നേരം സന്ധ്യ
മയങ്ങിക്കഴിഞ്ഞിരുന്നു... തെല്ലിട മാറി നിന്നെങ്കില്ലും പിന്നെയും പെയ്യനോരുങ്ങി
കാലവര്‍ഷം പിന്നെയും മാനത്ത് മൂടിക്കെട്ടുന്നുണ്ടായിരുന്നു... മഴയുടെ ആരവമുയര്‍ത്തി
കാറ്റ് ഇലകളെ മുഴുവന്‍ ഇളക്കി മറിച്ചെങ്കിലും മാരി പെയ്യാന്‍ മാത്രം മടിച്ചു
നിന്നു... അപ്പോഴും ഇളകിമറിയുന്ന ആലിലകളെ
തന്നെ നോക്കി സിദ്ധാര്‍ഥ് താഴെ ഇരുന്നു... എന്നും വൈകുന്നേരങ്ങളില്‍ ഇത്
പതിവുള്ളതാണ്, അമ്പലപ്പറമ്പിലെ ആല്‍ത്തറയിലെ ഒറ്റക്കുള്ള ഇരുത്തം. ചെയ്യാന്‍ പ്രത്യേകിച്ചു
ഒന്നുമില്ലാത്തപ്പോള്‍ ഇവിടെ വന്നിങ്ങനെ
ആലിലകളെ നോക്കി ഇരിക്കാന്‍ വല്ല്യ ഇഷ്ടമാണ്..... തൊഴിലില്ലായ്മ എന്ന
പ്രതിസന്ധി നേരിടാന്‍ തുടങ്ങിയപ്പോഴാണ് പ്രധാനമായും ഈ ഒരു ശീലം തുടങ്ങിയത്...
“ഇവിടെ ഈ നേരത്ത് ഇരിക്കരുത് കുട്ടീ....
അപ്പുറത്ത് കാവാണ്.. ഇഴ ജന്തുക്കളൊക്കെ കാണും”
എന്നും സ്നേഹപൂര്‍വ്വം ശാസികാറുള്ള മുത്തശ്ശിയാണ്..
കാവില്‍ വിളക് വെയ്ക്കാന്‍ വരുന്നതാണ്...
“ഈ കുട്ട്യോള്‍ക്കൊന്നും ഒരു അനുസരണയും
ഇല്ല്യാലോ.... വീട്ടില്‍ പൊക്കോളൂ”.....
വീട്ടിലേക്ക്
പോകാനാണ് തോന്നാത്തത്... വയ്യാതെ ആണെങ്കിലും പിന്നെയും ജോലിക്ക് പോകുന്ന അച്ഛനും
കഷ്ടപ്പാടുകള്‍ മുഴുവന്‍ ഉള്ളിലൊതുക്കി കഴിയുന്ന അമ്മയും.... അവരെ പോറ്റേണ്ട താന്‍
ഇപ്പോഴും അവരുടെ ചിലവില്‍....... ഓര്‍ക്കുമ്പോഴേ കഴിച്ച ചോറ് തന്നെ ശ്വാസം
മുട്ടിക്കുന്നു.... ജോലിയെ പറ്റി ഒരു വാക്ക് പോലും അവര്‍ ചോദിക്കുന്നുമില്ല... അത്
നന്നായി... ഇനിയും കള്ളം പറഞ്ഞു കൂട്ടാന്‍ വയ്യ തനിക്ക്...
ഫോണിലെ missed
calls ഇല് ഇന്ന് അവളുടെ നമ്പര്‍ ഇല്ലായിരുന്നു... അനുഷ എന്ന അനുവിന്റെ... ഒറ്റപ്പെടുമ്പോഴോക്കെയും
വാക്കുകള്‍ കൊണ്ട് കൂട്ടിരിക്കാറുള്ള ഒരു കൊച്ചു കൂട്ടുകാരി... “എല്ലാം ശരിയാവൂടോ
മാഷെ ഞാന്‍ ഇല്ലേ കൂടെ” എന്നുള്ള ഒറ്റ വാചകത്തില്‍ തന്റെ മനസ്സില്‍ ഒരു മഴവില്ല്
വിരിയിക്കാനുള്ള കഴിവുണ്ടായിരുന്നു അവള്‍ക്ക്.. ഇങ്ങനെ സംസാരിക്കാന്‍ എങ്ങിനെ
സാധിക്കുന്നു എന്ന് ചോദിക്കുമ്പോള്‍ ആ കവിളിലെ നുണക്കുഴികളില്‍ ഒരു ചിരി വിരിയും..
ഒരുപാട് കൂട്ടുകാര്‍ ഉണ്ടത്രേ.. മീനു, അപ്പു, ശ്രീക്കുട്ടി, കുഞ്ഞു... അങ്ങനെ
ഒരുപാട് പേര്.. പിന്നെയാണ് അറിഞ്ഞത്... മീനു അവള് നട്ട ചെമ്പകമാണെന്നു.. ശ്രീക്കുട്ടി അവളുടെ വഴികളില്‍ മഞ്ഞ പൂവ്
വിതറുന്ന കണിക്കൊന്നയാണെന്ന്... കുറിഞ്ഞിപ്പൂച്ചയാണ് അപ്പു...
അവളോട് ഇഷ്ടം
പറയുന്നതിന് മുന്‍പ് എത്രയോ തവണ അവളുടെ വീടിനു മുന്നിലൂടെ സൈക്കിളില്‍
പാഞ്ഞിരിക്കുന്നു. ഓരോന്നിനും സമയങ്ങളുണ്ട്.. അച്ഛന് ഇല്ലാത്ത സമയം, അവളെ കാണാന്‍ പറ്റുന്ന സമയം,
അമ്പലത്തില്‍ വരുന്ന സമയം... അങ്ങനെയങ്ങനെ... ..അമ്പലങ്ങളില്‍ വെച്ച് “അറിയാതെ”
എത്രയോ തവണ കണ്ടിരിക്കുന്നു... ചിലര്‍ പറഞ്ഞു കേട്ടിട്ടുണ്ട്.. “ഒരു നിമിഷം മതി
ഒരു പെണ്ണിന്റെ മനസ്സ് മാറാന്‍ എന്ന്...” എത്രയോ കാത്തിരുന്നിട്ടുണ്ട് അവളുടെ
മനസ്സ് മാറി തന്നോട് ഇഷ്ടം തോന്നുന്ന നിമിഷത്തിനായ്..
“നാളെ കാലത്ത് അമ്പലത്തില്‍ വന്നോളുട്ടോ...
ക്ലാസ്സില്‍ പോണ വഴിക്ക് ഞാനും വരാട്ടോ....
ഒരൂട്ടം തരാനുണ്ട്...” അമ്പലങ്ങളുള്ളത്
കൊണ്ട് വല്ലപ്പോഴും അവളെ കാണാന്‍ സാധിക്കുമായിരുന്നു... ചെല്ലുമ്പോള്‍ കൈ നിറയെ ചെമ്പകപ്പൂക്കള്‍ തരും.... “മീനുട്ടി
തന്നു വിട്ടതാ.,, സിദ്ധുവിനു തരാന്‍....” നുണക്കുഴികളില്‍ പിന്നെയും ചിരി വിടരും...
ഇന്നലെ വൈകീട്ട് അവസാനമായി
കണ്ടപ്പോഴും അവളുടെ കൈകളില്‍ തനിക്കായി “മീനുവിന്റെ സമ്മാനം” ഉണ്ടായിരുന്നു.. ഒരു
കൈക്കുടന്ന നിറയെ ചെമ്പകപ്പൂക്കള്‍, കരഞ്ഞു കലങ്ങിയ കണ്ണുകള്‍ എന്നില്‍
നിന്നോളിപ്പിച്ചു വെച്ചെങ്കിലും നുണക്കുഴികള്‍ക്ക് തന്നോട് കള്ളം പറയാന്‍ സാധിക്കില്ലായിരുന്നു. അവള്‍ക് നല്കാന്
തനിക്കും മറുപടികള്‍ ഇല്ലായിരുന്നു.. കാമ്പസിന്റെ ആവേശത്തില്‍ പ്രണയിക്കാം എങ്കില്‍
തൊഴിലില്ലാത്തവന് സ്വപ്നങ്ങള്‍ പോലും അന്യമാണ്... ഇന്നവളുടെ വിവാഹമാണ്.
സ്വപ്നത്തിലും ജീവിതത്തിലും തോറ്റുപോയവന് സ്വപ്നത്തിലെ നായികയില്‍
അവകാശമില്ലല്ലോ...
അമ്പലത്തറയില്‍
നിന്നും ഇറങ്ങി തിരിച്ചു വീട്ടിലേക്ക് മടങ്ങി.... ഇരുള് വീണിരുന്നെങ്കിലും പരിചിതമായ വഴികളിലൂടെ അവന് നടന്നകന്നു. അപ്പോഴും
മുഷിഞ്ഞ അവന്റെ പോക്കെറ്റിനുള്ളില്‍ വാടിയ ചെമ്പകപ്പൂക്കളുണ്ടായിരുന്നു...
കഥ വായിച്ചു
മറുപടിഇല്ലാതാക്കൂആശംസകള്
Regardsssss dear....
മറുപടിഇല്ലാതാക്കൂവാടിയ ചെമ്പകപ്പൂക്കള്‍
മറുപടിഇല്ലാതാക്കൂസിദ്ധുവിന്റെ ജീവിതത്തിൽ ഇനിയും പുതു സ്വപ്നങ്ങളുമായി വിടരുവാൻ ഇടയുള്ള പനുനീർ പൂവിനു, എന്റെ ആശംസകൾ....
മറുപടിഇല്ലാതാക്കൂ