2015, സെപ്റ്റംബർ 1, ചൊവ്വാഴ്ച

അലീന - 2



(http://itsmesreee.blogspot.com/2015/07/blog-post_25.html   ആദ്യഭാഗം  വായിക്കാത്തവര്‍ക്കായ്)


കര്‍ക്കിടകം ആര്‍ത്തലച്ചു പെയ്തൊഴിഞ്ഞിരുന്നു...  ഒരു കുട്ട പൂക്കളുമായി ചിങ്ങവും വിരുന്നുവന്നു... കുറച്ചു ദിവസമെടുത്തു.... മനസ്സ് പഴയത് പോലെ ആകാന്‍.... പിന്നെയാണ് ഞാന്‍ ഒരു കാര്യം ശ്രദ്ധിച്ചത്...  ഞങ്ങടെ ബാച്ചിലെ എല്ലാ പെണ്‍കുട്ടികളും സുന്ദരിമാരാണ്... പതുക്കെപ്പതുക്കെ എല്ലാവരുമായി  പരിചയപ്പെടണം.. പ്രത്യേകിച്ചു സയന്‍സ് A ബാച്ച്.. അതിനും ദൈവം തന്നെ ഒരു വഴി കാണിച്ചു തന്നു... ശഹാന.... എന്റെ ക്ലാസ്സ്‌മേറ്റ്‌...

ശഹാന വഴി കുറച്ചു സുഹൃത്തുക്കള്‍ ഉണ്ടായി.... മഞ്ജുഷ , രെമ്യ.....   എല്ലാവരുമായി നല്ല സൌഹൃദങ്ങള്‍... അലീന  ഒഴികെ ബാക്കി എല്ലാവരെയും  നേരിട്ട് പരിചയപ്പെട്ടു... അപ്പോഴും മനസ് നിറയെ ദേഷ്യമായിരുന്നു അവളോട്‌.... അവളെ   വഴിയില്‍ കാണുമ്പോഴൊക്കെ ഞാനും കൂട്ടുകാരും ചേര്‍ന്ന്  കളിയാക്കിത്തുടങ്ങി....  അങ്ങനെ നീണ്ട ഒരു ഒരാഴ്ചക്കാലം കഴിഞ്ഞു... .....  ഒരു ഉച്ച സമയം...

ഉച്ചക്ക് സൈക്കിള്‍ എടുക്കാനായി  സയന്‍സ് ക്ലാസ്സിന്റെ  അരികിലൂടെനടന്നു പോവുകയായിരുന്നു ഞാന്‍....  അറിയാതെ  ജനലിലൂടെ അകത്തേക് നോക്കിയപ്പോള്‍.... പിന്നെയും ആ കണ്ണുകള്‍....  രണ്ടു നിമിഷം അവിടെ  ഞാന്‍ നോക്കി നിന്നുപോയി...  വെറുതെ  മനസ്സില്‍ നിറച്ചു വെച്ചിരുന്ന ദേഷ്യത്തെ തിരഞ്ഞു. അവിടെ എങ്ങും കാണുന്നില്ല .... ഈശ്വരാ..... ഒരു പോടീ പോലും ബാക്കി ഇല്ലാതെ ഒക്കെയും പോയിക്കഴിഞ്ഞിരിക്കുന്നു... മനസ്സ് പോലും എന്നെ ചതിച്ചിരിക്കുന്നു....
ശോ.. ദേഷ്യം വന്നപ്പോള്‍ കൂട്ടുകാരോട് എന്തൊക്കെയോ ഡയലോഗ് അടിച്ചതാ.ഇനി അവളുടെ പിന്നാലെ എന്റെ പട്ടി നടക്കും... എന്ന് വരെ പറഞ്ഞു... ഒക്കെയും മറന്നുപോയി.... ഇനിയും ഇഷ്ടവും കൊണ്ട് നടന്നാല്‍ അവന്മാര്‍ പിന്നെ ജീവിക്കാന്‍ സമ്മതിക്കില്ല....... വെറുതെ കൂട്ടുകാരെ പിണക്കിയിട്ടു എന്തിനാ??ഒന്നും വേണ്ട... ഒരു തീരുമാനം എടുക്കാന്‍ പറ്റുന്നില്ല....  മുഖത്ത് നിറയെ ദേഷ്യവും മനസ്സ് നിറയെ സ്നേഹവും...ഞാന്‍ഒരു നടന്‍ആണെന്ന്സ്വയംതിരിച്ചറിഞ്ഞു ..

.എങ്ങിനെയെങ്കിലും അവളോട്‌ മിണ്ടണം എന്ന് മനസ്സ് വല്ലാതെ ആഗ്രഹിക്കുന്നുണ്ടായിരുന്നു.... പുറത്തു പറയാനും വയ്യ...   അവള്‍ക്കാണെങ്കില്‍ ലോകത്ത് ഏറ്റവും വെറുപ്പ് എന്നെ ആണെന്നുള്ള ഭാവവും..... ആരോടെങ്കിലും ഒന്ന് ചിരിക്കുന്നത് കൂടി കണ്ടിട്ടില്ല... ഇതിനെ ഞാന്‍ എങ്ങനെ ഇഷ്ടപ്പെട്ടു എന്ന് വരെ ആലോചിച്ചു പോയി.മനസ്സ്  നിയന്ത്രണങ്ങള്‍ക്കും അപ്പുറത്തായിരുന്നു.. ആരെയും പ്രേമിക്കില്ല... ഇനി അങ്ങനെ വന്നാല്‍ കൂടെ  അതൊരു ഹിന്ദു പെണ്‍കുട്ടി ആയിരിക്കും... ഒരു നാടന്‍ പെണ്‍കുട്ടി..... ഇങ്ങനെയുള്ള എന്റെ എത്ര കുഞ്ഞു കുഞ്ഞു വാശികളാണ് ഒറ്റ ദിവസം കൊണ്ട് കടപുഴകിയത്.... മെല്ലെ ഞാന്‍ ഉഴപ്പിത്തുടങ്ങിയിരുന്നു .... പരീക്ഷകളില്‍ പിന്നോക്കം വന്നു തുടങ്ങിയിരുന്നു... അങ്ങനെയിരിക്കെ ഒരു ദിവസം ഉച്ചക്ക് നേരത്തെ ഇറങ്ങി സൈക്കിള്‍ എടുക്കാന്‍ ചെന്നപ്പോഴാണ്  ആ രസകരമായ കാഴ്ച കണ്ടത്.... ഞാന്‍ ഉള്ളു തുറന്നു പൊട്ടിച്ചിരിച്ചു പോയി...

ടീച്ചര്‍ ക്ലാസിനു വെളിയില്‍ ഇറക്കി നിര്‍ത്തിയിരിക്കുന്നു നമ്മുടെ നായികയെ.... എന്നെ കണ്ടതും ചെകുത്താനും കടലിനും നടുവില്‍ പെട്ട അവസ്ഥ.... ചിരിക്കണമെന്നും ഉണ്ട്...  നാണക്കേടും ഉണ്ട്..... ഞാന്‍ അടുത്ത് ചെന്നു ചിരിച്ചു കൊണ്ട് ചോദിച്ചു...
"സ്റ്റാറ്റസ് കൂടി ഇപ്പൊ ക്ലാസിനു വെളിയില്‍ ആയല്ലോ.... ഇതായിരുന്നല്ലേ ആ പറഞ്ഞ സ്റ്റാറ്റസ്. ഭാഗ്യം... എനിക്കതില്ല.."
" നീ പോടാ" പതിവ് ഉത്തരം....പക്ഷെ മേമ്പോടിയായി ഒരു ചിരിയുണ്ടായിരുന്നു... ഞാന്‍പിന്നെയുംപറഞ്ഞു...
" ദെ.. ചിരിക്കുന്നു... അപ്പൊ ചിരിക്കാനും അറിയാം അല്ലെ?"
ഇത്തവണ ചിരി അല്പം കൂടി ഉച്ചത്തിലായി.... എനിക്ക് ആദ്യമായി സന്തോഷം തോന്നി... ആദ്യമായി അവള്‍ നല്ലരീതിയില്‍ പ്രതികരിക്കുന്നു... പക്ഷെ ആരോടും പറഞ്ഞില്ല.... കാരണം അവളോട്‌ "തീരാത്ത വെറുപ്പ്‌" ആണല്ലോ എനിക്ക്...

കളിയാക്കലുകളൂമായി ഒന്നാംവര്‍ഷം കടന്നുപോയി... ഒന്നാം സ്ഥാനക്കാരനായി ക്ലാസ്സില്‍ ജോയിന്‍ ചെയ്ത ഞാന്‍ ആദ്യ പത്തു സ്ഥാനത്ത് നിന്നുവരെ പുറത്തായി.... എങ്കിലും ആഘോഷങ്ങള്‍ക്കും കളിയാക്കലുകള്‍ക്കും ഒരു കുറവും വരുത്തിയില്ല.... ഇപ്പോള്‍ സ്കൂളിലെ ഏറ്റവും മുതിര്‍ന്ന വിദ്യാര്‍ഥികള്‍ ആയി ഞങ്ങള്‍... സ്കൂള്‍ ഞങ്ങളുടെ സ്വന്തം...  പുതിയ കെട്ടിടത്തിന്റെ ഒന്നാം നിലയില്‍ ആയിരുന്നു  ഞങ്ങളുടെ ക്ലാസ്സ്‌...  ദൈവം അവിടെയും  എനിക്ക് വേണ്ടി ഒരു ഫേവര്‍ ചെയ്തു..... എന്റെ ക്ലാസ്സിന്റെ മുന്നില്‍ കൂടി അല്ലാതെ അവള്‍ക്ക് സ്വന്തം ക്ലാസ്സില്‍ പോകാന്‍ പറ്റില്ലായിരുന്നു... ആകെ ഒരു ഇടനാഴി.. അവിടെ  കോണിപ്പടികള്‍ തിരിയുന്നിടത്ത് ഒരു "പഞ്ചാരമുക്ക്‌".. അവിടെ ഇരുപത്തിനാല് മണിക്കൂറും കാവലായി കോമ്മെര്‍സ് ബാച്ച് ബോയ്സ്. സ്ഥിര പ്രതിഷ്ടകളായി ഞങ്ങള്‍ ഒന്നുരണ്ടു പേര്‍.....

അവളുടെ തലവെട്ടം കാണുമ്പോഴേ ക്ലാസ്സില്‍ നിന്നും കമന്റ്സ് ഉയര്‍ന്നിരുന്നു..  ഇപ്പോള്‍ ആ പഴയ ദേഷ്യം ഒന്നും അവളുടെ മുഖത്ത് ഇല്ലായിരുന്നു... എന്നാലും മിണ്ടുകയുമില്ല...  വൈകുന്നേരം ക്ലാസ്സ്‌ കഴിഞ്ഞു ബസ് ന് വേണ്ടി കാത്തിരിക്കുന്നതും സ്കൂളിന്റെ  മുറ്റത്തായിരുന്നു...  അപ്പോഴാണ്‌  ദൈവദൂതികയെ പോലെ ശഹാനയും മഞ്ജുഷയും  സംഘവും അവിടെ ഇരിക്കുന്നത്...  അവരോടു എനിക്ക്   " എത്ര വിശേഷം പറഞ്ഞാലും  തീരില്ലായിരുന്നു "

മാസങ്ങള്‍ ആരുമറിയാതെ കൊഴിയുന്നുണ്ടായിരുന്നു... ഓണവും ക്രിസ്മസ്ഉം  കണ്ണടച്ച് തുറക്കുന്നതിനു മുന്‍പേ കടന്നു പോയി.  ഇപ്പോള്‍ എന്നെ നോക്കുന്ന അവളുടെ കണ്ണുകളില്‍ വെറുപ്പില്ല എന്ന് എനിക്ക് തോന്നിത്തുടങ്ങിയിരുന്നു... കൂട്ടുകാര്‍ ഒപ്പമില്ലാതെ ഞാന്‍ ഒറ്റയ്ക്കുള്ള നിമിഷങ്ങളില്‍ സുന്ദരമായ ചില നോട്ടങ്ങളും സമ്മാനിക്കാറുണ്ടായിരുന്നു.. എന്റെ കൂടെ ആളുകള്‍ ഉള്ളപ്പോള്‍ മുഖത്ത് പോലും നോക്കാതെ നടന്നകലുകയും ചെയ്തിരുന്നു.....


ഇപ്പോഴും അവളെ അടുത്ത് കാണുമ്പോള്‍ ഞാന്‍ വല്ലാതെ ആകുമായിരുന്നു... ചുറ്റുമുള്ള വായു എനിക്ക് തികയാതെ വരുന്നു... വേറെ എന്തോ തിരക്ക് പിടിച്ച പണി ഉള്ളത് കൊണ്ട് പെട്ടെന്ന് ജോലി തീര്‍ക്കുന്ന പോലെ ഹൃദയം പടപടാ മിടിക്കുന്നു...കാലുകള്‍ക്ക് ആകെ ഒരു ബലക്ഷയം പോലെ.... നാവിനു തിരയുന്ന വാക്കുകള്‍ ലഭിക്കാത്ത പോലെ... അവളെ കാണുമ്പോള്‍ മാത്രം.... എന്നിട്ടും കോണിപ്പടികള്‍ കയറി വന്ന അവളെ ഞാന്‍ വഴിയില്‍ വെച്ച് തടഞ്ഞു നിര്‍ത്തി പറഞ്ഞു...." എന്റെ ഓട്ടോഗ്രാഫ് ക്ലാസ്സില്‍ കൊടുത്തിട്ടുണ്ട്... എന്തെങ്കിലും കുറിക്കണം അതില്‍".... എന്റെ കണ്ണുകളിലേക്ക് നോക്കി ഇല്ല എന്ന അര്‍ത്ഥത്തില്‍  അവള്‍ തലയാട്ടി അവള്‍ കടന്നു പോയി... എങ്കിലും  അവളുടെ ജന്മദിനത്തിന്റെ പേജില്‍ എനിക്കായി  അവള്‍ എട്ടു വരികള്‍ കുറിച്ചിരുന്നു.... രണ്ടു വര്‍ഷത്തിനിടയില്‍ അത്രയും വാക്കുകള്‍ മാത്രം  ആയിരുന്നു അവള്‍ എനിക്കായി നീക്കി വെച്ചത്...

  കാമ്പസ് ഒരു പരീക്ഷാചൂടിലെക്ക് പതുക്കെ വന്നു തുടങ്ങിയിരുന്നു... പക്ഷെ   ഞാനും എന്റെ പ്രണയവും ഇപ്പോഴും തുടങ്ങിയിടത് തന്നെ നില്‍ക്കുന്നു.....  മോഡല്‍ എക്സാം ന്റെ ടൈംടേബിള്‍ കിട്ടിയപ്പോഴാണ്  പഠിക്കണം എന്നാ ചിന്ത വന്നത്... ഇതുവരെ കളിച്ചു നടന്നു....  ഇതുവരെ ഒഴപ്പി.. ഇനി നടക്കില്ല... ഞാന്‍ പഠിച്ചു തുടങ്ങി...  അങ്ങനെ മോഡല്‍ എക്സാം എത്തി.... അവിടെയും ദൈവം എനിക്ക് വേണ്ടി കരുക്കള്‍ നീക്കുന്നുണ്ടായിരുന്നു...

പരീക്ഷ ഹാളില്‍ എത്തിയപ്പോഴാണ് അറിഞ്ഞത്... സയന്‍സ് ബാച്ച് ആണ് ഹാളിലെ മറ്റു വിദ്യാര്‍ഥികള്‍... വെറുതെ ഒരു രസം തോന്നി... പരീക്ഷ എഴുതി കഴിഞ്ഞിട്ട് അവളേം നോക്കി ഇരിക്കാമല്ലോ....  ദാ അവള്‍ വരുന്നുണ്ട്.... ങേ... എന്റെ നേരെ ആണല്ലോ..... ഒരു നിമിഷം എനിക്ക് ശ്വാസം മുട്ടി....  എന്റെ തൊട്ടു മുന്നിലെ ബെഞ്ചില്‍ വന്നു ഇരുന്നു. ഈശ്വരാ പണി പാളി .. അതെ സീറ്റില്‍ ഇരുന്ന ശ്രീജിത്ത്‌ എന്നെ നോക്കി കോപ്രായം കാണിക്കുന്നു.... അവനോടു "നേരെ നോക്കി ഇരിക്കെടാ തെണ്ടി" എന്ന് പറഞ്ഞു ഞാന്‍ എന്റെ തലയില്‍ കൈവെച്ചു... അങ്ങനെ മോഡല്‍ പരീക്ഷയുടെ കാര്യം ഒരു തീരുമാനമായി.....

 പരീക്ഷയുടെ ഇടയ്ക്ക് എന്റെ അടുത്തിരുന്ന ശാരി ആണ് എന്നോട് ചോദിച്ചത്....
 " നീ എഴുതുന്നില്ലേ?"
"ഞാന്‍ എന്തെഴുതാന്‍??? ഒക്കെ പോയി മോളെ.... നീ ഇരുന്നു എഴുതിക്കോ"...
അലീന ഇതൊന്നും ശ്രദ്ധിക്കാതെ അവള്‍ എഴുതുന്നുണ്ടായിരുന്നു...  വൃത്തിയായി ഞോറിയിട്ട് മടക്കിയ അവളുടെ ഷാളിനെ,   കിളിവാതിലൂടെ കടന്നുവരുന്ന കാറ്റ്  ഇളക്കുന്നുണ്ടായിരുന്നു.... കാറ്റും ഒരു കാമുകനായിരുന്നിരിക്കണം.... അത്ര മേലുണ്ട് അതിന്റെ കുസൃതി.... നടക്കുന്നത് പരീക്ഷയാണെന്ന് വരെ ഞാന്‍ മറന്നു പോയി... മെല്ലെ  അല്പം മുന്നിലെക്കാഞ്ഞു ഞാന്‍ ആ ഷാളിനെ തൊട്ടു... എന്റെ ആദ്യസ്പര്‍ശനം....

 ഈ പരീക്ഷ തീരാതിരുന്നെങ്കില്‍ ...... ഞാന്‍ വല്ലാതെ ആഗ്രഹിച്ചു... കാറ്റും നിര്‍ത്തുവാന്‍ ഉദ്ദേശിച്ചിട്ടില്ലായിരുന്നു... അതങ്ങനെ അവളുടെ മുടിയിഴകളെയും തലോടി അത് അവളെയുംചുറ്റിപ്പറ്റിനില്‍പ്പുണ്ടായിരുന്നു.... അപ്പോഴാണ്‌ ഞാന്‍ ആ  കാഴ്ച കാണുന്നത്....  അവളുടെ വലതു ചെവിക് പിറകില്‍..... മുടിയിഴകള്‍ക്കു താഴെയായി ഒരു കുഞ്ഞു കാക്കപ്പുള്ളി... ഒരു സുന്ദരന്‍ കാക്കപ്പുള്ളി.... ആ കാക്കപ്പുള്ളിക് ഒരു മുത്തം കൊടുക്കണം എന്ന് വരെ തോന്നിപ്പോയി....

അത്രയും മനോഹരമായ ഒരു പരീക്ഷാകാലം എന്റെ ജീവിതത്തില്‍ ഉണ്ടായിട്ടില്ല...  ഒരിക്കലും തീരരുതെ എന്ന് ആഗ്രഹിച്ചു പോയ ഏക പരീക്ഷാകാലം... പരീക്ഷ കഴിഞ്ഞിട്ടും ഒരാഴ്ച ക്ലാസ്സ്‌ ഉണ്ടായിരുന്നു... റെക്കോര്‍ഡ്‌ സൈന്‍ ചെയ്യലും രിവിഷനുമായി ഒരാഴ്ച.. ഒരു മനോഹരമായ സായന്തനം.. ഞാന്‍ വെറുതെ ക്ലാസിനു മുന്നില്‍ നില്‍ക്കുകയായിരുന്നു.... സയന്‍സില്‍ നിന്നും അവളും കൂട്ടുകാരികളും പുറത്തേക് വരുന്നുണ്ടായിരുന്നു... എന്നെ അകലെ നിന്നെ അവര്‍ കണ്ടു... ഞാന്‍ അവരെയും...

അതുവരെ എന്തോ പറഞ്ഞു നടന്നവര്‍ പെട്ടെന്ന് നിശബ്ദരായി...പതിയെ എന്റെ മുന്നിലേക്ക് നടന്നു... ആദ്യംഅവളുടെ ഒരു കൂട്ടുകാരി എന്നെ കടന്നുപോയി എന്റെ മുഖത്ത് നോക്കിക്കൊണ്ട്.... ഞാന്‍ അപ്പോഴും നടന്നു വരുന്ന അവളുടെ മുഖത്തേക്ക് തന്നെ നോക്കി നില്‍ക്കുകയായിരുന്നു... അടുത്ത കൂട്ടുകാരി എന്നെയും നോക്കി , കടന്നു പോയി... അവള്‍ പിന്നെയും അടുത്ത് വരവേ അടുത്ത കൂട്ടുകാരിയും കടന്നുപോയി... പരസ്പരം കണ്ണുകളില്‍ നോക്കി ഒരുനിമിഷം..... ഒരു ജന്മം മുഴുവന്‍ നോക്കിയിരിക്കാന്‍ കൊതിച്ച കണ്ണുകള്‍...... ആ ഒരു നിമിഷം ആ കണ്ണുകള്‍ നിറയെ ഞാന്‍.... ഒരു ചെറു പുഞ്ചിരിയോടെ അവള്‍ എന്നെയും കടന്നു പോയി...

ഈശ്വരാ എന്താണ് സംഭവിക്കുന്നത്?... അവള്‍ എന്നെ നോക്കി ചിരിച്ചോ??? എനിക്ക് സംശയമായി... ഞാന്‍ അല്പം മുന്നോട്ടു കയറി നിന്നു... ഇപ്പോള്‍ അവര്‍ താഴെ മുറ്റത്തുകൂടെ നടന്നു പോകുന്നത് കാണാം... നോക്കി നില്‍കെ മനസ്സില്‍ വെറുതെ ആലോചിച്ചു.... ഇത് വല്ല സിനിമയും ആയിരുന്നെങ്കില്‍ അവള്‍ തിരിഞ്ഞു നോക്കുമായിരുന്നു.. പിന്നെ ഒരു പാട്ട്. പിന്നെ പ്രണയം..... ഹോ... ഇത് സിനിമയും അല്ല അവളൊട്ടു തിരിയുകയുമില്ല. അത് അലീനയാണ്.. ഇങ്ങനെ ഒരു മണ്‌ങ്ങൂസ്....

അവിടെയും എന്റെ പ്രതീക്ഷകളെ തകിടം മറിഞ്ഞു... കണ്ണില്‍ നിന്ന് മറയുന്ന അവസാന നിമിഷം... അവള്‍ ഒന്ന് നിന്നു... കൂട്ടുകാരികളും.. സംശയത്തോടെ ഞാന്‍ നോക്കി നില്‍ക്കെ .. ആദ്യം അവള്‍ തിരിഞ്ഞു നോക്കി..... കൂടെ കൂട്ടുകാരികളും.....പിന്നെ  ഒരു ചിരിയോടെ അവര്‍ മുന്നോട്ട് നടന്നു... കാണുന്നത് സ്വപ്നമോ സത്യമോ എന്നറിയാതെ ഞാന്‍ എന്റെ തന്നെ കവിളില്‍ തട്ടി.... സ്വപ്നമല്ല സത്യം തന്നെ.... ഒരു നിമിഷം എന്ത് ചെയ്യണം എന്നറിയാതെ ഞാന്‍ പരുങ്ങി.. അടുത്ത നിമിഷം ചാടി ഇറങ്ങി ഓടി  ബസ് സ്റൊപ്പിലെക്ക് .. അവിടെ ഒരുപാട് പേരുടെ ഇടയില്‍ അവള്‍ ഉണ്ടായിരുന്നു.... പോയി സംസാരിച്ചാലോ എന്ന് വിചാരിച്ചു,,.. വേണ്ട... ഇനിയും മിണ്ടിയില്ലെങ്കില്‍ അതിന്റെ നാണക്കേട്‌ കൂടെ താങ്ങാന്‍ വയ്യ...ഞാന്‍ പിന്തിരിഞ്ഞു..

അവളോട്‌ എല്ലാം പറയണമെന്നും ഇതുവരെ തന്റെ മനസ്സിലെ കാര്യങ്ങള്‍ മുഴുവനും പറയണമെന്ന് ഞാന്‍ തീരുമാനിച്ചു.. എല്ലാവരെയും പോലെ സെന്‍റ് ഓഫ് ഡേ അതിന്നായി തീരുമാനിച്ചു. എല്ലാ കാര്യങ്ങളും മുന്‍കൂട്ടി പ്ലാന്‍ ചെയ്തു... എന്ത് സംസാരിക്കണം എന്ന് വരെ,,.. ഒരു രേഹെര്സല്‍ വരെ ചെയ്തു നോക്കി. ഒരു ചുവന്ന പനിനീര്‍ പൂവ് കയ്യില്‍ കരുതണം അവള്‍ കാണാതെ..എന്നിട്ട് സംസാരിച്ചു തുടങ്ങണം.....ആദ്യം പറയണം "അലീന ... എനിക്ക് അല്പം സംസാരിക്കാനുണ്ട്"
അപ്പോള്‍ അവള്‍ നില്‍ക്കും. ഞാനും അവളും മാത്രം... പിന്നെ പറയണം..." "ഈ കഴിഞ്ഞ രണ്ടു വര്ഷം  ഞാന്‍ ഒരുപാട് കളിയാക്കിയിട്ടുണ്ട്... ക്ഷമിക്കണം.." അപ്പോള്‍ അവള്‍ ചിരിക്കുമായിരിക്കും.. "സത്യത്തില്‍... എനിക്ക് തന്നെ ഒരുപാട് ഇഷ്ടമായിരുന്നു...തന്നോട് മിണ്ടാന്‍ വേണ്ടിയാണ് ഞാന്‍ കളിയാക്കിയത് ഒക്കെ.." ഇപ്പോള്‍ അവള്‍ ദേഷ്യപ്പെട്ടു തുടങ്ങും... അപ്പോള്‍ പറയും.. " തനിക് ഇഷ്ടമല്ല എന്നറിയാം... അത് സാരമില്ല.. ഇനി കാണുമോ എന്നറിയില്ല.. ഇനി കണ്ടാലും മിണ്ടാതെ ഇരിക്കരുത്.. ഞാന്‍ വന്നു സംസാരിക്കുമ്പോള്‍ എന്നോട് തിരികെ സംസാരിക്കണം... be good friends.." എന്നിട്ട് ഈ പൂവ് കൈമാറണം... വാങ്ങുമോ എന്നറിയില്ല.. "പിണക്കമ്മില്ലെങ്കില്‍ ഇത് വാങ്ങണം" എന്ന് പറയണം...  അപ്പോള്‍ അവള്‍ ചിരിച്ചു സംസാരിക്കും.... അപ്പൊ മനസ്സില്‍ ഇതുവരെ പറയാതിരുന്ന കാര്യങ്ങള്‍ മുഴുവന്‍ അവളോട്‌ പറയണം.... കഴിഞ്ഞ രണ്ടു വര്‍ഷത്തിലെ അവളോട്‌ ചേര്‍ന്ന ഓര്‍മ്മകള്‍..... എന്നിട്ട് ഒരു സുഹൃത്തായി പിരിയണം.... ഞാന്‍ തീരുമാനിച്ചു..
  ... നിമിഷങ്ങള്‍ പോലെ ദിനങ്ങള്‍ കൊഴിഞ്ഞു.... അവസാന വര്‍ഷ പരീക്ഷയുമെത്തി... പരീക്ഷക്ക് ശേഷമായിരുന്നു ഞങ്ങളുടെ സെന്‍റ് ഓഫ്‌... ഒരു ഗെറ്റ്ടുഗേതെര്‍ പോലെ.... പരീക്ഷ ഒക്കെ നന്നായി എഴുതി, ഞാന്‍ കാത്തിരുന്ന ദിനമെത്തി... വെളുത്തമുണ്ടും പുതിയഷര്‍ട്ട്ഉംഒക്കെ ഇട്ടു ഞാന്‍  തയ്യാറായി ..കയ്യില്‍ഒരു റോസപ്പൂവ് കൂടെ കരുതിയിരുന്നു.. പിണക്കം പറഞ്ഞു തീര്‍ക്കുമ്പോള്‍ നല്‍കാനായി....  എല്ലാവരും  പിരിയുന്ന സങ്കടത്തില്‍ കൂട്ടം കൂട്ടമായി സംസാരിച്ചു കൊണ്ടിരിക്കുമ്പോള്‍ ഞാന്‍ അവളെ തിരയുകയായിരുന്നു.... അപ്പോഴാണ്‌ ശാരിയെ കണ്ടത്... കയ്യിലെ പൂവ് അവള്‍ കാണാതെ മറച്ചു വെച്ചിട്ട് പ്രതീക്ഷയോടെ ഞാന്‍ ചോദിച്ചു...

"കൂട്ടുകാരി എവിടെ? കണ്ടതെ ഇല്ലല്ലോ?"
"അവള്‍ വന്നില്ല ഡാ"
"വന്നില്ലേ? കള്ളം പറയല്ലേ..."
"സത്യാമയും വന്നില്ല ഡാ.... അവള്‍ ഇങ്ങനത്തെ പരിപാടികള്‍ക്കൊന്നും വരുമെന്ന് തോന്നണില്ല ഡാ"
"mm..."  എനിക്കൊന്നും പറയാന്‍ പറ്റുന്നില്ലായിരുന്നു....ശാരി അവളുടെ ക്ലാസ്സിലേക്ക് മടങ്ങി...
എല്ലാ പ്രതീക്ഷകളും ഒറ്റ നിമിഷം കൊണ്ട് അസ്തമിച്ച പോലെ.... വല്ലാത്ത ഒരു ശൂന്യത...എന്തൊക്കെയോ ചെയ്യണം എന്നറിയാതെ ഞാന്‍ ആകെ തളര്‍ന്നു.... എനിക്ക് എനോട് തന്നെ ദേഷ്യം തോന്നി...വെറുപ്പും... സത്യമായ ഇഷ്ടം പറഞ്ഞു മനസ്സിലാക്കിക്കാന്‍ പോലും കൊള്ളാത്തവന്‍....  എന്റെ വലതുകയ്യില്‍ ഭദ്രമായി സൂക്ഷിച്ച പനിനീര്‍ പൂവ്  വിരലുകള്‍ക്കിടയില്‍ പെട്ട് ഞെരിഞ്ഞമര്‍ന്നു ഇതളുകളായി നിലത്തേക്ക് വീണു....

പ്രണയം  എപ്പോഴും ഒരു ശുഭപര്യവസായി ആയിരിക്കണം എന്നില്ല... ചിലപ്പോഴൊക്കെ നഷ്ടങ്ങളുടെ കണക്കുകളെ കാണിച്ചു കൊണ്ട് അത് അങ്ങിനെ തുടരും... പിന്നെയും കേള്‍ക്കുന്ന പാട്ടുകളില്‍,.... കണ്മുന്നില്‍ കാണുന്ന പ്രണയങ്ങളില്‍ പിന്നെയും പിന്നെയും ഓര്‍മകളെ തഴുകിയുണര്‍ത്തി, ഒരു നഷ്ടബോധത്തെ എന്നോടൊപ്പം വളര്‍ത്തിയെടുത്തു... ഇടയ്ക്കിടെ ഓര്‍ക്കാന്‍ ആഗ്രഹിക്കുന്ന ഒരു പ്രിയപ്പെട്ട നഷ്ടം...