ക്  പോകുകയായിരുന്നു ഞങ്ങള്‍... ഓഫീസിലെ  സ്ഥിരം യാത്രയാണ് അത്... ഒരു സംഘം  ആളുകള്‍... ഒരുമിച്ചുള്ള വരവും പോക്കും.. അവള്‍ ഞങ്ങളുടെ കമ്പനിയില്‍ ജോയിന്‍ ചെയ്ത സമയമായിരുന്നു.. അപർണ.. പ്ലസ്‌ ടൂ വിനു എന്റെ ജൂനിയര്‍ ആയി പഠിച്ചിരുന്നവളാണ്... യാദ്രിചികമായ്  ഒരേ സ്ഥലത്ത് തന്നെ ജോലിയും കിട്ടി.. ഒരേ സമയത്തായിരുന്നു ഡ്യൂട്ടി എന്നത് കൊണ്ട്  ഓഫീസിലൊട്ടും തിരിച്ചുമുള്ള യാത്രകളില്‍ എപ്പോഴും അവള്‍ കൂടെയുണ്ടാകും... അപർണ കൂടെ വന്നു തുടങ്ങിയത് മുതല്‍ എനിക്ക് പഴയത് പോലെ,   യാത്രകളില്‍ ഒരു ഫ്രീഡം  ഉണ്ടായിരുന്നില്ല..ഒരു വായനോട്ടമോ ഒന്നും നടക്കില്ല... 

ഒരു വായാടിയായിരുന്നു  അവള്‍... ഇപ്പോഴും കലപില എന്ന് സംസാരിച്ചു കൊണ്ടെയിരികും.. നെറ്റിയില്‍ എപ്പോഴും ഒരു ചന്ദനക്കുറി... എണ്ണ തേക്കുന്ന കറുത്തിളം മുടിയില്‍ എപ്പോഴും ഒരു തുളസിക്കതിരെങ്കിലും കാണും... അതവളുടെ ട്രേഡ്മാര്‍ക്ക് ആയിരുന്നു.. എപ്പോഴും പുഞ്ചിരിച്ച മുഖവും... പഴയ സ്കൂള്‍ ജീവിതത്തിലെ ഒട്ടുമിക്ക കുരുത്തക്കേടുകളും അവള്‍ക്ക് അറിയാമായിരുന്നത് കൊണ്ടും എന്റെ ഏറ്റവും നല്ല സുഹൃത്തുക്കളില്‍ ഒരാളായിരുന്നു അപർണ...

തിങ്കളാഴ്ച പഴയ കോളേജില്‍ പോകാന്‍ തീരുമാനിച്ചിരുന്നു... അന്നായിരുന്നു അവളുടെ ജന്മദിനം..   "നിരഞ്ജന"...    കോളേജ് കാമ്പസിലെ ഒരു നിശബ്ദ പ്രണയം.. പ്രണയത്തെ കുറിച്ചൊന്നും ആരോടും പറയാത്ത  കാലമായിരുന്നു അത്.. യാത്രകളിൽ  ഒപ്പം ഉണ്ടായിരുന്നെങ്കിലും  അപർണയോടും ഞാന്‍ ഒന്നും പറഞ്ഞിരുന്നില്ല...അന്നും രഹസ്യങ്ങളെ  രഹസ്യങ്ങളായി സൂക്ഷിക്കുവനായിരുന്നു എനിക്കിഷ്ടം..  ഒരു ജന്മദിന സമ്മാനം വാങ്ങാനുണ്ടായിരുന്നത് കൊണ്ട് മെല്ലെ അപർണയോടു പറഞ്ഞു...

"നീ ഇന്ന് ഇവരുടെ കൂടെ പൊക്കോളൂ.. എനിക്ക് അല്പം പര്‍ച്ചേസ് ഉണ്ട് ഞാന്‍ വൈകും......"

"എന്നാല്‍ ഞാനും കൂടെ വരാം"

"വേണ്ട ഇഷ്ടാ... ട്രെയിന്‍ പോകും.. വീട്ടില്‍ എത്താന്‍ വൈകില്ലെ?"
"
അത് സാരമില്ല ദേവേട്ടന്‍ ഇല്ലേ കൂടെ?.. പിന്നെ അവരുടെ കൂടെ പോകാന്‍ എനിക്കിഷ്ടമില്ല.... "

ഒഴിവാക്കാന്‍ നോക്കിയിട്ടും അവള്‍ പോകാന്‍ കൂട്ടാക്കിയില്ല.. അങ്ങനെ കൂട്ടത്തില്‍ നിന്നും വിട്ടു ഞങ്ങള്‍ രണ്ടു പേരും  ആലുവയിലെ ഒരു കടയില്‍ കയറി മനോഹരമായൊരു ഡയറി  വാങ്ങി... എഴുത്തുകാരിക്ക് നല്കാന്‍ ഇതില് നല്ലൊരു സമ്മാനം വേറെ എന്തുണ്ട്? ആർക്ക്  വേണ്ടിയാണ്  ഗിഫ്റ്റ് വാങ്ങിയത് എന്നുള്ള ചോദ്യത്തിന് മറുപടി നല്കാതിരിക്കാനാവില്ലായിരുന്നു.. "ഒരു സുഹൃത്തിനു.... വളരെ അടുത്ത സുഹൃത്തിനു... പിന്നെ ഒരു ജ്യുസ് കൂടെ കുടിച്ചു ഓരോ വിശേഷങ്ങള്‍ പറയുമ്പോഴായിരുന്നു കൂട്ടുകാരന്‍ വിളിച്ചത്.. ട്രെയിന്‍ അന്നൌന്‍സ് ചെയ്തു.. വേഗം വരൂ എന്ന് പറഞ്ഞു... ഞാന്‍ അവളോട് പറഞ്ഞു . ട്രെയിന്‍ ഇപ്പൊ എത്തും... വേഗം വാ.. കടയില്‍ നിന്നിറങ്ങി ഞങ്ങള്‍ റെയില്‍വേ സ്റ്റെഷനിലോട്ടു ഓടി...

കുറച്ചു ദൂരമുണ്ടായിരുന്നു സ്റേഷനിലോട്ട് ...ബാഗ്‌ പിടിച്ചുകൊണ്ടു  ഓടാന്‍ അവൾക്ക്  സാധിക്കുന്നില്ലയിരുന്നു... ഞാന്‍ ബാഗ്‌ വാങ്ങി പറഞ്ഞു.. വേഗം വാ...തിരക്കുള്ള വഴികളിലൂടെ ഓടിയെത്താന്‍ അവള്‍ പാട്പെ ടുന്നുണ്ടായിരുന്നു...  ബാഗ്‌ വലതു കയ്യില്‍ പിടിച്ചിട്ട് ഇടതു കൈ കൊണ്ട് അവളുടെ കൈ പിടിച്ചു ഞാന്‍ തിരക്കിലൂടെ ഊളിയിട്ടു... എന്റെ പിറകിലൂടെ അവളും..  റെയില്‍വേ സ്റ്റെഷനകത്ത് വലിയ തിരക്കും...  ട്രെയിന്‍ സ്റെഷനിലോട്ടു  എത്തിയിരുന്നു... വേറെ ആര്‍ക്കോ വേണ്ടി എന്ന പോലെ മനസ്സില്ലാമനസ്സോടെ  ആ ട്രെയിന്‍ പ്ലാറ്റ്ഫോം നോട് ചേര്‍ന്ന് കിടന്നു.. 

രണ്ടാമത്തെ ട്രാക്കില്‍ ആയിരുന്നു ട്രെയിന്‍...ഓവര്‍ ബ്രിഡ്ജ് കയറാന്‍ നേരമില്ല... ഞാന്‍ അപർണയോടു പറഞ്ഞു...

"വരൂ.. നമ്മുക്ക് ട്രാക്ക് ക്രോസ് ചെയ്യാം".. ട്രെയിന്‍ സ്റെഷന് അല്പം പിറകില്‍ ആയിട്ടാണ് നിര്‍ത്തുക... പെട്ടെന്ന് നമ്മക്ക് കയറാം"

"അയ്യോ.. എനിക്ക് പേടിയാ.... ഞാന്‍ മുകളില്‍ കൂടെ ഓടി വരാം"

"നീ അങ്ങനെ വന്നാല്‍ ട്രെയിന്‍ കിട്ടില്ല നിനക്ക്.. വെറും അഞ്ചു മിനിറ്റ് ഉള്ളു..പിന്നെ ഈ ഓടിയതൊക്കെ വെറുതെ ആവും"

"എനിക്ക് കയറാന്‍ പറ്റില്ല.. അതാ"

"നീ പേടിക്കണ്ട.. നിന്നെ ഞാന്‍ പിടിച്ചോളാം"

ഞാന്‍ ആദ്യം ട്രക്കിലോട്ടു ചാടി...  മടിച്ചു മടിച്ചു ആണങ്കിലും അവളും ഇറങ്ങി... വീഴാന്‍ പോയെങ്കിലും എന്റെ കയ്യില്‍ അവള്‍ മുറുക്കി പിടിച്ചിരുന്നു..വേഗം തന്നെ  ട്രാക്ക് ക്രോസ് ചെയ്തു.. രണ്ടാമത്തെ പ്ലാറ്റ്ഫോമിന്റെ അടുതെത്തി.. പക്ഷെ അവള്‍ക്ക് പ്ലാറ്റ്ഫോര്മില്‍ കയറാന്‍ സാധികുന്നില്ലയിരുന്നു... അപ്പോഴേക്കും ട്രെയിൻ മൂളിക്കൊണ്ട് സ്റേഷനിലോട്ട് എത്തുന്നുണ്ടായിരുന്നു .. വളരെ വേഗത്തിലുള്ള യാത്രക്കിടയിൽ അനാവശ്യമായി നിർത്തേണ്ടി വന്നതിലുള്ള നിരാശ ആ വണ്ടിക്ക് ഉണ്ടായിരുന്നു എന്ന തോന്നുന്നു.. കാരണം  ട്രാക്കിലൂടെ ഒരു മുരൾച്ച അനുഭവിക്കാൻ പറ്റുന്നുണ്ടായിരുന്നു... ഒരു വല്ലാത്ത ഭീകരത അത് സൃഷ്ടിക്കുന്നുണ്ടായിരുന്നു എനിക്ക് മുന്നില്‍ വേറെ വഴികള്‍ ഇല്ലായിരുന്നു.. ഞാന്‍ അവളോട്‌ പറഞ്ഞു...

" ഞാന്‍ ആദ്യം കയറാം... എന്നിട്ട് നിന്നെ കയറ്റാം..."

"... എനിക്ക് കയറാന്‍ പറ്റുന്നില്ല.. ഞാന്‍ അതിലൂടെ നടന്നു കയറാം"

"വണ്ടി പോകും..."

"ദേവേട്ടന്‍ പൊക്കോളൂ.. ഞാന്‍ ബസിനു വരാം"

"അത് വേണ്ട.. പോകുന്നെങ്കില്‍ നമ്മള്‍ ഒരുമിച്ച്... അത്രേയുള്ളൂ... "

ഞാൻ ചാടി മുകളിൽ കയറി. അപ്പോഴാണ് ഞാന്‍ പ്ലാറ്റ്ഫോം നു താഴെ ഒരു ചവിട്ടു പടി പോലെ കണ്ടത്... അവളോട്‌  പറഞ്ഞു..

"ആ പടിയില്‍ ചവിട്ടി നിക്ക്...  എന്നിട്ട് വലതുകാല്‍മുട്ട്  പ്ലാറ്റ്ഫോമില്‍ വേക്ക്"
അവള്‍ അതുപോലെ ചെയ്തു..  ഇടതു കൈ കൊണ്ടവളുടെ വലതുകൈ പിടിച്ചു ഞാന്‍ അവളെ മുകളിലേക്ക് ഉയര്‍ത്തി... മുകളിലേക്ക് ഉയര്‍ന്നെങ്കിലും പെട്ടെന്ന് ഒരു നിമിഷം അവള്‍ പുറകിലോട്ട് വേച്ചു പോയി.. പെട്ടെന്ന് തന്നെ ഞാന്‍ വലംകൈ കൊണ്ടവളെ വട്ടം ചുറ്റിപ്പിടിച്ചു, എന്നോട് ചേര്‍ത്ത് പിടിച്ചുയര്‍ത്തി.... അങ്ങനെ ഒരുവിധത്തില്‍ അവള്‍ മുകളിലെത്തി... ചുറ്റുമുള്ള ആളുകളോക്കെയും ഞങ്ങളെ നോക്കി നില്‍ക്കുന്നുണ്ടായിരുന്നു... അതിനെ കുറിച്ച് ആലോചിച്ചു നില്‍ക്കനോന്നും അപ്പോള്‍ എനിക്ക് സമയം ഉണ്ടായിരുന്നില്ല... എങ്ങനെ എങ്കിലും ട്രെയിനില്‍ കയറണം എന്നൊരു ചിന്ത മാത്രം...

 അപ്പോഴേക്കും ട്രെയിന്‍ അനങ്ങിതുടങ്ങിയിരുന്നു... അവളുടെ കൈ പിടിച്ചു ഞാന്‍ ട്രെയിനിന്റെ അടുത്തേക്കോടി.. ഒരു വിധത്തില്‍ ഒരു തിരക്കൊഴിഞ്ഞ കമ്പാര്‍ട്ട്മെന്റില്‍ ഞങ്ങള്‍ കയറി.. അത്രയും നേരത്തെ ഓട്ടവും പരിശ്രമവുമെല്ലാം കാരണം അവള്‍ വല്ലാതെ കിതക്കുന്നുണ്ടായിരുന്നു.. ഞാനും...  ട്രെയിനില്‍ കയറി ഡോറിനു ചേര്‍ന്ന് നിന്നവള്‍  എന്റെ മുഖത്തേക്ക് നോക്കി ചിരിച്ചു...

"ചെറുപ്പത്തില്‍ മാവിലോന്നും കയറി ശീലമില്ലല്ലേ?" ഞാന്‍ ചോദിച്ചതിനു മറുപടി പിന്നെയും ഒരു ചിരി ആയിരുന്നു... ഞാന്‍ പിന്നെയും തുടര്‍ന്നു..
"വല്ല്യ ഭാരം ഒന്നും ഇല്ലാത്തതു കൊണ്ട് രക്ഷപ്പെട്ടു.. ഇല്ലായിരുന്നെങ്കില്‍ നമ്മള്‍ രണ്ടും  ഇന്ന് ട്രെയിനിന്റെ മുന്നില്‍ വീണേനെ..."

ട്രെയിന്‍ സഞ്ചരിച്ചു തുടങ്ങിയിരുന്നു... അനുവാദമില്ലാതെ അകത്തേക്ക് വരുന്ന കാറ്റില്‍ അവളുടെ മുടി പാറിപ്പറക്കുന്നുണ്ടായിരുന്നു.. പിന്നീട് അത്രയും നേരത്തെ പരിശ്രമം വിയര്‍പ്പ് തുള്ളികളായി ശരീരത്തില്‍ നിറഞ്ഞു...വിയര്‍പ്പുതുള്ളികള്‍ ഒലിച്ചുഎന്റെ നെറ്റിയിലെ കുങ്കുമക്കുറി നെറ്റിയിലാകെ പടര്‍ന്നിരുന്നു...

"മുഖത്തെ കുങ്കുമം പടര്‍ന്നല്ലോ"

ട്രയിനിലെ കണ്ണാടിയില്‍ നോക്കിയപ്പോള്‍ ശരിയായിരുന്നു.. ഞാന്‍ പോക്കെട്ടിനുള്ളിലെ തൂവല തിരഞ്ഞു... എപ്പോഴോ എന്റെ കയ്യില്‍ നിന്ന് നഷ്ടപ്പെട്ടിരുന്നു... പെട്ടെന്നൊരു നിമിഷം  എന്റെ അനുവാദത്തിനായി നില്‍ക്കാതെ  അവളുടെ തൂവാല കൊണ്ടെന്റെ നെറ്റിയിലെ വിയര്‍പ്പുതുള്ളികളെ  തുടച്ചു, കുങ്കുമക്കുറിയും നേരെയാക്കി... എന്നിട്ട് പറഞ്ഞു...

"ഇപ്പൊ ശരിയായി ട്ടോ.."

 ഒന്നും പറയാനാവാതെ  ഞാനവളുടെ മുഖത്തേക് നോക്കി നിന്നു... അവളുടെ  കണ്ണുകളിലേക്ക് നോക്കി നിന്നു.... അവള്‍ എന്റെ കണ്ണുകളിലേക്കും.. ആദ്യമായിട്ടായിരുന്നു ഞാന്‍  അവളുടെ കണ്ണുകളെ ശ്രദ്ധിക്കുന്നത്.. പക്ഷെ അതുവരെ കാണാതിരുന്ന ഒരു തിളക്കം ആ കണ്ണുകളില്‍ കണ്ടത് പോലെ....  വല്ലാത്തൊരു  നിശബ്ദത ക്ഷണിക്കപ്പെടാത്ത അതിഥിയെപ്പോലെ  ഞങ്ങള്‍ക്കിടയിലേക്ക് കടന്നു വന്നു... അതുവരെ നിലനിന്നിരുന്ന  ശബ്ദങ്ങളെല്ലാം ഒരു നിമിഷം അവസാനിച്ച പോലെ... ഞങ്ങള്‍ക്കിടയിലെ നിശബ്ദതയെ കീറിമുറിച്ചതും അവള്‍ തന്നെ ആയിരുന്നു...

"എന്നാണു കൂട്ടുകാരിയുടെ ജന്മദിനം?"

"തിങ്കളാഴ്ച"

"എന്റെ ആശംസകള്‍ അറിയിക്കണം..."

"അറിയിക്കാമല്ലോ"

"ആര്  ആശംസിച്ചു എന്ന് പറയും? ;) "

ഞാന്‍ ഒന്നും പറയാതെ അവളുടെ കണ്ണുകളിലേക്ക് നോക്കി..... പിന്നെയും അവള്‍ തുടര്‍ന്നു...

"വേണ്ട ഒന്നും പറയണ്ട... എന്റെ ആശംസകളും അറിയിക്കണ്ട... എന്നെ കുറിച്ച്  അവള്‍ അറിയണ്ട.."

"അതെന്താ??? ഞാന്‍ പറയാം.."

"വേണ്ടാന്നു  ഇപ്പൊ  തോന്നുന്നു...."

"mm... നമ്മുക്ക് അകത്ത് സീറ്റ് ഉണ്ടോ എന്ന് നോക്കാം വരൂ"

"വേണ്ട... നമ്മുക്ക് ഇന്ന് ഇവിടെ നില്‍ക്കാം... അധികം ദൂരം ഇല്ലലോ.. ദെ ഇപ്പൊ തന്നെ എത്തില്ലേ നമ്മുടെ സ്ഥലം...

ട്രെയിന്‍ ഒരു ശബ്ദത്തോടെ അങ്കമാലി സ്റെഷനില്‍ നിന്നു..  ഞങ്ങള്‍ ഇറങ്ങി മെല്ലെ ഓവര്‍ബ്രിഡ്ജിന്റെ അടുത്തേക്ക് നടന്നു... ട്രെയിന്‍ പോയിക്കഴിഞ്ഞപ്പോള്‍ ട്രാക്ക്   ചൂണ്ടിക്കാണിച്ചു അവള്‍ ചോദിച്ചു....

"നമ്മുക്ക് ക്രോസ് ചെയ്താലോ?"

ചിരിച്ചു കൊണ്ട് ഞാന്‍ പറഞ്ഞു...

"വേണ്ട... ഇഷ്ടം പോലെ സമയം ഉണ്ട് ഇനി ബസ് വരാന്‍... നമ്മുക്ക് ഓവര്‍ ബ്രിഡ്ജില്‍ കൂടെ പോകാം"

ആകാശത്ത് മേഘങ്ങള്‍ ഒരു മഴക്കുള്ള കോപ്പുകള്‍ കൂട്ടുന്നുണ്ടായിരുന്നു.... ഒന്നും മിണ്ടാതെ  അവള്‍ എന്റൊപ്പം നടന്നു..നടക്കുമ്പോഴൊക്കെയും അറിയാതെയോ അതോ മനപ്പൂര്‍വമോ... അറിയില്ല... ഞാന്‍ ആണോ അതോ അവളാണോ.. അതുമറിയില്ല.. ഞങ്ങള്‍ടെ ചുമലുകള്‍ തമ്മില്‍ പരസ്പരം ഉരസ്സുന്നുണ്ടയിരുനു.. എനിക്കും പെട്ടെന്ന് പറയാനായി വാക്കുകള്‍ ഒന്നും ഉണ്ടായിരുന്നില്ല... ബസ് സ്റെഷനില്‍ എത്തിയപ്പോഴേക്കും അവളുടെ ബസ് അവിടെ ഉണ്ടായിരുന്നു... ബസിലേക്ക് കയറാന്‍ നേരം അവള്‍ ചോദിച്ചു...

"ഞാന്‍ പൊക്കോട്ടെ?"

"ആയിക്കോട്ടെ...ഞാന്‍ തിങ്കള്‍ വരില്ല.. അപ്പൊ ചൊവ്വാഴ്ച കാണാം.."

ഒന്നും മിണ്ടാതെ അവള്‍ തിരിഞ്ഞു നടന്നു... പെട്ടെന്ന് ഒരു നിമിഷം നിന്ന് എന്നെ തിരിഞ്ഞു നോക്കി.... പിന്നെയും എന്റെ അടുത്തേക്ക് വന്നു പറഞ്ഞു..

"ഏട്ടാ... താങ്ക്സ്..."

"എന്തിനാ താങ്ക്സ് ഒക്കെ?"

ഒരു നിമിഷത്തെ മൌനത്തിനു ശേഷം അവള്‍ തുടര്‍ന്നു..

"ഈ ഒരു ദിവസത്തിന്.. ഇങ്ങനെ ഒരു സായാഹ്നം സമ്മാനിച്ചതിന്... ഈ ഒരു ദിവസം ഞാന്‍ മറക്കില്ല ഒരിക്കലും.... and I mean it"

എന്റെ മറുപടിക്കായി കാത്തുനില്‍ക്കാതെ അവള്‍ തിരിഞ്ഞു ബസിലേക്ക് നടന്നു...അവള്‍ പോകുന്നതും നോക്കി ഞാന്‍ അവിടെ നിന്നു.. ബസ്സില്‍ കയറി അവള്‍ എന്നെ ഒന്നുകൂടെ തിരിഞ്ഞു നോക്കി... കണ്ണുകള്‍ കൊണ്ടൊരു പുഞ്ചിരി കൂടി സമ്മാനിച്ചു.... ഒരിക്കലും എനിക്ക് അര്‍ത്ഥം മനസ്സിലാക്കി എടുക്കുവാനാവാത്ത ഒരു പുഞ്ചിരി...

2021, മേയ് 26, ബുധനാഴ്‌ച

ഒരു പഴയ ബസ് കഥ

 ഒരു പഴയ ബസ് കഥയാണ്‌.. 

പ്ലസ്‌ടു മിക്സഡ്‌  സ്കൂളില്‍ നിന്നും  "റോയല്‍ മെക്ക്" എന്ന മരുഭൂമിയിലേക്ക് എത്തിയ കാലം... മരുന്നിനു പോലും ക്ലാസ്സില്‍ ഒരു പെണ്‍കുട്ടി കൂടി ഇല്ലായിരുന്നു... ആകെയുള്ള ആശ്വാസം എന്ന് പറയുന്നത് വൈകുന്നേരങ്ങളിൽ  ചാലക്കുടി ബസ്‌സ്റ്റാന്‍ഡില്‍ നിന്നും ബസ്‌ കയറുക എന്നതാണ്... 

ചാലക്കുടി.... 

അടുത്തടുത്തുള്ള മൂന്ന് കോളേജുകള്‍.... രണ്ടു പൊളി ടെക്നിക്കുകള്‍. പുതുക്കാട്, മാള തുടങ്ങിയവയില്‍ നിന്നുള്ള കുട്ടികള്‍.... അങ്ങനെ  ചാലക്കുടിയുടെ  സായാഹ്നങ്ങള്‍  വര്‍ണാഭമാണ്..  Strike ഉള്ള ദിവസങ്ങള്‍ വൈകുംനേരം ഒരു മൂന്നര ആവാതെ ഞങ്ങള്‍ ചാലക്കുടിയില്‍ എത്താറില്ലയിരുന്നു.. ഞാനും പിന്നെ കിരണും...  ഒരുവിധം  എല്ലാവരെയും ബസില്‍ കയറ്റി വിട്ട്, കിരണിനെയും  4.15 ന്റെ ബസില്‍ കയറ്റി വിട്ടു, നാലരക്കുള്ള ബസില്‍ കയറി ഞാനും വീട്ടിലേക്ക്...

ആ ട്രിപ്പ്‌,  അതൊരു സ്കൂള്‍ ബസ് പോലെ ആയിരുന്നു... ഞാന്‍ ആദ്യം തന്നെ പിറകിലെ  ഡോറിനു മുന്നിലെ സീറ്റില്‍ കയറിയിരുന്നു.. വിദ്യാര്‍ഥികള്‍ ബസില്‍ ഇരിക്കാന്‍ പാടില്ല എന്നുള്ള കരിനിയമം ഒന്നും ഞങ്ങളുടെ ബസില്‍ ഇല്ലായിരുന്നു...ഞങ്ങളുടെ "ഓം ട്രാവെല്‍സ്".. ബസില്‍ ഇരുന്നു സ്വാഭാവികമായും അകത്തുള്ളവരുടെ എണ്ണം എടുക്കുകയായിരുന്നു ഞാന്‍...
അപ്പോഴാണ്‌ ഒരു പെണ്‍കുട്ടിയില്‍ എന്റെ ശ്രദ്ധ പതിഞ്ഞത്.... അവള്‍ക്ക് ഉയരം കുറവായിരുന്നു... ബസിലെ മുകളിലെ കമ്പിയില്‍ പിടിച്ചു നിക്കാനുള്ള ഉയരം ആ പാവത്തിനില്ലായിരുന്നു.. ഒടുവില്‍ സീറ്റിനു മുകളിലെ കമ്പിയില്‍ പിടിച്ചു നിന്നു... ഈയുള്ളവന്റെ മുന്നിലെ സീറ്റിന്...

അവളുടെ കൈകളില്‍ മൈലാഞ്ചി ഇട്ടിരുന്നു.... മൈലാഞ്ചിയുടെ ചുവപ്പില്‍ അവളുടെ കൈകള്‍ വളരെ മൊഞ്ചുള്ളതായിരുന്നു... സുന്ദരമായ ആ കൈകളുടെ ഉടമയുടെ മുഖത്തിന്റെ മനോഹാരിത എത്രയായിരിക്കും എന്നറിയാൻ ഒരു ആകാംഷ..  സ്വാഭാവികമായിട്ടും  ഞാന്‍ അവളുടെ മുഖത്തേക് നോക്കി...മോശമല്ലാത്ത രീതിയില്‍ തന്നെ മേക്-അപ്പ്‌ ഇട്ടിട്ടുണ്ട്.. എവിടുന്നോ ഫ്രീ കിട്ടിയത് ആണെന്ന് തോന്നുന്നു.. കണ്ണ് നിറയെ കണ്മഷിയും  എഴുതിയിരുന്നു.. അവളുടെ മുഖത്തേക് നോക്കി ഞാന്‍ അവളുടെ കണ്ണുകളിലെ കണ്മഷിയെ കുറിച്ച് ഗഹനമായ ചിന്തയിലാഴ്ന്നു ..  ഒന്നുകിൽ കൊരട്ടിപ്പള്ളിപ്പെരുന്നാൾ.. അല്ലേൽ ചാലക്കുടി പള്ളിപ്പെരുന്നാൾ... ഇവിടുന്നു വാങ്ങിയതാവും... വെറുതെ ഇരുന്നു ആലോചിക്കുന്നതിനു പൈസ ചിലവ് ഇല്ലല്ലോ... ഭൂമിയുടെ ആഗോളതാപനത്തിന്റെ ബാധിക്കുകയും ഇല്ല.. ആലോചിച്ചു ആലോചിച്ചു ഞാൻ അങ്ങ് ഓസോൺ പാളി വരെ എത്തി.. ആലോചനയില്‍ നിന്നുണര്‍ന്നപ്പോള്‍ അവള്‍ എന്നെ തന്നെ തുറുപ്പിച്ചു നോക്കുകയായിരുന്നു.. ഞാന്‍ ഉടന്‍ തന്നെ മുഖം തിരിച്ചു...

ബസ് പുറപ്പെട്ടു തുടങ്ങിയിരുന്നു... ഞാന്‍ പാളിയൊന്നു അവളെ നോക്കി... വെറും ആകാംഷ.. അത്രേ ഉള്ളു.   അവള്‍ പിന്നെയും എന്നെ നോക്കിയിട്ട് "എന്താടാ?" എന്നര്‍ത്ഥത്തില്‍ തല ഒന്ന് അനക്കി..  കണ്ണുകള്‍ ഇറുക്കി അടച്ചു തുറന്നു "ഒന്നുമില്ല" എന്ന മറുപടി ഞാന്‍ അവള്‍ക്ക് നല്‍കി... പിന്നെയും അവളുടെ മുഖത്തേക് നോക്കി ഞാന്‍ മറ്റാരും കാണാതെ, എന്റെ ഇടം കൈ യെ തൊട്ടു കാണിച്ചു വലം കൈ കൊണ്ട് "മനോഹരം" എന്നൊരു ചിഹ്നം കാണിച്ചു, ചുണ്ടുകള്‍ അനക്കി, കൊണ്ട്  ശബ്ദമില്ലാതെ പറഞ്ഞു.."മൈലാഞ്ചി സൂപ്പര്‍".. അതുവരെ തുറുപ്പിച്ചു നോക്കിയിരുന്ന കണ്ണുകളില്‍ പെട്ടെന്നൊരു നാണം വന്നപോലെ... മുഖം നിറയെ നിലാവ് പോലൊരു പുഞ്ചിരി വിടര്‍ന്നു...

ബസ് നീങ്ങിക്കൊണ്ടേയിരുന്നു... ഡിവൈന്‍ ഉം, പിന്നെ മേലൂര്‍ ഉം കഴിഞ്ഞു പോയ്ക്കൊണ്ടെയിരുന്നു.. മറ്റാരുടെയും ശ്രദ്ധയില്‍ പെടാതെ, ഒരു ചിരിയോടെ പല തവണ ഞങ്ങളുടെ കണ്ണുകള്‍ പരസ്പരം ഇടഞ്ഞിരുന്നു..മറ്റാരും കാണാതെ.. ചിരിയിലൂടെ മാത്രം വിനിമയം നടത്തുന്ന ഭാഷ. ബസ്സിലെ തിരക്കിനിടയിലും ഞങ്ങൾ സംസാരിച്ചു കൊണ്ടേയിരുന്നു. മറ്റാരും കേൾക്കാതെ... ബസ് കൊരട്ടിയോട് അടുക്കാറായപ്പോള്‍ അവള്‍ എന്റെ മുഖത്ത് നോക്കി, ചുണ്ടുകള്‍ അനക്കി "അടുത്ത സ്റ്റോപ്പ്‌ ഇല്‍ ഞാന്‍ ഇറങ്ങും " എന്ന് ചിഹ്നം നല്‍കി... മനസ്സിലായി എന്നാ അര്‍ത്ഥത്തില്‍ ഒരു ചിരിയോടെ ഞാന്‍ കണ്ണുകള്‍ അടച്ചു, എന്റെ വിരലുകള്‍ കൊണ്ട് ഒരു "ബൈ" പറയുകയും ചെയ്തു...

 കൊരട്ടിയില്‍ ബസ് ഇറങ്ങുമ്പോള്‍ അവള്‍ ഒരു തവണ കൂടെ എനിക്കായി ഒരു പുഞ്ചിരി  സമ്മാനിച്ച്‌ കൊണ്ട് അവള്‍ ഇറങ്ങിപ്പോയി.. അഞ്ചു മിനുട്ടോളം ബസിനു അവിടെ സ്റ്റോപ്പ്‌ ഉണ്ടായിരുന്നു... അവള്‍ ബസിറങ്ങി മെല്ലെ നടന്നകന്നു..തിരിഞ്ഞു പോലും നോക്കാതെ...അവൾ നടക്കാവുന്നതിന്റെ ഏറ്റവും കുറഞ്ഞ വേഗതയിൽ ആയിരുന്നു നടന്നു കൊണ്ടിരുന്നത്...  കാഴ്ചയില്‍ മറയുന്ന അവസാന നിമിഷം അവള്‍, ബസ് പോയെന്ന്  കരുതി ഒരു നിമിഷം  നിന്നു തിരിഞ്ഞു നോക്കി... അവളെയും നോക്കി ബസില്‍ ഇരിക്കുന്ന എന്നെ കണ്ടു അവള്‍ ഒരു ചമ്മലോടെ അവിടെ നിന്ന് ചിരിച്ചു... ആയിരം പൂർണ ചന്ദ്രനുദിച്ച പോലെ.. അവൾക്കു നിയന്ത്രിക്കാനായില്ല.. അവൾ നിർത്താതെ ചിരിക്കുന്നുണ്ടായിരുന്നു... അതുകണ്ടു ഞാനും..  പിന്നെ  എനിക്കായ് കൈകള്‍ ഉയര്‍ത്തി "ബൈ" പറഞ്ഞു....


നാളുകള്‍ കുറെ കഴിഞ്ഞു...യാത്രക്കിടയിലെ സാധാരണ സംഭവങ്ങള്‍... അത്രയുംമാത്രം...അങ്ങനെയിരിക്കെ നാട്ടിലെ സ്കൂളില്‍ യൂത്ത്ഫെസ്റിവല്‍ വന്നത്. ഞാന്‍ പ്ലസ്‌ ടു വരെ പഠിച്ച സ്കൂള്‍. പഴയ സുഹൃത്തുക്കളെ മുഴുവന്‍ കാണാമല്ലോഎന്ന്കരുതി സ്കൂളില്‍വന്നത്. സ്കൂളിനു മുന്നിലെ കടയില്‍ മൊബൈല്‍ കാര്‍ഡ്  വാങ്ങാന്‍ നിന്നപ്പോഴാണ് അവിടെ നിന്നൊരു പെണ്‍കുട്ടിയെ  കണ്ടത്... എവിടെയോ കണ്ടു നല്ല പരിചയമുള്ള മുഖം.... ഒരു അത്ഭുതതോടെ അവള്‍ എന്നെയും നോക്കുന്നുണ്ടായിരുന്നു.. ഞാന്‍ അവളോട്‌ ചോദിച്ചു... 
."എവിടെയോ കണ്ടു നല്ല പരിചയമുണ്ടല്ലോ?"

"എനിക്കും തോന്നുന്നുണ്ട്.. പക്ഷെ  എവിടെ വെച്ചാണെന്ന് ഓര്മ കിട്ടുന്നില്ല..."

"ഈ സ്കൂളിലാണോ പഠിക്കുന്നത്?"

"അല്ല... ഞാന്‍ ചാലക്കുടിയിലാണ് പഠിക്കുന്നത്"

അപ്പോഴാണ്‌ എനിക്കൊരു സംശയം തോന്നിയത്..

"ഓം ട്രാവെല്‍സ് നു ആണോ വരുന്നത്?"

അപ്പോള്‍ അവളുടെ തലയില്‍ ഒരു ബള്‍ബ് ഉദിച്ചത്...."ഒഹ്ഹ... ഇപ്പോള്‍ ആളെ മനസ്സിലായി.. എന്താ ഇവടെ?"

ചിരിയോടെ ഞാന്‍ പറഞ്ഞു "ഇവിടെയാണ്‌ ഞാന്‍ പഠിച്ചത്.. ഞാന്‍ ശ്രീനി "

"ഞാന്‍ അനു.. "നിര്‍മലയില്‍" ഡിഗ്രി ചെയ്യുന്നു..."

"ഞാന്‍ ആമ്പല്ലൂര്‍ പോളിയില്‍ ആണ്... 

"അങ്ങനെ പരിചയപ്പെടുന്നതിനിടയിലാണ് ഒരു വിളി കേട്ടത്...

"ശ്രീനിച്ചേട്ടോ .. എപ്പോ എത്തി?" എന്റെ ജൂനിയര്‍ ആയ അനീഷ ആണ്... എന്നെയും അനുവിനെയും ഒരുമിച്ചു കണ്ടപ്പോള്‍ അവള്‍ സംശയത്തോടെ

 "നിങ്ങള്‍ പരസ്പരം അറിയ്യോ?"

അനുവാന് അതിനു മറുപടി നല്‍കിയത്... 

"എടി.. ഇതാ ഞാന്‍ പറഞ്ഞ "മൈലാഞ്ചി""..

"ആഹ ശ്രീനിച്ചേട്ടനായിരുന്നോ അത് ?? കൊള്ളാലോ..."
 പിന്നെ അനുവിനോടായി പറഞ്ഞു..

"ഞാന്‍ പറഞ്ഞിട്ടില്ലേ സീനിയര്‍ ആയ ശ്രീനിയെ  കുറിച്ച്... ആ ആളാണ് ഇത്.. കഴിഞ്ഞ തവണത്തെ സ്കൂള്‍ ഫസ്റ്റ്. കഥയും കവിതകളുമൊക്കെ ഉണ്ട് ആളുടെ കയ്യില്‍.... ആള് പുലിയാ"

ഒരു ചിരിയോടെ  അനുവുമായ് നല്ല സൌഹൃദത്തിലായ്.. യാത്ര പറഞ്ഞിറങ്ങാന്‍ നേരം അവള്‍ സ്വകാര്യമായി എന്നോട് പറഞ്ഞു..

"നമ്മള്‍ ഇനിയും കാണില്ലേ?"

"കാണണ്ടേ?"

"കാണണം... ഞാന്‍ ഉണ്ടാകും.. ഓം ട്രാവെല്സില്‍..."

"ഞാനും ഉണ്ടാകും....."

ഓര്‍മകള്‍ക്ക് ഇപ്പോഴും മൈലാഞ്ചിയുടെ ചുവപ്പും കണ്മഷിയുടെ കറുപ്പും......

ആരോടും പറയാത്ത കഥകള്‍...

ഒമാനിലെ പ്രവാസകാലമായിരുന്നു അത്.  വൈകീട്ട് അമ്പലത്തില്‍ പോയിരുന്നു..മത്രയിലെ ശിവ ക്ഷേത്രം... സമയം വൈകീട്ട് എട്ടുമണി കഴിഞ്ഞിരുന്നു...ചിങ്ങം ഒന്ന് ആയതുകൊണ്ട് പോയതാണ്.... അമ്പലത്തില്‍ പോവ്വുക എന്ന് പറയുമ്പോള്‍ എനിക്ക് ഇഷ്ടം വൈകുംനേരം പോകുന്നതാണ്... പ്രത്യേകിച്ചു നാട്ടില്‍... രാവിലെ പോകുമ്പോള്‍ കൂടുതലും ശ്രദ്ധിക്കുക പെണ്‍കുട്ടികളെ ആകും.... വൈകീട്ട് ആകുമ്പോള്‍ തിരക്കും ഉണ്ടാകുകയില്ല... സ്വസ്ഥമായി സമാധാനമായി പ്രാര്‍ത്ഥിക്കാം.... മനം നിറഞ്ഞ്....


എനിക്ക് തോന്നുന്നു ഈ ശീലം തുടങ്ങിയത് പ്ലസ്ടുവില്‍ പഠിക്കുമ്പോഴാണ്.. എന്റെ കൌമാരം മുഴുവന്‍ "അലീന " എന്നുള്ള പെണ്‍കുട്ടിയെ ചുറ്റിപ്പറ്റി ആയിരുന്നതുകൊണ്ട് ഇവിടെയും അവളുടെ ഒരു അദൃശ്യ സാന്നിദ്ധ്യമുണ്ട്... കുടുംബഅമ്പലത്തില്‍ വൈകീട്ട് എന്നും വിളക് വെക്കാന്‍ പോകാറുണ്ടായിരുന്നു ഞാന്‍... ഒരു അഞ്ചര സമയത്ത്..അമ്പലത്തില്‍ ചെന്ന് അടിച്ചുവാരി , വൃത്തിയാക്കി വിളക്കൊക്കെ കഴുകി തുടച്ചു വിളക്ക് കത്തിച്ചു കഴിയുമ്പോഴേക്കും സമയം ആറര ആയിട്ടുണ്ടാകും..

വൈകുംനേരം അമ്പലത്തില്‍ പോകാന്‍ ഞാന്‍ സൈക്കിള്‍ എടുക്കാറില്ല.... നടക്കുന്നതാണ് ഇഷ്ടം... വിളക്ക് വെച്ച്, "അമ്മയോട്"എല്ലാം പറയുമ്പോഴേക്കും മനസ്സ് ആകെ ഒരു സ്വാതന്ത്ര്യം അനുഭവപ്പെടും.... മനസ്സിന് കനം കുറഞ്ഞത്‌ പോലെ തോന്നും...അങ്ങനെ അനുഭവപ്പെടുമ്പോഴാണ് ചെയ്യുന്ന കുറ്റങ്ങളൊക്കെ തിരിച്ചറിയുന്നത്... എല്ലാം പറഞ്ഞു കഴിഞ്ഞു അവിടെ നിന്ന് ഭസ്മം നെറ്റിയില്‍ തൊട്ടു ഞാന്‍ മെല്ലെ നടക്കും...ചിറയ്ക്കല്‍ ശിവ ക്ഷേത്രത്തിലേക്... ഇടവഴിയിലൂടെ മെല്ലെ നടക്കും... അതും ഒറ്റയ്ക്ക് പോകാന്‍ ആണ് ഏറെ ഇഷ്ടം... കാവിമുണ്ട് മടക്കി കുത്താതെ.... പതുക്കെ നടക്കും...അപ്പോഴാണ് പ്രകൃതിയെ ഞാന്‍ ശ്രദ്ധിക്കുക... എല്ലാവരും കൂടണയാന്‍ ഉള്ള തിരക്കുകളിലാണ്.. പറവകളും...പണിക്കാരും..എല്ലാം...


അസ്തമയ സൂര്യന്‍ ചുവന്നു തുടുത്തു പ്രഭ ചൊരിയുമ്പോള്‍ ഞാന്‍ സ്കൂള്‍ പരിസരത്ത് എത്തും... അവിടെ  എനിക്കൊരു സ്റ്റോപ്പ്‌ ഉണ്ട്.... അമ്പലത്തിലേക്ക് തിരിയുന്ന ഭാഗത്ത്‌ ഒരു ഗേറ്റ് ഉണ്ട് സ്കൂളിനു... അവിടെ നിന്നാല്‍ സയന്‍സ് A ക്ലാസ്സ്‌ വളരെ അടുത്ത് കാണാം... അവിടെ നിന്ന് ഞാന്‍ സ്കൂളിനെ നോക്കും... വെറുതെ അന്ന് അവളെ കണ്ട നിമിഷങ്ങളെ ഓര്‍ത്തു ചിരിക്കും... പിന്നെ തീരുമാനിക്കും.. നാളെ എന്തായാലും അവളോട്‌ മിണ്ടണം.... ഒന്നും നടക്കില്ല എന്നറിയാമെങ്കിലും പിന്നെ മെല്ലെ ഒരു നഷ്ടബോധവുമായി അമ്പലത്തിലേക്ക് നടക്കും...

തൊഴുതുമനസ്സിലെ പറയേണ്ട  കാര്യങ്ങള്‍  പറയുമ്പോഴേക്കും രാജശ്രീ  എത്തിയിട്ടുണ്ടാകും... പുറത്തിറങ്ങി അവളെ കാത്തു നില്‍ക്കും... ആ കാത്തിരിപ്പിനും ഒരു രസമുണ്ടായിരുന്നു... അമ്പലത്തില്‍ നിന്നും ഇറങ്ങുമ്പോഴേ ഒരു പുഞ്ചിരിയോടെയാണ് അവള്‍ വരിക... ഭസ്മം എടുത്തു നെറ്റിയില്‍  തൊട്ടു വരുന്നത് കാണാന്‍ തന്നെ നല്ല ചന്തമാണ്... ഞാന്‍ നോക്കി നില്‍ക്കുന്നത് കാണുമ്പോഴേ ചിരിയോടെ അവള്‍ ചോദിക്കും... "എന്ത്യേടാ?"
ഒന്നുമില്ലെന്ന അര്‍ത്ഥത്തില്‍ ചിരിച്ചുകൊണ്ട് തല ആട്ടും ഞാന്‍.. പിന്നെ പതുക്കെ ഞങ്ങള്‍ ആല്‍ത്തറയുടെ അടുത്തൂടെ  വീട്ടിലോട്ടു മടങ്ങും... കൂടുതലും ക്ലാസ്സിലെ തമാശകള്‍ ആയിരിക്കും ഇപ്പോഴും... അവള്‍ അടുത്ത് ഇല്ലാതിരുന്നപ്പോള്‍ ഉണ്ടായ തമാശകള്‍... ഞാന്‍ അവളുടെ അടുത്ത് ഇല്ലതിരുന്നപോള്‍ ഉണ്ടായ കാര്യങ്ങള്‍... അങ്ങനെ.... പിന്നെ ഞാന്‍ കളിയാക്കുമ്പോള്‍ അവള്‍ കുണുങ്ങി ചിരിക്കും... പോടാ എന്നൊരു മറുപടിയും... പിന്നെയും ഞങ്ങള്‍ നടക്കും സന്ധ്യ മയങ്ങി ഇരുള്‍ വീണു തുടങ്ങിയ വഴികളിലൂടെ.. സ്കൂളിന്റെ അടുത്ത് എത്തുമ്പോള്‍ ഞാന്‍ മെല്ലെ "സ്കൂളിലോട്ട്" നോക്കും... അവളും... ആ സമയത്ത് അവള്‍ എന്തായിരിക്കും ആലോചിചിരിക്കുക എന്ന് എനിക്കറിയില്ല.. ഞാന്‍ അന്ന് ആലോചിച്ചിട്ടുമില്ല.. പക്ഷെ ഞാന്‍ ആലോചിച്ചത് ആ നസ്രാണിക്കൊച്ചിനെ കുറിച്ചായിരുന്നു...സന്തോഷമാണോ നിരാശയാണോ  എന്നൊന്നും തിരിച്ചറിയാൻ പറ്റാത്ത ഒരു ഭാവമായിരിക്കും അപ്പോൾ മനസ്സിൽ...  ആരോടും പറയാതെ ...


ഹോണ്ട അസെന്റ് കാറിലെ ACയിൽ ഇരുന്നു  അമ്പലത്തില്‍ പോകുമ്പോ ഈനോസ്ടല്ജിയ  ഓര്‍ത്തു സങ്കടപ്പെട്ടില്ല എങ്കില്‍ പിന്നെ ഞാന്‍ എങ്ങനെ ശ്രീനി ആകും?..... നഷ്ടങ്ങളുടെ കണക്കുകള്‍ വലുതാവുകയാണ്... 
ആരൊക്കെയോ.. 
എന്തൊക്കെയോ... 
നാട്... 
അമ്പലങ്ങള്‍... 
സന്ധ്യകള്‍.... 
എണ്ണിയാല്‍ തീരാത്ത അത്രയും... 
ഒറ്റയ്ക്കാവുന്ന എനിക്ക് കൂട്ട് ഈ ഓര്‍മ്മകള്‍ മാത്രം....

2021, ഏപ്രിൽ 23, വെള്ളിയാഴ്‌ച

പ്രവാസികൾ

 ഉറക്കത്തിൽ മരിച്ചു പോയൊരു പ്രവാസിയെ കുറിച്ചു എഴുതണം എന്ന് നിനച്ചിരുന്നു...

അവനെക്കാൾ നിർഭാഗ്യവാന്മാർ അവന്റെ വീട്ടുകാരാണെന്നു പിന്നെയാണ് ഓർത്തത്...


അവന്റെ അസാന്നിധ്യം വീട്ടുകാർക്ക്  ഒരു നഷ്ടബോധം നൽകുകയില്ല...

കാരണം അവരുടെ മനസ്സിൽ അവനെപ്പോഴും  മറ്റൊരു രാജ്യത്തിലാണല്ലോ..


എന്നത്തേയും പോലെ "ആനുവൽ ലീവിന്" വേണ്ടി അവർ കാത്തിരിക്കും.... ആനുവൽ ലീവ് ഇല്ലാത്ത ലോകത്താണെന്ന് അവനെന്നു അവരപ്പോൾ ഓർത്തിരിക്കില്ല..


എന്നും വിളിക്കുന്ന നേരങ്ങളിൽ വരാത്ത "ഫോൺ കോളുകൾ ", ബ്ലു ടിക് വീഴാത്ത വാട്സ്ആപ്പ് മെസ്സേജുകൾ, അറ്റൻഡ് ചെയ്യപ്പെടാത്ത വീഡിയോ കോളുകൾ...

അതൊക്ക ആയിരിക്കും അവരെ കൂടുതൽj വിഷമപ്പെടുത്തുന്നത്...


ലോൺ അടക്കാനുള്ളത്, ചിട്ടി അടയ്ക്കാനുള്ളത്...

മരുന്നു വാങ്ങാനുള്ളത്..

അങ്ങനെ ചിലവുകളെല്ലാം അങ്ങനെ തന്നെ നിൽക്കും..

ചിലവുകൾക്കറിയില്ലല്ലോ ഉറക്കത്തിലെപ്പോഴോ യാത്ര പോയ സുഹൃത്തിനെ പറ്റി...


പ്രവാസികൾക്ക് ഒരിക്കലും മരണമില്ലല്ലോ അവരു ജീവിക്കുന്നത് എപ്പോഴും അവരുടെ വീട്ടുകാരുടെ മനസ്സുകളിലാണ്...

2020, മേയ് 23, ശനിയാഴ്‌ച

Random thoughts-6

ഓര്‍മ്മ

മരണത്തോടടുത്ത    മുത്തശ്ശി,
മറന്നു പോയവ ഓര്‍ത്തെടുത്തു
പറയുന്നു.....
ഒന്നും ഓര്‍ക്കാന്‍ നേരമില്ലാത്ത
നമ്മള്‍ അതിനെ "ഓര്‍മ്മക്കുറവെ"ന്ന്
പറയുന്നു....

കണ്ണാടി

കണ്ണാടിയുടെ നിറമെന്താണ്?
ചിലര്‍ക്ക് കാവി, ചിലര്‍ക്ക് ചുവപ്പ്..
ചിലര്‍ക്കത് ചന്ദ്രക്കലയുടെ വെള്ള...
ചിലര്‍ക്കത് സ്വര്‍ണക്കുരിശിന്റെ ശോഭ..
വിശക്കുന്നവര്‍ പിന്നെയും ചോദിച്ചേക്കാം??
കണ്ണാടിയുടെ നിറമെന്താണ്?

കാത്തിരിപ്പ് 
ശരീരവും മനസ്സും ചിന്തകളും പ്രവർത്തികളും പ്രാണനുമെല്ലാം ഓവർ ബ്രിഡ്ജിലൂടെ പായുമ്പോൾ...... ഓർമ്മകൾ മാത്രം നീ വരുന്നതും നോക്കി.... അടച്ചിട്ട റെയിൽ വെ ക്രോസിനരികിൽ നിന്നെയും കാത്തിരിക്കാറുണ്ട് ....

ദു:സ്വപ്നം
  
ചോര കണ്ടു മരവിച്ച മനസ്സിനെയും
ഭയപ്പെടുത്താന്‍  ഒരു 
ദു:സ്വപ്നത്തിന്റെ 
നിമിഷങ്ങള്‍ മതി

Hide n' Seek

പ്രിയപ്പെട്ട കവിയത്രീ....
കെട്ടുപിണഞ്ഞ വാക്കുകള്‍ക്കിടയില്‍
എത്ര മനോഹരമായിട്ടായിരുന്നു,
വാക്കുകള്‍ കൊണ്ട് നീ നിന്നെ,
എന്നിൽ നിന്നും ഒളിപ്പിച്ചു വെച്ചത്? 
Chat Conversation End

2020, മേയ് 22, വെള്ളിയാഴ്‌ച

നിങ്ങൾക്ക് സ്വപ്നങ്ങളെ വ്യാഖ്യാനിക്കാൻ അറിയുമോ ?



മരിച്ചു പോയവരെ സ്വപ്നം കാണുന്നത് എന്തുകൊണ്ടാണ്? അതും ഒരുപാട് തവണ???


2016 മെയ് 27 നു ആയിരുന്നു അച്ഛൻ ഞങ്ങളെ ഒക്കെ തനിച്ചാക്കി പോയത്,, ചടങ്ങുകളൊക്കെ തീർത്തു രണ്ടാം മാസം ഞാൻ തിരിച്ചു മസ്കറ്റിൽ എത്തി.. ഒന്നോ രണ്ടോ മാസങ്ങൾ കഴിഞ്ഞു... ഒരു പുലർച്ചെ കണ്ടൊരു ജീവൻ തുടിക്കുന്നൊരു സ്വപ്നം.. ഞാൻ ഒരു അമ്പലത്തിൽ നിൽക്കുന്നു... കൃത്യം പറഞ്ഞാൽ കൊടകര ശ്രീ പൂനിലാർക്കാവ് ഭഗവതി ക്ഷേത്ര നടയിൽ.... ഒരു പരിചയവുമില്ലാത്ത ഒരുപാട് ആളുകൾ ചുറ്റിലും... അതിൽ ആരോ ഒരാൾ എന്നോട് പറയുന്നു... "അകത്തേക്ക് ചെല്ല്".. ഞാൻ അകത്തേക്ക് ചെല്ലുന്നു... അകത്തു ചെന്നപ്പോൾ അവിടെയും പരിചയമില്ലാത്ത മുഖങ്ങൾ.. അതിൽ ഒരാൾ എന്നോട് പറയുന്നു
" കുട്ടൻ അച്ഛനെ കാണാൻ വന്നത് ആണല്ലേ... ഇപ്പോൾ വരും"
ഉറക്കത്തിലും എന്റെ മനസ്സിൽ വന്നത് നൂറുകണക്കിന് ചിന്തകൾ ആയിരുന്നു... "ആ വന്നത് ആരാ?" "അയ്യാൾ എന്നെ എങ്ങനെ അറിയുന്നത് ?" "ഞാൻ ഇവിടെ വന്നത് അച്ഛനെ കാണാൻ ആണോ? അതും മരിച്ചു പോയ അച്ഛൻ ?" ഇങ്ങനെ ഒക്കെ ആലോചിച്ചു നിൽക്കുമ്പോൾ അകത്തു നിന്നും അച്ഛൻ വരുന്നു... പതിവിനു വിപരീതമായി വളർന്ന, എണ്ണതേക്കാത്ത  മുടി, വളർന്ന മീശ, നെറ്റിയിൽ ആക്‌സിഡന്റിൽ സംഭവിച്ച ആ പാട്, സംസാരിക്കുമ്പോൾ ഉള്ള പല്ലിലെ വിടവ്... അച്ഛൻ തന്നെ... പക്ഷെ പുതിയ ഭാവം... എന്തൊക്കെയോ സംസാരിച്ചു... അതൊന്നും ഓർമയില്ല... പക്ഷെ അവസാന വരിമാത്രം ഓർമയിൽ നില്പുണ്ട്...

"ഞാൻ ഇവിടെ ഉണ്ടാകുംട്ടോ.. കാണണം എന്ന് തോന്നുമ്പോ ഇങ്ങു വന്നാൽ മതി"
കണ്ണ് തുറന്നു നോക്കുമ്പോൾ റൂമിലെ AC യുടെ ചുവന്ന വെളിച്ചം മാത്രം... 

################################################################################

ഏതൊരു പ്രവാസിയെയും പോലെ നാട്ടിൽ തിരിച്ചു എത്തി എന്തെങ്കിലും സ്വന്തമായി തുടങ്ങണം എന്നുള്ള ചിന്ത ആളിപ്പടരുന്ന കാലം... എല്ലാ സുഹൃത്ചർച്ചകളിലും "ബിസിനസ് ഐഡിയസ് " സംസാരിക്കുന്ന കാലം... എത്ര ആലോചിച്ചിട്ടും ഒരു തീരുമാനത്തിൽ എത്താൻ പറ്റാതെ ഇരിക്കുന്ന സമയം... അങ്ങനെ ഇരിക്കുമ്പോഴാണ് ജോലി സംബന്ധമായ കാര്യത്തിന് വേണ്ടി ഒരു ഫാം സന്ദർശിക്കേണ്ടി വരുന്നത്... പെട്ടെന്ന് മനസ്സിൽ ഒരു ബൾബ് കത്തി.... എന്തുകൊണ്ട് ഒരു ഫാം തുടങ്ങിക്കൂടാ?  ഏതൊരു പ്രവാസിയെയും പോലെ ഫാം എന്ന തീരുമാനത്തിൽ എത്തി... കാരണം എന്റെ ചെറുപ്പം മുതലേ വീട്ടിൽ വളർത്തു മൃഗങ്ങൾ ഉണ്ടായിരുന്നു... അച്ഛൻ വളർത്തിയിരുന്നതിൽ ഏറ്റവും പ്രധാനം ആടുകൾ ആയിരുന്നു... ഏറ്റവും അത്  ഒരു തീരുമാനം ആയി. "ജോലി നഷ്ടപ്പെട്ടു നാട്ടിൽ എത്തിയാൽ  ആട് വളർത്താം"
പിറ്റേന്ന്  പുലർച്ചെ ഒരു സ്വപ്നം ഉണ്ടായിരുന്നു എനിക്ക്.... ആ സ്വപ്നനത്തിലും ഞാൻ ഉറങ്ങുകയായിരുന്നു.... ആരോ വിളിച്ചു എഴുന്നേൽപ്പിച്ചത് പോലെ ഞാൻ കണ്ണ് തുറന്നു... പെട്ടെന്ന് ഡോറിൽ തട്ടുന്ന ശബ്ദം കേട്ട് ഞാൻ വാതിൽ തുറന്നു... മുന്നിൽ അച്ഛൻ. അന്ന് സ്വപ്നത്തിൽ അമ്പലത്തിൽ വെച്ച് കണ്ട അതെ രൂപം..  മുന്നിലെ വരാന്ത നിറയെ ആടുകൾ...  രണ്ടു കുഞ്ഞുങ്ങൾ ചാടി പുറത്തേക്ക് ഓടിക്കളിക്കുന്നു.
" നീ എന്തായാലും ആട് വളർത്താൻ തുടങ്ങാൻ പോകുകയല്ലേ.... ഇന്നാ നിനക്കു കൊണ്ട് വന്നതാ"...
ഞാൻ ഇത് ഒരു തീരുമാനം ആക്കി വെച്ചത് അച്ഛൻ എങ്ങനെ അറിഞ്ഞു എന്ന് ആലോചിച്ചു നിൽക്കുകയായിരുന്നു ഞാൻ... പെട്ടെന്ന് ആണ് ഓർമ്മ വന്നത്

" അച്ഛാ വാ.. 'അമ്മ ഇപ്പോൾ വരും... "
"അതുവരെ ഒന്നും സമയം ഇല്ല... എനിക്ക് വേഗം പോകണം... നിനക്ക് തരാൻ വേണ്ടി വന്നതാണ്.....പോട്ടെ"

കണ്ണ് തുറന്നു നോക്കുമ്പോൾ റൂമിലെ AC യുടെ ചുവന്ന വെളിച്ചം മാത്രം...

#################################################################################

പിന്നെയും കണ്ടു പലതവണ... ഏതോ ഒരു മരണവീടിന്റെ ചുറ്റുപാടിൽ..... ഞാനും അമ്മയും ചേച്ചിയും എത്തുമ്പോൾ അവിടെ ഇരിക്കുന്നു... അന്ന് സ്വപ്നത്തിൽ അമ്പലത്തിൽ വെച്ച് കണ്ട അതെ രൂപം...
"അച്ഛനെന്താ ഇവിടെ വന്നത് ? "
തിരിച്ചു മറുപടി ഇല്ലായിരുന്നു..... പകരം ചിരിച്ചു....
"ഇതാരെന്നു അച്ഛന് അറിയുമോ? ഞാൻ പിന്നെയും ചോദിച്ചു.....
അതിനും മറുപടി ഉണ്ടായിരുന്നില്ല.... പകരം കസേരയിൽ നിന്നും എഴുന്നേറ്റു.. പതിയെ മുറ്റത്തേക്ക് ഇറങ്ങി നടന്നു.....
അത് ആരുടെ വീടാണെന്നോ ഒന്നും എനിക്കും അറിയില്ലാ.... പക്ഷെ ഞങ്ങളെ കാത്തിരുന്ന് കണ്ടിട്ട്, പിന്നെ തിരിച്ചു പോയത് പോലെ...
കണ്ണ് തുറന്നു നോക്കുമ്പോൾ റൂമിലെ AC യുടെ ചുവന്ന വെളിച്ചം മാത്രം...

###############################################################################

ഇത് വായിക്കുന്ന ആർക്കെങ്കിലും ഇതെന്തായിരിക്കും ഒന്ന് വിവരിക്കാൻ സാധിക്കുമോ?  ഒന്നോ രണ്ടോ തവണ അല്ല.. ഒരുപാട് തവണ ഇങ്ങനെ സ്വപ്നം കാണുന്നത്.. മരിച്ചു കഴിഞ്ഞാൽ പിന്നെ ഒരു ജീവിതം പരലോകത്തു ഉണ്ടാകുമോ ? അറിയില്ല... അറിയണമെങ്കിൽ മരിച്ചു തന്നെ നോക്കണം.... അങ്ങനെ ഒരു ജീവിതം ഉണ്ടെങ്കിൽ ഒരു കാര്യം ഉറപ്പാണ് ... എന്റ്റെ അച്ഛന്റെ ഇപ്പോഴത്തെ മുഖം .... അത് എനിക്ക് വ്യക്തമായി അറിയാം ....