2016, ജൂൺ 19, ഞായറാഴ്‌ച

അച്ഛന്‍,,,

കുറച്ചു ദിവസങ്ങളായി മനസ്സില്‍ വലിയൊരു പ്ലാനിംഗ് നടക്കുന്നുണ്ടായിരുന്നു... ജനുവരിയില്‍ നാട്ടില്‍ പോകാന്‍ തയ്യാറാകുന്നതിനെ കുറിച്ചായിരുന്നു അത്... ആരോടും ഒന്നും പറയാതെ ഒരു സുപ്രഭാതത്തില്‍ വീട്ടില്‍ ചെന്ന് കയറുക.... അടുത്തടുത്തുള്ള ബന്ധുവീടുകളിലൊക്കെ പെട്ടെന്ന് ചെന്ന് അവരെ അത്ഭുദപ്പെടുത്തുക.... അങ്ങനെ ഒക്കെയായിരുന്നു അത്...  ഏതൊരു പ്രവാസിയും പോലെ..
പിന്നെയുമുണ്ടായിരുന്നു ചില പദ്ധതികള്‍..... ബാങ്കില്‍ പണയം വെച്ചിരിക്കുന്ന ആധാരം , അവസാന ഗഡു കൂടെ അടച്ചു സ്വന്തമാക്കി , എയര്‍ പോര്‍ട്ടില്‍ നിന്ന് വാങ്ങിയ ഒരു ഫുള്‍ കൂടെ എടുത്തു അച്ഛന്റെ മുന്നില്‍ കൊണ്ട് വെച്ച് കൊടുക്കണം.. എന്നിട്ട് പറയണം... "നമ്മുടെ കടങ്ങള്‍ മുഴുവന്‍ തീര്‍ത്തിട്ടുണ്ട്... ഇതാ നമ്മുടെ വീടിന്റെ ആധാരം". പിന്നെ ഫുള്ളില്‍ നിന്നൊരു പെഗ് കഴിച്ചിട്ട് അച്ഛനോട് പറയണം.."ഇത് ഞാനും കുറേശെകഴിച്ചു തുടങ്ങിയിട്ടുണ്ടെന്ന് :p "പിന്നെ വീടുപണി തുടങ്ങണം.... വഴി ശരിയാക്കണം...

നമ്മുടെ പദ്ധതികള്‍ക്ക് മുകളിലായി ചില പദ്ധതികള്‍ ദൈവത്തിനുണ്ടാകും എന്ന് പറയുന്നതെത്ര ശരിയാണ്.. സർപ്രൈസുകൽ പിന്നീട് എനിക്ക് മാത്രമായിരുന്നു... അച്ഛൻ കാലത്ത് കുഴഞ്ഞു വീണു എന്നും നീ പെട്ടെന്ന് നാട്ടിലേക്ക് വരണം എന്നും ചാച്ചൻ വിളിച്ചു പറയുമ്പോൾ എന്താണ് സംഭവിക്കുന്നത് എന്നറിയാതെ, ഒന്നും വിശ്വസിക്കാനാവാതെ പകച്ചു ഇരിക്കാനേ എനിക്ക് കഴിയുമായിരുന്നുള്ളൂ... കയ്യിൽ കിട്ടിയതെല്ലാം വാരിയെടുത്ത് ബാഗിലാക്കി പിറ്റേന്ന് കാലത്ത് വിമാനമിറങ്ങുമ്പോൾ മുതൽ എനിക്ക്  സർപ്രൈസുകാൾ തുടരെത്തുടരെയായിരുന്നു..
എല്ലാം ഊഹിക്കാൻ സാധിക്കുമെങ്കിലും അവസാനമായി ഒന്ന് നേരിൽ കാണണം എന്ന പ്രാർത്ഥനയായിരുന്നു മനസ്സില്... "അച്ഛൻ പോയി ഡാ.. എല്ലാം ഇന്നലെ തന്നെ കഴിഞ്ഞു".... എന്ന് ചാച്ചൻ പറയുമ്പോൾ വിഫലമായ  പ്രാർത്ഥനകൾ ആയിരുന്നു ഇത്രയും നേരം നടത്തിയത് എന്നൊരു തിരിച്ചറിവായിരുന്നു.. നാട്ടിൽ വരുമ്പോൾ ആരെ അത്ഭുധപ്പെടുത്തണം  എന്ന്  വിചാരിച്ചിരുന്നുവോ അതെ അച്ഛൻ  തണുത്തു മരവിച്ചു മോർച്ചറിയിൽ എന്നെയും കാത്ത് കിടന്നു... ആരുടെയൊക്കെ വീട്ടില് പറയാതെ പോകണം എന്ന് വിചാരിച്ചിരുന്നുവോ അവരൊക്കെയും എന്നെയും കാത്തു എന്റെ വീട്ടിൽ തന്നെ നില്ക്കുന്നു.... സർപ്രൈസുകള്‍...
അച്ഛൻ-മകൻ എന്ന നിലയിൽ വലിയ അറ്റാച്മെന്റ് ഒന്നും തമ്മിൽ ഉണ്ടായിരുന്നില്ല... പരസ്പരം കാണുമ്പോൾ ഒന്നോ രണ്ടോ വാചകങ്ങൾ മാത്രം.. കൃഷി ചെയ്യാനും മൃഗങ്ങളെ പരിപാലിക്കാനുമായിരുന്നു ഏറ്റവും ഇഷ്ടവും... ഹൃദയം കൊണ്ട് ചെയ്യുന്ന ജോലിയും അതായിരുന്നു... ഒരുപക്ഷെ ഞങ്ങൾ മക്കൾക്ക് ഇതിനു ശേഷമേ സ്ഥാനം ഉണ്ടായിരുന്നിരിക്കുകയുള്ള്.. അനാഥമാക്കപ്പെട്ടവരിൽ പ്രധാനവും കൃഷിയിടവും കുറച്ചു മിണ്ടാപ്രാന്നികളും ചെയിൻ തെറ്റിയൊരു സൈക്കിളുമാണ്‌.. എല്ലാ തവണയും ഞാൻ പോകുമ്പോൾ, ഞാൻ തയ്യാറാകുന്ന സമയം ഉമ്മറത്തെ കസേരയിൽ അച്ഛൻ വന്നു ഇരിക്കും.. ഒന്നും മിണ്ടാതെ. ബീഡി വാങ്ങാൻ എന്തെങ്കിലും ചില്ലറ കൊടുത്താൽ ഒന്നും മിണ്ടാതെ സ്വീകരിക്കും..... ഇത്തവണയും യാത്ര തിരിക്കുമ്പോൾ അച്ഛൻ ഒന്നും മിണ്ടാതെ ഇരുന്നത് ഉമ്മറപ്പടിയിൽ ആയിരുന്നില്ല... തെക്ക് വശത്ത് ചെന്ന് യാത്ര പറയേണ്ടി വന്നു... പക്ഷെ ബീഡി വാങ്ങാൻ ചില്ലറ ഒന്നും വാങ്ങിയതുമില്ല....
നാട്ടിലേക്ക് തിരിച്ചു വരുമ്പോൾ ഒന്ന് കാണാൻ പറ്റണം എന്ന് മാത്രമായിരുന്നു ആഗ്രഹം. അച്ഛൻ "സത്യമാണ്" എന്ന് വിശ്വസിച്ചിരുന്ന ചില "കള്ളങ്ങൾ" അച്ഛനോട് തുറന്നു പറയാനൊരു അവസരം... കിട്ടുമെന്ന് മനസ്സ് കൊണ്ട് കരുതി..  .. എല്ലാ ആഗ്രഹങ്ങളും ഒരിക്കലും സാധ്യമാകില്ലല്ലോ... അതുകൊണ്ടാകും ആര്ക്ക് വേണ്ടിയും കാത്തു നില്ക്കാതെ ഒരു യാത്ര പോലും ചോദിക്കാതെ അച്ഛൻ പോയത്... പൊയ്ക്കോട്ടേ... ആരെയും വേദനിപ്പിക്കാതെ, ആര്ക്കും ശല്ല്യമാകാതെ വേദനകൾ ഇല്ലാത്ത ലോകത്തേക്ക് പൊക്കോട്ടെ...

3 അഭിപ്രായങ്ങൾ:

ഇനി അഭിപ്രായങ്ങള്‍ രേഖപ്പെടുത്തേണ്ടത് താങ്കളാണ്.... അഭിപ്രായങ്ങള്‍ അറിയിക്കുമല്ലോ ....
സ്നേഹത്തോടെ ശ്രീ...