2015, ഒക്‌ടോബർ 10, ശനിയാഴ്‌ച

മോഷ്ടിച്ചു വായിച്ച കത്തുകള്‍
 മുറി വൃത്തിയാക്കല്‍ ഭാഗമായി പഴയ അലമാരകള്‍ ഒക്കേ അരിച്ചു പെറുക്കി ആവശ്യമില്ലാത്തവ ഒക്കെ കളഞ്ഞു  കൊണ്ടിരിക്കുമ്പോഴാണ് പഴയ പേപ്പറുകള്‍ക്കിടയില്‍ ഒരു  പഴയ ഇന്‍ലന്റ് എന്റെ കണ്ണില്‍ പെടുന്നത്.. പിന്നെയാണ് ആ ഷെല്‍ഫില്‍ നിന്നും ഒരു കവര്‍ കിട്ടുന്നത്.. ആരോ സൂക്ഷിച്ചു വെച്ച ഒരു കവര്‍... അതിലും ഒരുപാട് ലെട്ടെര്സ്... ലെട്ടെര്സ് മാത്രമല്ല... ചില ക്രിസ്മസ് കാര്‍ഡ്സ്. ബര്‍ത്ത്ഡേ കാര്‍ഡ്സ്... പിന്നെ കുറച്ചു വളപ്പോട്ടുകളും..  പെട്ടെന്ന് മനസ്സില്‍ ഒരു തോന്നല്‍.. ആരുടെയോ "സ്വകാര്യസമ്പത്ത്" ആണല്ലോ ഇത്... മഷി പടര്‍ന്ന പഴയ കുറെ കത്തുകളും  പൊട്ടിയ വളത്തുണ്ടുകളും സൂക്ഷിച്ചു വെക്കണമെങ്കില്‍... തീര്‍ച്ചയായും  അത് വളരെ "പ്രധാനപ്പെട്ട" ആരുടെയോ അക്ഷരങ്ങളാകും.. ഏറ്റവും പ്രിയപ്പെട്ട ആരുടെയോ അക്ഷരങ്ങള്‍..
 ഒരു കൌതുകത്തിനായാണ്‌ ഞാന്‍ അത് തുറന്നു നോക്കിയത്..  വേണമോ വേണ്ടയോ എന്ന് ആലോചിച്ചെങ്കിലും  അത് വായിക്കാന്‍ തന്നെ ഞാന്‍ തീരുമാനിച്ചു.. മറ്റൊരാള്‍ക്ക് അയച്ച കത്തുകള്‍ അവരറിയാതെ  വായിക്കുന്നത് മോശമാണ്.. പക്ഷെ ഞാന്‍ ഒരു മോശക്കാരനയത് കൊണ്ട് കുഴപ്പമില്ല എന്ന് തോന്നി... ജീവിതത്തെ അല്പം പ്രണയാതുരമായ് നോക്കിക്കാണുന്നത് കൊണ്ടാകും  ഒരു "പ്രണയലേഖനം" എന്നുള്ള ചിന്തയിലാണ് ഞാന്‍ ആ കത്തുകള്‍ തുറന്നത്... പക്ഷെ എനിക്കവിടെ തെറ്റി... അതൊരു "അനിയത്തി", "എട്ടന് " അയച്ച കത്തുകള്‍ ആണ്.. കൃത്യമായി പറഞ്ഞാല്‍ സീനിയര്‍ ആയി പഠിച്ചു പോയ ഒരു "എട്ടന്" കാമ്പസിലെ  ജൂനിയര്‍ ആയ ഒരു പെണ്‍കുട്ടി അയച്ചതാണ് ആ കത്തുകള്‍..

കൂടുതലും കാമ്പസ് വിശേഷങ്ങളായിരുന്നു അതില്‍,,, വിദ്യാര്‍ഥി രാഷ്ട്രീയവും  കവിതകളും പ്രണയവും പരിഭവങ്ങളും സാന്ത്വനങ്ങളും എല്ലാം അക്ഷരങ്ങളായി അവിടെ പുനര്‍ജനിച്ചിരുന്നു... വടിവൊത്ത അക്ഷരങ്ങള്‍  നിരനിരയായി സൂക്ഷിച്ച ആ കത്തില്‍ എഴുതാത്തതായ് അല്പം പോലും ഇടം ശേഷിച്ചിരുന്നില്ല... മൊബൈല്‍ ഫോണുകള്‍ ഇല്ലാതിരുന്ന കാലമായിരുന്നു അത്.. വല്ലപ്പോഴും, നിമിഷങ്ങള്‍ക്ക് വില നല്‍കുന്ന  ലാന്‍ഡ്‌ ഫോണ്‍ വിളികളില്‍ വിശേഷങ്ങള്‍ മുഴുവന്‍ പറഞ്ഞു തീരില്ലെന്നും  അതുകൊണ്ട് ഈ കത്തുകളാണ് തനിക്ക് പ്രിയമെന്ന് ആ പെണ്‍കുട്ടി എഴുതുന്നു..

"ഇത് എഴുതുന്നത്‌ പോലെ തോന്നുന്നില എനിക്ക്... പകരം നമ്മള്‍ സംസാരിക്കുന്ന പോലെ...  ബസ് സ്റൊപ്പിലെക് നടക്കുമ്പോള്‍ നമ്മള്‍ സംസരിക്കാരുള്ളത് പോലെ... അങ്ങനെ കാണാനാണ് എനിക്ക് ഇഷ്ടം..." നഷ്ടപ്പെട്ട ദിനങ്ങളെ "നോസ്ടാല്ജിയ" എന്നാ ഓമനപ്പേരിട്ട് വിളിച്ചു ഓര്‍മിക്കുന്നത്‌ പോലൊരു സുഖം ആ വരികളില്‍ ഉണ്ടായിരുന്നു... കളിപ്പെരുകള്‍.. തമാശകള്‍... പഴയ ഓര്‍മ്മകള്‍ എല്ലാം നിറച്ചു ഒരുപാട് കത്തുകള്‍..
എന്തായാലും ആ കത്തുകള്‍ സ്വീകരിച്ച ആള്‍ ഭാഗ്യവാനാണ്..കാമ്പസ് വിട്ടിട്ടും  അവരെ ഓര്‍ക്കാന്‍ കുറച്ചധികം പേരുണ്ടായിരുന്നു.. അവനു വേണ്ടി കുറച്ചു അക്ഷരങ്ങള്‍ കുറിക്കാന്‍ കുറച്ചു സുഹൃത്തുക്കള്‍ ബാക്കി ഉണ്ടായിരുന്നു..കത്തുകള്‍ അയക്കുകയോ സ്വീകരിക്കലോ കുറവായ ഈ കാലഘട്ടത്തില്‍, ഇടയ്ക്കിടെ ഓര്‍മകളെ  പൊടി തട്ടി വെയ്ക്കാന്‍ കുറെ അക്ഷരങ്ങളെ സ്വന്തമായി ഉണ്ട്.. ഒരു കാര്യം ഉറപ്പുണ്ട് എനിക്ക്.. ഇന്നല്ലെങ്കില്‍ നാളെ.. ഒരിക്കല്‍ ഈ കത്തുകളുടെ ഉടമസ്ഥന്‍ ഒരിക്കല്‍ ഈ മുറിയിലേക്ക് തിരിച്ചു വരും... തന്നില്‍നിന്നുംനഷ്ടപ്പെട്ടുപോയ,വര്‍ഷങ്ങളായി സൂക്ഷിച്ചിരുന്ന ഓര്‍മകളെ സ്വന്തമാക്കാന്‍.. അതുവരെ കത്തുകള്‍ ഭദ്രമായി സൂക്ഷിക്കണം എനിക്ക്..

 ഫെസ്ബൂക് ഉം വാട്സ്അപ് ഉം വന്നതോടെ പ്രിയപ്പെട്ടവരൊക്കെ വിരല്‍ തുമ്പകലത്തില്‍ നില്‍ക്കുന്ന ഈ കാലത്ത്,  നമ്മുക്ക് വേണ്ടി കത്തുകള്‍ എഴുതുവാന്‍ ആരുമില്ലായിരുന്നു.. എന്നാലും ഒരുആഗ്രഹമുണ്ടായിരുന്നു... ഈ കത്തുകളില്‍ പറഞ്ഞത് പോലെ...  എന്നെയും ആരെങ്കിലും ഓര്‍ക്കുന്നുണ്ടായിരിക്കുമോ? കാമ്പസിന് ശേഷം.... ഞാന്‍ ഓര്‍ക്കുന്നത് പോലെ....

2015, സെപ്റ്റംബർ 1, ചൊവ്വാഴ്ച

അലീന - 2(http://itsmesreee.blogspot.com/2015/07/blog-post_25.html   ആദ്യഭാഗം  വായിക്കാത്തവര്‍ക്കായ്)


കര്‍ക്കിടകം ആര്‍ത്തലച്ചു പെയ്തൊഴിഞ്ഞിരുന്നു...  ഒരു കുട്ട പൂക്കളുമായി ചിങ്ങവും വിരുന്നുവന്നു... കുറച്ചു ദിവസമെടുത്തു.... മനസ്സ് പഴയത് പോലെ ആകാന്‍.... പിന്നെയാണ് ഞാന്‍ ഒരു കാര്യം ശ്രദ്ധിച്ചത്...  ഞങ്ങടെ ബാച്ചിലെ എല്ലാ പെണ്‍കുട്ടികളും സുന്ദരിമാരാണ്... പതുക്കെപ്പതുക്കെ എല്ലാവരുമായി  പരിചയപ്പെടണം.. പ്രത്യേകിച്ചു സയന്‍സ് A ബാച്ച്.. അതിനും ദൈവം തന്നെ ഒരു വഴി കാണിച്ചു തന്നു... ശഹാന.... എന്റെ ക്ലാസ്സ്‌മേറ്റ്‌...

ശഹാന വഴി കുറച്ചു സുഹൃത്തുക്കള്‍ ഉണ്ടായി.... മഞ്ജുഷ , രെമ്യ.....   എല്ലാവരുമായി നല്ല സൌഹൃദങ്ങള്‍... അലീന  ഒഴികെ ബാക്കി എല്ലാവരെയും  നേരിട്ട് പരിചയപ്പെട്ടു... അപ്പോഴും മനസ് നിറയെ ദേഷ്യമായിരുന്നു അവളോട്‌.... അവളെ   വഴിയില്‍ കാണുമ്പോഴൊക്കെ ഞാനും കൂട്ടുകാരും ചേര്‍ന്ന്  കളിയാക്കിത്തുടങ്ങി....  അങ്ങനെ നീണ്ട ഒരു ഒരാഴ്ചക്കാലം കഴിഞ്ഞു... .....  ഒരു ഉച്ച സമയം...

ഉച്ചക്ക് സൈക്കിള്‍ എടുക്കാനായി  സയന്‍സ് ക്ലാസ്സിന്റെ  അരികിലൂടെനടന്നു പോവുകയായിരുന്നു ഞാന്‍....  അറിയാതെ  ജനലിലൂടെ അകത്തേക് നോക്കിയപ്പോള്‍.... പിന്നെയും ആ കണ്ണുകള്‍....  രണ്ടു നിമിഷം അവിടെ  ഞാന്‍ നോക്കി നിന്നുപോയി...  വെറുതെ  മനസ്സില്‍ നിറച്ചു വെച്ചിരുന്ന ദേഷ്യത്തെ തിരഞ്ഞു. അവിടെ എങ്ങും കാണുന്നില്ല .... ഈശ്വരാ..... ഒരു പോടീ പോലും ബാക്കി ഇല്ലാതെ ഒക്കെയും പോയിക്കഴിഞ്ഞിരിക്കുന്നു... മനസ്സ് പോലും എന്നെ ചതിച്ചിരിക്കുന്നു....
ശോ.. ദേഷ്യം വന്നപ്പോള്‍ കൂട്ടുകാരോട് എന്തൊക്കെയോ ഡയലോഗ് അടിച്ചതാ.ഇനി അവളുടെ പിന്നാലെ എന്റെ പട്ടി നടക്കും... എന്ന് വരെ പറഞ്ഞു... ഒക്കെയും മറന്നുപോയി.... ഇനിയും ഇഷ്ടവും കൊണ്ട് നടന്നാല്‍ അവന്മാര്‍ പിന്നെ ജീവിക്കാന്‍ സമ്മതിക്കില്ല....... വെറുതെ കൂട്ടുകാരെ പിണക്കിയിട്ടു എന്തിനാ??ഒന്നും വേണ്ട... ഒരു തീരുമാനം എടുക്കാന്‍ പറ്റുന്നില്ല....  മുഖത്ത് നിറയെ ദേഷ്യവും മനസ്സ് നിറയെ സ്നേഹവും...ഞാന്‍ഒരു നടന്‍ആണെന്ന്സ്വയംതിരിച്ചറിഞ്ഞു ..

.എങ്ങിനെയെങ്കിലും അവളോട്‌ മിണ്ടണം എന്ന് മനസ്സ് വല്ലാതെ ആഗ്രഹിക്കുന്നുണ്ടായിരുന്നു.... പുറത്തു പറയാനും വയ്യ...   അവള്‍ക്കാണെങ്കില്‍ ലോകത്ത് ഏറ്റവും വെറുപ്പ് എന്നെ ആണെന്നുള്ള ഭാവവും..... ആരോടെങ്കിലും ഒന്ന് ചിരിക്കുന്നത് കൂടി കണ്ടിട്ടില്ല... ഇതിനെ ഞാന്‍ എങ്ങനെ ഇഷ്ടപ്പെട്ടു എന്ന് വരെ ആലോചിച്ചു പോയി.മനസ്സ്  നിയന്ത്രണങ്ങള്‍ക്കും അപ്പുറത്തായിരുന്നു.. ആരെയും പ്രേമിക്കില്ല... ഇനി അങ്ങനെ വന്നാല്‍ കൂടെ  അതൊരു ഹിന്ദു പെണ്‍കുട്ടി ആയിരിക്കും... ഒരു നാടന്‍ പെണ്‍കുട്ടി..... ഇങ്ങനെയുള്ള എന്റെ എത്ര കുഞ്ഞു കുഞ്ഞു വാശികളാണ് ഒറ്റ ദിവസം കൊണ്ട് കടപുഴകിയത്.... മെല്ലെ ഞാന്‍ ഉഴപ്പിത്തുടങ്ങിയിരുന്നു .... പരീക്ഷകളില്‍ പിന്നോക്കം വന്നു തുടങ്ങിയിരുന്നു... അങ്ങനെയിരിക്കെ ഒരു ദിവസം ഉച്ചക്ക് നേരത്തെ ഇറങ്ങി സൈക്കിള്‍ എടുക്കാന്‍ ചെന്നപ്പോഴാണ്  ആ രസകരമായ കാഴ്ച കണ്ടത്.... ഞാന്‍ ഉള്ളു തുറന്നു പൊട്ടിച്ചിരിച്ചു പോയി...

ടീച്ചര്‍ ക്ലാസിനു വെളിയില്‍ ഇറക്കി നിര്‍ത്തിയിരിക്കുന്നു നമ്മുടെ നായികയെ.... എന്നെ കണ്ടതും ചെകുത്താനും കടലിനും നടുവില്‍ പെട്ട അവസ്ഥ.... ചിരിക്കണമെന്നും ഉണ്ട്...  നാണക്കേടും ഉണ്ട്..... ഞാന്‍ അടുത്ത് ചെന്നു ചിരിച്ചു കൊണ്ട് ചോദിച്ചു...
"സ്റ്റാറ്റസ് കൂടി ഇപ്പൊ ക്ലാസിനു വെളിയില്‍ ആയല്ലോ.... ഇതായിരുന്നല്ലേ ആ പറഞ്ഞ സ്റ്റാറ്റസ്. ഭാഗ്യം... എനിക്കതില്ല.."
" നീ പോടാ" പതിവ് ഉത്തരം....പക്ഷെ മേമ്പോടിയായി ഒരു ചിരിയുണ്ടായിരുന്നു... ഞാന്‍പിന്നെയുംപറഞ്ഞു...
" ദെ.. ചിരിക്കുന്നു... അപ്പൊ ചിരിക്കാനും അറിയാം അല്ലെ?"
ഇത്തവണ ചിരി അല്പം കൂടി ഉച്ചത്തിലായി.... എനിക്ക് ആദ്യമായി സന്തോഷം തോന്നി... ആദ്യമായി അവള്‍ നല്ലരീതിയില്‍ പ്രതികരിക്കുന്നു... പക്ഷെ ആരോടും പറഞ്ഞില്ല.... കാരണം അവളോട്‌ "തീരാത്ത വെറുപ്പ്‌" ആണല്ലോ എനിക്ക്...

കളിയാക്കലുകളൂമായി ഒന്നാംവര്‍ഷം കടന്നുപോയി... ഒന്നാം സ്ഥാനക്കാരനായി ക്ലാസ്സില്‍ ജോയിന്‍ ചെയ്ത ഞാന്‍ ആദ്യ പത്തു സ്ഥാനത്ത് നിന്നുവരെ പുറത്തായി.... എങ്കിലും ആഘോഷങ്ങള്‍ക്കും കളിയാക്കലുകള്‍ക്കും ഒരു കുറവും വരുത്തിയില്ല.... ഇപ്പോള്‍ സ്കൂളിലെ ഏറ്റവും മുതിര്‍ന്ന വിദ്യാര്‍ഥികള്‍ ആയി ഞങ്ങള്‍... സ്കൂള്‍ ഞങ്ങളുടെ സ്വന്തം...  പുതിയ കെട്ടിടത്തിന്റെ ഒന്നാം നിലയില്‍ ആയിരുന്നു  ഞങ്ങളുടെ ക്ലാസ്സ്‌...  ദൈവം അവിടെയും  എനിക്ക് വേണ്ടി ഒരു ഫേവര്‍ ചെയ്തു..... എന്റെ ക്ലാസ്സിന്റെ മുന്നില്‍ കൂടി അല്ലാതെ അവള്‍ക്ക് സ്വന്തം ക്ലാസ്സില്‍ പോകാന്‍ പറ്റില്ലായിരുന്നു... ആകെ ഒരു ഇടനാഴി.. അവിടെ  കോണിപ്പടികള്‍ തിരിയുന്നിടത്ത് ഒരു "പഞ്ചാരമുക്ക്‌".. അവിടെ ഇരുപത്തിനാല് മണിക്കൂറും കാവലായി കോമ്മെര്‍സ് ബാച്ച് ബോയ്സ്. സ്ഥിര പ്രതിഷ്ടകളായി ഞങ്ങള്‍ ഒന്നുരണ്ടു പേര്‍.....

അവളുടെ തലവെട്ടം കാണുമ്പോഴേ ക്ലാസ്സില്‍ നിന്നും കമന്റ്സ് ഉയര്‍ന്നിരുന്നു..  ഇപ്പോള്‍ ആ പഴയ ദേഷ്യം ഒന്നും അവളുടെ മുഖത്ത് ഇല്ലായിരുന്നു... എന്നാലും മിണ്ടുകയുമില്ല...  വൈകുന്നേരം ക്ലാസ്സ്‌ കഴിഞ്ഞു ബസ് ന് വേണ്ടി കാത്തിരിക്കുന്നതും സ്കൂളിന്റെ  മുറ്റത്തായിരുന്നു...  അപ്പോഴാണ്‌  ദൈവദൂതികയെ പോലെ ശഹാനയും മഞ്ജുഷയും  സംഘവും അവിടെ ഇരിക്കുന്നത്...  അവരോടു എനിക്ക്   " എത്ര വിശേഷം പറഞ്ഞാലും  തീരില്ലായിരുന്നു "

മാസങ്ങള്‍ ആരുമറിയാതെ കൊഴിയുന്നുണ്ടായിരുന്നു... ഓണവും ക്രിസ്മസ്ഉം  കണ്ണടച്ച് തുറക്കുന്നതിനു മുന്‍പേ കടന്നു പോയി.  ഇപ്പോള്‍ എന്നെ നോക്കുന്ന അവളുടെ കണ്ണുകളില്‍ വെറുപ്പില്ല എന്ന് എനിക്ക് തോന്നിത്തുടങ്ങിയിരുന്നു... കൂട്ടുകാര്‍ ഒപ്പമില്ലാതെ ഞാന്‍ ഒറ്റയ്ക്കുള്ള നിമിഷങ്ങളില്‍ സുന്ദരമായ ചില നോട്ടങ്ങളും സമ്മാനിക്കാറുണ്ടായിരുന്നു.. എന്റെ കൂടെ ആളുകള്‍ ഉള്ളപ്പോള്‍ മുഖത്ത് പോലും നോക്കാതെ നടന്നകലുകയും ചെയ്തിരുന്നു.....


ഇപ്പോഴും അവളെ അടുത്ത് കാണുമ്പോള്‍ ഞാന്‍ വല്ലാതെ ആകുമായിരുന്നു... ചുറ്റുമുള്ള വായു എനിക്ക് തികയാതെ വരുന്നു... വേറെ എന്തോ തിരക്ക് പിടിച്ച പണി ഉള്ളത് കൊണ്ട് പെട്ടെന്ന് ജോലി തീര്‍ക്കുന്ന പോലെ ഹൃദയം പടപടാ മിടിക്കുന്നു...കാലുകള്‍ക്ക് ആകെ ഒരു ബലക്ഷയം പോലെ.... നാവിനു തിരയുന്ന വാക്കുകള്‍ ലഭിക്കാത്ത പോലെ... അവളെ കാണുമ്പോള്‍ മാത്രം.... എന്നിട്ടും കോണിപ്പടികള്‍ കയറി വന്ന അവളെ ഞാന്‍ വഴിയില്‍ വെച്ച് തടഞ്ഞു നിര്‍ത്തി പറഞ്ഞു...." എന്റെ ഓട്ടോഗ്രാഫ് ക്ലാസ്സില്‍ കൊടുത്തിട്ടുണ്ട്... എന്തെങ്കിലും കുറിക്കണം അതില്‍".... എന്റെ കണ്ണുകളിലേക്ക് നോക്കി ഇല്ല എന്ന അര്‍ത്ഥത്തില്‍  അവള്‍ തലയാട്ടി അവള്‍ കടന്നു പോയി... എങ്കിലും  അവളുടെ ജന്മദിനത്തിന്റെ പേജില്‍ എനിക്കായി  അവള്‍ എട്ടു വരികള്‍ കുറിച്ചിരുന്നു.... രണ്ടു വര്‍ഷത്തിനിടയില്‍ അത്രയും വാക്കുകള്‍ മാത്രം  ആയിരുന്നു അവള്‍ എനിക്കായി നീക്കി വെച്ചത്...

  കാമ്പസ് ഒരു പരീക്ഷാചൂടിലെക്ക് പതുക്കെ വന്നു തുടങ്ങിയിരുന്നു... പക്ഷെ   ഞാനും എന്റെ പ്രണയവും ഇപ്പോഴും തുടങ്ങിയിടത് തന്നെ നില്‍ക്കുന്നു.....  മോഡല്‍ എക്സാം ന്റെ ടൈംടേബിള്‍ കിട്ടിയപ്പോഴാണ്  പഠിക്കണം എന്നാ ചിന്ത വന്നത്... ഇതുവരെ കളിച്ചു നടന്നു....  ഇതുവരെ ഒഴപ്പി.. ഇനി നടക്കില്ല... ഞാന്‍ പഠിച്ചു തുടങ്ങി...  അങ്ങനെ മോഡല്‍ എക്സാം എത്തി.... അവിടെയും ദൈവം എനിക്ക് വേണ്ടി കരുക്കള്‍ നീക്കുന്നുണ്ടായിരുന്നു...

പരീക്ഷ ഹാളില്‍ എത്തിയപ്പോഴാണ് അറിഞ്ഞത്... സയന്‍സ് ബാച്ച് ആണ് ഹാളിലെ മറ്റു വിദ്യാര്‍ഥികള്‍... വെറുതെ ഒരു രസം തോന്നി... പരീക്ഷ എഴുതി കഴിഞ്ഞിട്ട് അവളേം നോക്കി ഇരിക്കാമല്ലോ....  ദാ അവള്‍ വരുന്നുണ്ട്.... ങേ... എന്റെ നേരെ ആണല്ലോ..... ഒരു നിമിഷം എനിക്ക് ശ്വാസം മുട്ടി....  എന്റെ തൊട്ടു മുന്നിലെ ബെഞ്ചില്‍ വന്നു ഇരുന്നു. ഈശ്വരാ പണി പാളി .. അതെ സീറ്റില്‍ ഇരുന്ന ശ്രീജിത്ത്‌ എന്നെ നോക്കി കോപ്രായം കാണിക്കുന്നു.... അവനോടു "നേരെ നോക്കി ഇരിക്കെടാ തെണ്ടി" എന്ന് പറഞ്ഞു ഞാന്‍ എന്റെ തലയില്‍ കൈവെച്ചു... അങ്ങനെ മോഡല്‍ പരീക്ഷയുടെ കാര്യം ഒരു തീരുമാനമായി.....

 പരീക്ഷയുടെ ഇടയ്ക്ക് എന്റെ അടുത്തിരുന്ന ശാരി ആണ് എന്നോട് ചോദിച്ചത്....
 " നീ എഴുതുന്നില്ലേ?"
"ഞാന്‍ എന്തെഴുതാന്‍??? ഒക്കെ പോയി മോളെ.... നീ ഇരുന്നു എഴുതിക്കോ"...
അലീന ഇതൊന്നും ശ്രദ്ധിക്കാതെ അവള്‍ എഴുതുന്നുണ്ടായിരുന്നു...  വൃത്തിയായി ഞോറിയിട്ട് മടക്കിയ അവളുടെ ഷാളിനെ,   കിളിവാതിലൂടെ കടന്നുവരുന്ന കാറ്റ്  ഇളക്കുന്നുണ്ടായിരുന്നു.... കാറ്റും ഒരു കാമുകനായിരുന്നിരിക്കണം.... അത്ര മേലുണ്ട് അതിന്റെ കുസൃതി.... നടക്കുന്നത് പരീക്ഷയാണെന്ന് വരെ ഞാന്‍ മറന്നു പോയി... മെല്ലെ  അല്പം മുന്നിലെക്കാഞ്ഞു ഞാന്‍ ആ ഷാളിനെ തൊട്ടു... എന്റെ ആദ്യസ്പര്‍ശനം....

 ഈ പരീക്ഷ തീരാതിരുന്നെങ്കില്‍ ...... ഞാന്‍ വല്ലാതെ ആഗ്രഹിച്ചു... കാറ്റും നിര്‍ത്തുവാന്‍ ഉദ്ദേശിച്ചിട്ടില്ലായിരുന്നു... അതങ്ങനെ അവളുടെ മുടിയിഴകളെയും തലോടി അത് അവളെയുംചുറ്റിപ്പറ്റിനില്‍പ്പുണ്ടായിരുന്നു.... അപ്പോഴാണ്‌ ഞാന്‍ ആ  കാഴ്ച കാണുന്നത്....  അവളുടെ വലതു ചെവിക് പിറകില്‍..... മുടിയിഴകള്‍ക്കു താഴെയായി ഒരു കുഞ്ഞു കാക്കപ്പുള്ളി... ഒരു സുന്ദരന്‍ കാക്കപ്പുള്ളി.... ആ കാക്കപ്പുള്ളിക് ഒരു മുത്തം കൊടുക്കണം എന്ന് വരെ തോന്നിപ്പോയി....

അത്രയും മനോഹരമായ ഒരു പരീക്ഷാകാലം എന്റെ ജീവിതത്തില്‍ ഉണ്ടായിട്ടില്ല...  ഒരിക്കലും തീരരുതെ എന്ന് ആഗ്രഹിച്ചു പോയ ഏക പരീക്ഷാകാലം... പരീക്ഷ കഴിഞ്ഞിട്ടും ഒരാഴ്ച ക്ലാസ്സ്‌ ഉണ്ടായിരുന്നു... റെക്കോര്‍ഡ്‌ സൈന്‍ ചെയ്യലും രിവിഷനുമായി ഒരാഴ്ച.. ഒരു മനോഹരമായ സായന്തനം.. ഞാന്‍ വെറുതെ ക്ലാസിനു മുന്നില്‍ നില്‍ക്കുകയായിരുന്നു.... സയന്‍സില്‍ നിന്നും അവളും കൂട്ടുകാരികളും പുറത്തേക് വരുന്നുണ്ടായിരുന്നു... എന്നെ അകലെ നിന്നെ അവര്‍ കണ്ടു... ഞാന്‍ അവരെയും...

അതുവരെ എന്തോ പറഞ്ഞു നടന്നവര്‍ പെട്ടെന്ന് നിശബ്ദരായി...പതിയെ എന്റെ മുന്നിലേക്ക് നടന്നു... ആദ്യംഅവളുടെ ഒരു കൂട്ടുകാരി എന്നെ കടന്നുപോയി എന്റെ മുഖത്ത് നോക്കിക്കൊണ്ട്.... ഞാന്‍ അപ്പോഴും നടന്നു വരുന്ന അവളുടെ മുഖത്തേക്ക് തന്നെ നോക്കി നില്‍ക്കുകയായിരുന്നു... അടുത്ത കൂട്ടുകാരി എന്നെയും നോക്കി , കടന്നു പോയി... അവള്‍ പിന്നെയും അടുത്ത് വരവേ അടുത്ത കൂട്ടുകാരിയും കടന്നുപോയി... പരസ്പരം കണ്ണുകളില്‍ നോക്കി ഒരുനിമിഷം..... ഒരു ജന്മം മുഴുവന്‍ നോക്കിയിരിക്കാന്‍ കൊതിച്ച കണ്ണുകള്‍...... ആ ഒരു നിമിഷം ആ കണ്ണുകള്‍ നിറയെ ഞാന്‍.... ഒരു ചെറു പുഞ്ചിരിയോടെ അവള്‍ എന്നെയും കടന്നു പോയി...

ഈശ്വരാ എന്താണ് സംഭവിക്കുന്നത്?... അവള്‍ എന്നെ നോക്കി ചിരിച്ചോ??? എനിക്ക് സംശയമായി... ഞാന്‍ അല്പം മുന്നോട്ടു കയറി നിന്നു... ഇപ്പോള്‍ അവര്‍ താഴെ മുറ്റത്തുകൂടെ നടന്നു പോകുന്നത് കാണാം... നോക്കി നില്‍കെ മനസ്സില്‍ വെറുതെ ആലോചിച്ചു.... ഇത് വല്ല സിനിമയും ആയിരുന്നെങ്കില്‍ അവള്‍ തിരിഞ്ഞു നോക്കുമായിരുന്നു.. പിന്നെ ഒരു പാട്ട്. പിന്നെ പ്രണയം..... ഹോ... ഇത് സിനിമയും അല്ല അവളൊട്ടു തിരിയുകയുമില്ല. അത് അലീനയാണ്.. ഇങ്ങനെ ഒരു മണ്‌ങ്ങൂസ്....

അവിടെയും എന്റെ പ്രതീക്ഷകളെ തകിടം മറിഞ്ഞു... കണ്ണില്‍ നിന്ന് മറയുന്ന അവസാന നിമിഷം... അവള്‍ ഒന്ന് നിന്നു... കൂട്ടുകാരികളും.. സംശയത്തോടെ ഞാന്‍ നോക്കി നില്‍ക്കെ .. ആദ്യം അവള്‍ തിരിഞ്ഞു നോക്കി..... കൂടെ കൂട്ടുകാരികളും.....പിന്നെ  ഒരു ചിരിയോടെ അവര്‍ മുന്നോട്ട് നടന്നു... കാണുന്നത് സ്വപ്നമോ സത്യമോ എന്നറിയാതെ ഞാന്‍ എന്റെ തന്നെ കവിളില്‍ തട്ടി.... സ്വപ്നമല്ല സത്യം തന്നെ.... ഒരു നിമിഷം എന്ത് ചെയ്യണം എന്നറിയാതെ ഞാന്‍ പരുങ്ങി.. അടുത്ത നിമിഷം ചാടി ഇറങ്ങി ഓടി  ബസ് സ്റൊപ്പിലെക്ക് .. അവിടെ ഒരുപാട് പേരുടെ ഇടയില്‍ അവള്‍ ഉണ്ടായിരുന്നു.... പോയി സംസാരിച്ചാലോ എന്ന് വിചാരിച്ചു,,.. വേണ്ട... ഇനിയും മിണ്ടിയില്ലെങ്കില്‍ അതിന്റെ നാണക്കേട്‌ കൂടെ താങ്ങാന്‍ വയ്യ...ഞാന്‍ പിന്തിരിഞ്ഞു..

അവളോട്‌ എല്ലാം പറയണമെന്നും ഇതുവരെ തന്റെ മനസ്സിലെ കാര്യങ്ങള്‍ മുഴുവനും പറയണമെന്ന് ഞാന്‍ തീരുമാനിച്ചു.. എല്ലാവരെയും പോലെ സെന്‍റ് ഓഫ് ഡേ അതിന്നായി തീരുമാനിച്ചു. എല്ലാ കാര്യങ്ങളും മുന്‍കൂട്ടി പ്ലാന്‍ ചെയ്തു... എന്ത് സംസാരിക്കണം എന്ന് വരെ,,.. ഒരു രേഹെര്സല്‍ വരെ ചെയ്തു നോക്കി. ഒരു ചുവന്ന പനിനീര്‍ പൂവ് കയ്യില്‍ കരുതണം അവള്‍ കാണാതെ..എന്നിട്ട് സംസാരിച്ചു തുടങ്ങണം.....ആദ്യം പറയണം "അലീന ... എനിക്ക് അല്പം സംസാരിക്കാനുണ്ട്"
അപ്പോള്‍ അവള്‍ നില്‍ക്കും. ഞാനും അവളും മാത്രം... പിന്നെ പറയണം..." "ഈ കഴിഞ്ഞ രണ്ടു വര്ഷം  ഞാന്‍ ഒരുപാട് കളിയാക്കിയിട്ടുണ്ട്... ക്ഷമിക്കണം.." അപ്പോള്‍ അവള്‍ ചിരിക്കുമായിരിക്കും.. "സത്യത്തില്‍... എനിക്ക് തന്നെ ഒരുപാട് ഇഷ്ടമായിരുന്നു...തന്നോട് മിണ്ടാന്‍ വേണ്ടിയാണ് ഞാന്‍ കളിയാക്കിയത് ഒക്കെ.." ഇപ്പോള്‍ അവള്‍ ദേഷ്യപ്പെട്ടു തുടങ്ങും... അപ്പോള്‍ പറയും.. " തനിക് ഇഷ്ടമല്ല എന്നറിയാം... അത് സാരമില്ല.. ഇനി കാണുമോ എന്നറിയില്ല.. ഇനി കണ്ടാലും മിണ്ടാതെ ഇരിക്കരുത്.. ഞാന്‍ വന്നു സംസാരിക്കുമ്പോള്‍ എന്നോട് തിരികെ സംസാരിക്കണം... be good friends.." എന്നിട്ട് ഈ പൂവ് കൈമാറണം... വാങ്ങുമോ എന്നറിയില്ല.. "പിണക്കമ്മില്ലെങ്കില്‍ ഇത് വാങ്ങണം" എന്ന് പറയണം...  അപ്പോള്‍ അവള്‍ ചിരിച്ചു സംസാരിക്കും.... അപ്പൊ മനസ്സില്‍ ഇതുവരെ പറയാതിരുന്ന കാര്യങ്ങള്‍ മുഴുവന്‍ അവളോട്‌ പറയണം.... കഴിഞ്ഞ രണ്ടു വര്‍ഷത്തിലെ അവളോട്‌ ചേര്‍ന്ന ഓര്‍മ്മകള്‍..... എന്നിട്ട് ഒരു സുഹൃത്തായി പിരിയണം.... ഞാന്‍ തീരുമാനിച്ചു..
  ... നിമിഷങ്ങള്‍ പോലെ ദിനങ്ങള്‍ കൊഴിഞ്ഞു.... അവസാന വര്‍ഷ പരീക്ഷയുമെത്തി... പരീക്ഷക്ക് ശേഷമായിരുന്നു ഞങ്ങളുടെ സെന്‍റ് ഓഫ്‌... ഒരു ഗെറ്റ്ടുഗേതെര്‍ പോലെ.... പരീക്ഷ ഒക്കെ നന്നായി എഴുതി, ഞാന്‍ കാത്തിരുന്ന ദിനമെത്തി... വെളുത്തമുണ്ടും പുതിയഷര്‍ട്ട്ഉംഒക്കെ ഇട്ടു ഞാന്‍  തയ്യാറായി ..കയ്യില്‍ഒരു റോസപ്പൂവ് കൂടെ കരുതിയിരുന്നു.. പിണക്കം പറഞ്ഞു തീര്‍ക്കുമ്പോള്‍ നല്‍കാനായി....  എല്ലാവരും  പിരിയുന്ന സങ്കടത്തില്‍ കൂട്ടം കൂട്ടമായി സംസാരിച്ചു കൊണ്ടിരിക്കുമ്പോള്‍ ഞാന്‍ അവളെ തിരയുകയായിരുന്നു.... അപ്പോഴാണ്‌ ശാരിയെ കണ്ടത്... കയ്യിലെ പൂവ് അവള്‍ കാണാതെ മറച്ചു വെച്ചിട്ട് പ്രതീക്ഷയോടെ ഞാന്‍ ചോദിച്ചു...

"കൂട്ടുകാരി എവിടെ? കണ്ടതെ ഇല്ലല്ലോ?"
"അവള്‍ വന്നില്ല ഡാ"
"വന്നില്ലേ? കള്ളം പറയല്ലേ..."
"സത്യാമയും വന്നില്ല ഡാ.... അവള്‍ ഇങ്ങനത്തെ പരിപാടികള്‍ക്കൊന്നും വരുമെന്ന് തോന്നണില്ല ഡാ"
"mm..."  എനിക്കൊന്നും പറയാന്‍ പറ്റുന്നില്ലായിരുന്നു....ശാരി അവളുടെ ക്ലാസ്സിലേക്ക് മടങ്ങി...
എല്ലാ പ്രതീക്ഷകളും ഒറ്റ നിമിഷം കൊണ്ട് അസ്തമിച്ച പോലെ.... വല്ലാത്ത ഒരു ശൂന്യത...എന്തൊക്കെയോ ചെയ്യണം എന്നറിയാതെ ഞാന്‍ ആകെ തളര്‍ന്നു.... എനിക്ക് എനോട് തന്നെ ദേഷ്യം തോന്നി...വെറുപ്പും... സത്യമായ ഇഷ്ടം പറഞ്ഞു മനസ്സിലാക്കിക്കാന്‍ പോലും കൊള്ളാത്തവന്‍....  എന്റെ വലതുകയ്യില്‍ ഭദ്രമായി സൂക്ഷിച്ച പനിനീര്‍ പൂവ്  വിരലുകള്‍ക്കിടയില്‍ പെട്ട് ഞെരിഞ്ഞമര്‍ന്നു ഇതളുകളായി നിലത്തേക്ക് വീണു....

പ്രണയം  എപ്പോഴും ഒരു ശുഭപര്യവസായി ആയിരിക്കണം എന്നില്ല... ചിലപ്പോഴൊക്കെ നഷ്ടങ്ങളുടെ കണക്കുകളെ കാണിച്ചു കൊണ്ട് അത് അങ്ങിനെ തുടരും... പിന്നെയും കേള്‍ക്കുന്ന പാട്ടുകളില്‍,.... കണ്മുന്നില്‍ കാണുന്ന പ്രണയങ്ങളില്‍ പിന്നെയും പിന്നെയും ഓര്‍മകളെ തഴുകിയുണര്‍ത്തി, ഒരു നഷ്ടബോധത്തെ എന്നോടൊപ്പം വളര്‍ത്തിയെടുത്തു... ഇടയ്ക്കിടെ ഓര്‍ക്കാന്‍ ആഗ്രഹിക്കുന്ന ഒരു പ്രിയപ്പെട്ട നഷ്ടം...


2015, ഓഗസ്റ്റ് 1, ശനിയാഴ്‌ച

അലീന
കൌമാരം....... അടുത്തിരിക്കുന്നവരെ അറിഞ്ഞു തുടങ്ങുന്ന പ്രായം... സൌഹൃദങ്ങള്‍ക്ക് ആഴം കൂടുകയും അതെ പോലെ അതുവരെ ഇല്ലാതിരുന്ന ഇഷ്ടങ്ങള്‍ തുടങ്ങുകയും ചെയ്യുന്ന സമയം....  മനോഹരമായ ഒരു തുടക്കമായി കൌമാരത്തെ കാണാം നമുക്ക്... അങ്ങനെ ഒരു കാലത്ത്.. എന്റെ  പ്ലസ്‌ 1 ഇന്റര്‍വ്യൂ ദിനം.... ഇന്റര്‍വ്യൂ   കഴിഞ്ഞു കൂട്ടുകാരന് വേണ്ടി ഹാള്‍ ന്റെ മുന്നില്‍ കാത്തു നില്‍ക്കുകയായിരുന്നു ഞാന്‍... അപ്പോഴാണ്‌ ഹാളില്‍ തളര്‍ന്നു , ഡസ്ക് ന് മുകളില്‍ തല ചായ്ച്ചു കിടക്കുന്ന ഒരു പെണ്‍കുട്ടിയില്‍ എന്റെ ശ്രദ്ധ പതിഞ്ഞത്. മഞ്ഞ ഷര്‍ട്ടും കറുത്ത പാവടയുമായി ഒരു വെളുത്തു മെലിഞ്ഞൊരു പെണ്‍കുട്ടി.... വെറുതെ അവളെ തന്നെ നോക്കി നിന്ന് മനസ്സില്‍ ആലോചിച്ചു.... "പാവം കാലത്തു വന്നതാകും... ഒന്നും കഴിച്ചിട്ട് കൂടി ഉണ്ടാകില്ല".... പെട്ടെന്ന്‍ ആ പെണ്‍കുട്ടി എന്റെ നേരെ ഒന്ന് പാളി നോക്കി... കത്തുന്ന രണ്ടു കണ്ണുകള്‍.... ഞാന്‍ പെട്ടെന്ന് കണ്ണ് വലിച്ചു...

എനിക്ക് പിന്നെയും ആ കണ്ണുകളിലേക്ക് നോക്കുവാന്‍ തോന്നി....പക്ഷെ അവളുടെ നോട്ടത്തെ നേരിടാനുള്ള ശക്തിയുമില്ല.... എന്താണാവോ അവളുടെ പേര്?... തിരിച്ചു വീട്ടിലെത്തിയെങ്കിലും എന്റെ മനസ്സില്‍ അപ്പോഴും ആ കണ്ണുകള്‍ തന്നെ ആയിരുന്നു. പിന്നെയും ആ കണ്ണുകള്‍ കാണാന്‍ ഒരു ആഗ്രഹം..... സൈക്കിള്‍ എടുത്തു പിന്നെയും സ്കൂളില്‍ വന്നെങ്കിലും ആ പെണ്‍കുട്ടിയെ കാണാന്‍ സാധിച്ചില്ല... പിന്നെയം ക്ലാസ്സ്‌ തുടങ്ങാന്‍ ഒരാഴ്ച.... ആദ്യമായി ഞാന്‍ സ്കൂള്‍ തുറക്കാന്‍ ആഗ്രഹിച്ചു...

ഒന്നാംദിനം... അപ്പോഴേക്കും ആ പെണ്‍കുട്ടിയുടെ മുഖം മനസ്സില്‍ നിന്ന് മാഞ്ഞുപോയി.... ആ കണ്ണുകള്‍ ഒഴിച്... വെറുതെ കാണുന്ന പെങ്കുട്ടികളിലെല്ലാം ഞാന്‍ ആ കണ്ണുകള്‍  തിരഞ്ഞു.... എങ്ങും കണ്ടില്ല..... ദൈവമേ... ഇനി അഡ്മിഷന്‍ കിട്ടിയിട്ടുണ്ടാവില്ലേ??? ചതിക്കരുതേ... ഇനി തിരയാന്‍ സ്വന്തം ക്ലാസ്സ്‌ മാത്രം.... പ്ലസ്‌ വണ്‍ കോമ്മെര്‍സ്... അവസാന ബെഞ്ചില്‍ പോയി ഇരുന്നു ഞാന്‍ എല്ലാവരെയും നോക്കി... എങ്ങും കണ്ടില്ല.... ഛെ.... ആദ്യമായി വല്ലാത്ത ഒരു നിരാശ പോലെ....

ക്ലാസ്സില്‍ കൂടുതലും പരിചയക്കാര്‍ തന്നെയായിരുന്നു... പലരും സ്വയം പരിചയപ്പെടുത്തുമ്പോള്‍ ശ്രദ്ധിക്കാനൊന്നും താല്പര്യം തോന്നിയില്ല... പെട്ടെന്ന്‍ ഒരു മഞ്ഞ നിറം കണ്ണില്‍ പതിഞ്ഞു...... പ്രതീക്ഷയോടെ ഞാന്‍ നോക്കി... അതെ മഞ്ഞയും കറുപ്പും....  ഈശ്വരാ.... അത് തന്നെയാണോ?? ഒരു സംശയം... അവള്‍ പേര് പറയാനായി എഴുന്നേറ്റു... " അലീന "...
ശെടാ.... ക്രിസ്ത്യാനിക്കൊച് ആണല്ലോ... മറ്റൊന്നിലും ശ്രദ്ധിക്കാതെ അവള്‍ പുറത്തേക് നോക്കിയിരുന്നു... ഞാന്‍ അവളുടെ"പുറത്തേക്കും".... ഒന്ന് തിരിഞ്ഞിരുന്നെങ്കില്‍...

"സയന്‍സിലേക്ക്മാറാന്‍ താല്പര്യം ഉള്ളവര്‍ പേര് തരുക" ശൈബി ടീച്ചര്‍ പറഞ്ഞപ്പോള്‍ അവള്‍ ആദ്യം തന്നെ ചാടി എഴുന്നേറ്റു...  ആ ഒരു നിമിഷം  ഞാന്‍ എന്റെ തീരുമാനം പുന:പരിശോധിച്ചു.. കോമ്മെര്‍സ് വിട്ടു  സയന്‍സിലേക്ക് മാറിയാലോ???... വൈകീട്ട് വായനശാലയില്‍ വെച്ച് കണ്ടപ്പോള്‍ രാജശ്രീയോടു ഞാന്‍ ഈ തീരുമാനം പറഞ്ഞു.... "ഞാന്‍ സയന്സിലോട്ട്  മാറിയാലോ എന്ന് വിചാരിക്ക്യാ..... "പെട്ടെന്ന്‍ അവള്‍ കെറുവിച്ചു.... "നീ ഒക്കെ കോമ്മെര്‍സ് എടുത്തത്‌ കൊണ്ടാ ഞാനും ഇത് എടുത്തേ.... വെറുതെ ........ നിന്റെ ഇഷ്ടം.... ഞാന്‍ ഒന്നും പറയുന്നില്ല..." ശരിയാണ്... ഞങ്ങള്‍ മൂന്നുപേര്‍ ഒരുമിച്ചാണ് കോമ്മെര്‍സ് തിരഞ്ഞെടുത്തത്... ഞാന്‍ , രാജശ്രീ, ശ്രീകല..... പക്ഷെ എന്റെ തീരുമാനത്തിനു കാരണം???.... ഒടുവില്‍ ഞാന്‍ ക്ലാസ്സ്‌മാറുന്നില്ല എന്ന് തന്നെ തീരുമാനിച്ചു... ഇന്നലെ കണ്ട പെന്കുട്ടിയെക്കാള്‍ വലുതാണല്ലോ കുട്ടിക്കാലം തൊട്ടേ ഒരുമിച്ചു പഠിച്ച കൂട്ടുകാരിക്ക് കൊടുത്ത വാക്ക്...

മൂനാം ദിനം അവള്‍ ക്ലാസ്സ്‌ മാറി....ഇപ്പോഴും അവളുടെ മുഖം വ്യക്തമായി കണ്ടിട്ടില്ല..... ഇന്റര്‍വേല്‍ സമയത്ത് വെറുതെ സയന്‍സിന്റെ ഭാഗത്തേക്ക് പോയി.... അവിടെ ലാസ്റ്റ് ബെഞ്ചില്‍ അവള്‍ പുറത്തേക് നോക്കി ഇരിക്കുന്നുണ്ടായിരുന്നു... അലക്ഷ്യമായി...  അപ്പൊ തന്നെ ഞാന്‍ എന്നോട് ചോദിച്ചു.... "നീ എന്തിനാടാ ഇവിടെ വന്നത്?" ആവോ... എനിക്ക് തന്നെ ഉത്തരം  ഇല്ലായിരുന്നു...

ക്ലാസ്സ്‌ തുടങ്ങീട്ട് ഒരാഴ്ചയോളം ആയി...ഇപ്പോഴും ആ മുഖം മാത്രം ഓര്‍മയില്ല... മനസ്സില്‍ ആ കണ്ണുകള്‍ മാത്രം. ആഴങ്ങളില്‍ നിന്ന് ആഴങ്ങളിലേക്ക് പതിക്കുന്ന ആ കണ്ണുകള്‍ മാത്രം.. അന്ന് രാത്രി ഉമ്മറത്ത്‌ ഇരുന്നു പഠിക്കാനുള്ള ശ്രമം ആയിരുന്നു... വെറുതെ ബുക്ക്‌ മറിച്ചുകൊണ്ടിരിക്കുമ്പോഴായിരുന്നു മഴ പെയ്തത്... അതുവരെ മഴ ഉറങ്ങാനുള്ള ഒരു  ഉപാധി മാത്രം ആയിരുന്നു. അന്ന് ആദ്യമായി ഞാന്‍ മഴയുടെ മനോഹാരിത ഞാന്‍  തിരിച്ചറിഞ്ഞു.......  വൈദ്യുതവെളിച്ചത്തിന്റെ അതിരുകള്‍ക്കപ്പുറം പെയ്യുന്ന മഴയുടെ ശബ്ദത്തിലെ സംഗീതം ഞാന്‍ തിരിച്ചറിഞ്ഞു.....  ഓടുകളില്‍ നിന്നും ഉതിര്‍ന്നു വീഴുന്ന മഴനീരില്‍ വെളിച്ചം തട്ടി അതിരുകള്‍ രൂപപ്പെട്ടിരിക്കുന്നു. ആ അതിരുകള്‍ക്കപ്പുറം മനോഹരമായ മഴയുടെ ലോകമാണ്... ഇരുട്ടിന്റെ സാമ്രാജ്യം..... ഇരുട്ടിന്റെ നെഞ്ചിനെ കീറിമുറിച്ചൊരു മിന്നല്‍.... അവളുടെ കണ്ണുകളുടെ അതെ ആഴത്തില്‍.... കിലുകിലാ മഴ... ഇതുവരെ കേള്‍ക്കാത്ത അവളുടെ ശബ്ദമായിരിക്കുമെന്നു തോന്നി.... പെട്ടെന്ന് ഇരുട്ടില്‍ നിലാവെളിച്ചം പോലെ  ഒരു മുഖം തെളിഞ്ഞു.... "അലീന".. ആദ്യമായി അവളുടെ മുഖം എന്റെ മനസ്സില്‍ തെളിഞ്ഞു...

നേരം വെളുക്കതിരുന്നെങ്കില്‍ എന്ന് തോന്നിപ്പോയി എനിക്ക്...  കുറെ നേരം അങ്ങനെ ഇരുന്നു... പിന്നെ കിടന്നു... ഉറക്കം വരുന്നില്ല... തിരിഞ്ഞു കിടന്നു.. മറിഞ്ഞു കിടന്നു... അടുത്ത മുറിയില്‍ പോയി അമ്മയെ കെട്ടിപ്പിടിച്ചു കിടന്നു... ഉറക്കം എന്നെ ഒഴിവാക്കിയ പോലെ.... പിന്നെയും എന്റെ മുറിയിലെത്തി മെല്ലെ ജനല്‍ തുറന്നു.... ( അന്ന്  ജനല്‍ രാത്രി  തുറക്കാന്‍ പേടിയുള്ള ഞാന്‍ )  മഴ മാറിയ ആകാശത്ത് ഒരു കുഞ്ഞു ചന്ദ്രന്‍....  രാത്രി വല്ലാത്തൊരു സുന്ദരി തന്നെ.... ഞാന്‍ സ്വയം ആലോചിച്ചു നോക്കി.. എന്താണ് എനിക്ക് സംഭവിക്കുന്നത്?...   ഉത്തരം  വ്യക്തമായിരുന്നു.. " I am falling in love with that eyes"

ഒരു വിധത്തില്‍ നേരം വെളുപ്പിച്ചു... ബ്രഷ് ചെയ്തു വന്നു കണ്ണാടിയില്‍ നോക്കി... എന്തോ ഒരു തൃപ്തി പോരാ.... അപ്പോഴാണ്‌ ഞാന്‍ എന്നെ തന്നെ ശ്രദ്ധിക്കുന്നത്... "പല്ല് അല്പം മഞ്ഞ ഉണ്ടോ?".... വേഗം പോയി പിന്നെയും പല്ല് തേച്ചു.. ശോ... ശരീരമാകെ വല്ലാതെ മെലിഞ്ഞാണല്ലോ ഇരിക്കുന്നത്....  മുടി മാത്രം ഉണ്ട്... വിശദമായി കുളിച്ചു പിന്നെയും കണ്ണാടി നോക്കി....  പൌഡര്‍ ഇടണോ? വേണ്ട... ചന്ദനക്കുറി വരച്ചു... പോരാ.. തൃപ്തി ആയില്ല.. നടുവില്‍ ഒരു കുങ്കുമ കൂടെ തൊട്ടു... കൊള്ളാം ചെലായിട്ടുണ്ട്.... സ്കൂളിലേക്ക്..

വര്‍ണങ്ങള്‍ വാരി എറിഞ്ഞത് പോലെ വിദ്യാലയങ്കണം.. എപ്പോഴും കൂടെ നടക്കണ സനൂപിനോട് കാര്യം പറഞ്ഞു. "അളിയാ  ഒരു പെങ്കൊച്ചിനോട്  എനിക്ക് എന്തോ പോലെ"....
 "ആരെടാ അവള്‍?" .
"പേര് മാത്രം അറിയാം വേറെ ഒന്നും അറിയില്ല..."
അവളെ കാണിക്കാനായി  ആദ്യമായി അവള്‍ വരുന്ന വഴിയുടെ എതിരെ  നടന്നു ചെന്നു... അവളുടെ മുഖത്തേക്ക് നോക്കി...  മുഖത്ത് ഒരു സ്ഥായിദുഃഖഭാവം.....അലക്ഷ്യമായ നോട്ടം..

അവളെപ്പറ്റി കൂടുതല്‍ അറിയാന്‍ എന്താ വഴി?.. ഒരു വഴി ദൈവം തന്നെ തുറന്നു തന്നു.. "വിനിത" അവളുടെ അടുത്ത് ഇരിക്കുന്ന പെണ്‍കുട്ടി... എങ്ങിനെയോ വിനിതയെ പരിചയപ്പെട്ടു.. ആദ്യം തന്നെ  കാര്യം പറഞ്ഞു... സംഭവം ഇതാണ്....
 "ഒന്ന് രണ്ടു ദിവസം നിന്നെ  വഴിയില്‍ കണ്ടപ്പോഴേ തോന്നി..... അവളോട്‌ ഞാന്‍ ഒന്നും പറയൂലേ"
"വേണ്ട പക്ഷെ ഒന്ന്‍ സൂചിപ്പിച്ചാല്‍ മതി"
"എനിക്ക് വയ്യ അവളുടെ വായില്‍ ഇരിക്കുന്നത് കേള്‍ക്കാന്‍..."
"എന്നാ അവളെ കുറിച്ച് ഒന്ന്‍ പറഞ്ഞു താ... വീട് എവട്യാ.. വീട്ടില്‍ ആരൊക്കെ.... വല്ല ലൈന്‍ ഉണ്ടോ?"
അനിത അറിയാവുന്നതൊക്കെ പറഞ്ഞു....

രാത്രികളില്‍ ഉറക്കമില്ലാതെയായി... അവിടെയും ഇവിടെയും മുന്നിലും ഒക്കെയും ആ കണ്ണുകള്‍.... സ്കൂളില്‍ വെച്ച് വെച്ച് ചിലപ്പോഴൊക്കെ എന്നെ നോക്കും... അപ്പോഴു ആ കണ്ണുകളിലേക്ക് തിരിച്ചു നോക്കാന്‍ എനിക്ക് ധൈര്യമില്ലായിരുന്നു... എന്ത് മാന്തിക ശക്തിയാണോ അതില്‍... എന്നെ ഇത്ര ആകര്‍ഷിക്കാന്‍..... എനിക്ക് അറിയില്ല ദൈവമേ... ഒടുവില്‍ ഞാന്‍ എന്റെ ഇഷ്ടം പറയാന്‍ തീരുമാനിച്ചു... ക്ലാസ്സ്‌ തുടങ്ങീട്ട് അപ്പോള്‍  രണ്ടു മാസം മാത്രം...ഇതുവരെ നേരിട്ട് പരിചയപ്പെട്ടിട്ട് കൂടിയില്ല...

അന്നൊരു വാവുബലി ദിനം....  കാലത്ത് അവധി ആണെന്ന് അറിയാതെ അവള്‍ ക്ലാസ്സില്‍ എത്തി... ഞാനും.... ഇത് തന്നെ അവസരം എന്ന് കരുതി.... അവള്‍ ഒന്നാം ക്ലാസ്സ്‌ കെട്ടിടത്തിന്റെ മുന്നില്‍  നില്‍ക്കുന്നു.... "പോയി ധൈര്യായി പറയെടാ" എന്ന് എരി കേറ്റി സനൂപ്‌ കൂടെ... ഞാന്‍ നടന്നു... ഓണക്കാലത്തിന് മുന്പ് മഴ അത്തപ്പൂക്കളമിട്ടൊരു മുറ്റത്ത്‌ കൂടെ.... അതിവേഗം മിടിക്കുന്ന ഹൃദയത്തോടും അതിനെക്കാള്‍ വേഗത്തില്‍ വിറയ്ക്കുന്ന കാലുകളോടും.... ആദ്യമായി അവളോട്‌ സംസാരിക്കാന്‍ പോകുന്നു.ആകാശം മെല്ലെ തെളിഞ്ഞു തുടങ്ങുന്നു....

"എനിക്കൊരു കാര്യം പറയാനുണ്ട്" ഞാന്‍ എങ്ങിനെയോ പറഞ്ഞൊപ്പിച്ചു.... അവളുടെ തൊട്ടു അടുത്ത് ആദ്യമായി നില്‍ക്കുന്നു..  അവള്‍ എന്റെ നേരെ നോക്കുമ്പോള്‍....... എന്റെ ഹൃദയത്തിലേക്ക് ആ നോട്ടം ആഴ്ന്നിറങ്ങുന്നു. എനിക്ക് സാധിക്കുന്നില്ല നിന്റെ നേരെ നോക്കാന്‍......

"എന്താ?"

" എനിക്ക്........." ഇതുവരെ കണ്ടുപിടിച്ചിട്ടില്ലാത്ത വാക്കുകള്‍ തെടുന്നവനെ പോലെ ഞാന്‍ പരുങ്ങി...
"എനിക്ക്... എനിക്ക് തന്നെ ഇഷ്ടമാണ്.."  ഒറ്റ ശ്വാസത്തില്‍ പറഞ്ഞു തീര്‍ത്തു.... പതിനഞ്ചു മിനുട്ടോളം വെള്ളത്തില്‍ മുങ്ങിക്കിടന്നവന് അല്പം  ജീവവായു ലഭിച്ച പോലെ ഞാന്‍ കിതച്ചു...ലോകത്ത് പറയാന്‍ ഏറ്റവും ബുദ്ധിമുട്ടുള്ള വാക്കുകള്‍.... ആദ്യമായി സംസാരിക്കുന്ന പെണ്‍കുട്ടിയോട്.... ദൈവമേ.. ഇത്രേം ധൈര്യം എനിക്കോ....
"hmmm പോടെര്‍ക്കാ...  എന്നെ ശല്ല്യപ്പെടുതിയാല്‍ ഞാന്‍ വീട്ടില്‍ പറയും.."

"വീട്ടില്‍ പിന്നെ പറയാം... ഇപ്പൊ എന്നെ ഇഷ്ടമാണോ എന്ന് പറയു" (പിന്നേം ധൈര്യം...)

"നീ പോടാ" .... അവള്‍ തിരിഞ്ഞു നടന്നു....
ലോകം കീഴടക്കിയ അലെക്സാണ്ടര്‍ ചക്രവര്‍ത്തിയെ പോലെ ഞാനും  തിരിഞ്ഞു നടന്നു... സനൂപിനോട് കാര്യങ്ങള്‍ പറഞ്ഞു...  അപ്പോഴേക്കും ഈ കഥകള്‍ സ്കൂളിലെ ആണ്‍കുട്ടികളുടെ ഇടയില്‍  പരന്നു കഴിഞ്ഞിരുന്നു... കാട്ടുതീയെക്കാള്‍ വേഗതയില്‍ ഇക്കാര്യങ്ങള്‍ പരക്കും. അതാണല്ലോ ഈ പ്രണയത്തിന്റെ വേഗത...

 ഉച്ചക്ക് ക്ലാസ്സില്‍ ഇരുന്നപ്പോഴാണ് സനൂപ്‌ വന്നത്. വാവ്ബലിയുടെ ബാകി എന്നോണം ആകാശം ഇരുണ്ടു തുടങ്ങിയിരുന്നു.....

"ഡാ ഒരു കാര്യം പറഞ്ഞാല്‍ നിനക്ക് വിഷമം ആവരുത്.."

"എന്തെ ഡാ?"

" ഞാന്‍ ഒരു കാര്യം അറിഞ്ഞു.. അലീനയുടെ ക്ലാസ്സില്‍ പഠിക്കുന്ന ഒരു പയ്യന്‍ പറയുന്നത് കേട്ടതാ"

"നീ കാര്യം പറ"

"അവള്‍ അവളുടെ സ്റ്റാറ്റസ് ഇല്‍ ഉള്ള പയ്യന്മാരെ മാത്രമേ സ്നേഹിക്കുള്ളൂ എന്ന്... നിന്നെ ഇഷ്ടമല്ല എന്ന്'

ഭൂമി പിളര്‍ന്നു താഴേക്ക് പോയിരുന്നെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിച്ചു പോയി... ഇഷ്ടമല്ല എന്നറിയാം... പക്ഷെ ക്രൂരമായ അവഹേളനം. വല്ലാതെ അപമാനിതനായി എന്നൊരു തോന്നല്‍ എന്റെ ഉള്ളില്‍ വിരിഞ്ഞു.. അത്ര അങ്ങോട്ട്‌ സഹിക്കാന്‍ ആവുന്നില്ലായിരുന്നു.. കാത്തുവെച്ച മോഹങ്ങളൊക്കെ ഒരു നിമിഷം കൊണ്ട് കത്തിക്കരിഞ്ഞ പോലെ... അവന്‍ പോയപ്പോള്‍ ഞാന്‍ മെല്ലെ ഡസ്ക് ഇല്‍ തല വെച്ച് കിടന്നു... കണ്ണുകള്‍ അറിയാതെ നിറയുന്നുണ്ടായിരുന്നു... ഒരു മഴ പോലെ പോഴിയുന്നുണ്ടായിരുന്നു....  ആകാശത്ത് കര്‍ക്കിടകവും ആര്‍ത്തലയ്ക്കുന്നുണ്ടായിരുന്നു...

"എന്താടാ നിനക്ക് പറ്റിയെ?" ചോദ്യം കേട്ട് ഞാന്‍ തിരിഞ്ഞു നോക്കി... രാജശ്രീ...
"നീ കരയുവാണോ? എന്ത് പറ്റി???

"ഒന്നുല്ല്യ.... കണ്ണില്‍ എന്തോ പോയി"
"നീ എന്താ പുറത്തേക് വരാതെ... അല്ലേല്‍ ഇപ്പോഴും എന്നെ കളിയാക്കുന്നതാണല്ലോ..."
"ഒന്നുല്ല്യ... നീ പൊക്കോ.. ഞാന്‍ വരം"
 അവിടെ ഇരുന്നു മനസ്സ് ഒരു തീരുമാനം എടുത്തു... ഇനി മേലില്‍ അവളുടെ പിറകെ നടക്കില്ല... പെട്ടെന്ന്‍ ഒരു നിമിഷം വല്ലാതെ വെറുത്തു പോയി ഞാന്‍.. നിര്‍ത്തി.. എല്ലാം...


ഒന്നും എവിടെയും നിര്‍ത്തുന്നില്ലായിരുന്നു...  അതാണല്ലോ ഈ പ്രണയത്തിന്റെ സവിശേഷത... അവസാനിക്കുന്നിടത്ത് നിന്ന് പിന്നെയും തുടങ്ങും... പുതിയ അങ്കം വെട്ടുകള്‍ തുടങ്ങാന്‍ പോകുന്നതെ ഉണ്ടായിരുന്നുള്ളു...... (തുടരും)

2015, ജൂലൈ 16, വ്യാഴാഴ്‌ച

എഴുതുവാന്‍ തുടങ്ങാത്ത കഥകളില്‍ നിന്ന്

“ നോക്കു രാകേഷ്.. നിങ്ങള്‍ നല്ലൊരു സുഹൃത്താണ്.. അതിനുമപ്പുറം നല്ലൊരു മനുഷ്യനും.. നിങ്ങളോട് സംസാരിക്കുന്നതുമൊക്കെ എനിക്ക് ഇഷ്ടവുമാണ്..... പക്ഷെ...”
“പക്ഷെ????”
ഒരു ലൈഫ് പാര്‍ട്ട്‌നേര്‍ എന്ന നിലയില്‍....... ഇല്ല നിങ്ങളെ എനിക്ക് അങ്ങനെ കാണാന്‍ കഴിയില്ല... I am sorry..”
വല്ലാത്തൊരു മൗനം അവര്‍ക്കിടയില്‍ നിറഞ്ഞു.... കൊരിചോരിയുന്നതിനു മുന്പ് മാനം നിശബ്ദമാകും പോലെ.... അവളില്‍ നിന്നും ഇങ്ങനെ ഒരു മറുപടി തന്നെയാണ് താന്‍ പ്രതീക്ഷിച്ചത് എങ്കിലും നേരിട്ട് കേട്ടപ്പോള്‍ മനസ്സ് ഒന്ന് പതറി... എന്ത് പറയണം എന്ന് അറിയാതെ.... വാക്കുകള്‍ക്കൊക്കെ എന്ത് ക്ഷാമമാണ്.......
“ദേവി കോഫി എടുത്തില്ല.... jst take…”
നെയില്‍ പോളിഷ് ചെയ്തു സുന്ദരമാക്കിയ നീണ്ട വിരലുകള്‍ വിടര്‍ത്തി അവള്‍ കോഫി എടുത്തു... വെറുതെ ദേവിയുടെ മുഖത്തേക്കൊന്നു നോക്കുവാന്‍ തോന്നി തനിക്ക്.. AC യുടെ ഇളം തണുപ്പിലും ചെറുതായി വിയര്‍പ്പ് പൊടിഞ്ഞ നെറ്റിത്തടത്തിലെ ചന്ദനക്കുറി.... കണ്ണുകളില്‍ ഇടയ്ക്കെപ്പോഴോ കണ്മഷി എത്തി നോക്കിയിട്ടുണ്ട്...
“രാകേഷ് ഇനി എന്നാണ് തിരിച്ചു പോകുന്നത്?
പെട്ടെന്നാണ് താന്‍ ചിന്തയില്‍ നിന്നുണര്‍ന്നത്..
“നാളെ വൈകീട്ട് ആണ് ഫ്ലൈറ്റ്... കൊച്ചിയില്‍ നിന്നും...”
“പോയാല്‍ പിന്നെ അടുത്ത വര്ഷം ലീവ് കിട്ടുള്ളൂ അല്ലെ?”... വിഷയം മാറ്റാനുള്ള ഒരു അടവ് മാത്രമാണ് ഈ വിശേഷം ചോദിക്കല്‍ എന്ന് മനസിലാക്കാവുന്നതെ ഉള്ളു...
“ദേവിയുടെ മനസ്സില്‍ വേറെ ആരെങ്കിലും??”
ഒരു ചെറു ചിരിയില്‍ ഉത്തരം ഒതുക്കുമോ എന്ന് ഞാന്‍ ഭയന്നു… അല്ലെങ്കിലും പറയാതെ പറയുന്ന ഉത്തരങ്ങളെ വല്ലാതെ ഭയക്കണം...
“ഏയ്‌ .... അങ്ങനെ ആരും ഇല്ല... എനിക്ക് എന്റെ പരെന്റ്സ്‌ ആണ് വലുത്... അതിലും അപ്പുറം ആരും ഇല്ല്യ... അവരെ വേദനിപ്പിച്ചു കൊണ്ട് എനിക്ക് ഒന്നും വേണ്ട...”
“അവരെ വേദനിപ്പിക്കണ്ട.... അവരുടെ സമ്മതത്തോടെ മതി.... ഞാന്‍ അനുവാദം ചോദിച്ചോളാം.. അതിനു നിന്റെ സമ്മതമാണ് എനിക്ക് വേണ്ടത്”
“അത്......... അത് വേണ്ട...... എനിക്ക് പോകാന്‍ സമയമായി... ഞാന്‍ പോകുന്നു..”
അവള്‍ ഇറങ്ങിപ്പോയപ്പോഴുണ്ടായ ശൂന്യതയില്‍ ഒരുപാട് നേരം തനിയെ ഇരുന്നു... മനസ്സിലെന്തൊക്കെയോ തീരുമാനങ്ങള്‍.... വേണ്ട.. ഇനി ശല്യപ്പെടുത്തരുത്.. വിളിക്കുകയും അരുത്.... പോകാന്‍ ആഗ്രഹമുള്ളവരൊക്കെവിട്ടു പൊക്കോട്ടെ,, എന്തോ... തനിച്ചായത്‌ പോലെ..........................................................................27/06/2012


“എന്റെ ദെവീ... നീ ഇപ്പോഴും ഈ ഡയറിയും കെട്ടിപ്പിടിച്ചു ഇരിക്ക്യാണോ?”
കള്ളത്തരം കണ്ടുപിടിക്കപ്പെട്ട കുട്ടിയുടെ ഭാവത്തോടെ ദേവി എഴുന്നേറ്റു... “അയ്യട മോനെ... ഞാന്‍ വെറുതെ മറച്ചു നോക്കിയതാ... അടുത്ത പേജ് ഇല്‍ ഒക്കെ എന്തോരം കള്ളങ്ങളാ എഴുതി വെച്ചിരിക്കുനത്....”
അവളുടെ മൂക്കിന്റെ തുമ്പ് പിടിച്ചു ചെറുതായി വട്ടം ചുറ്റിയിട്ട് രാകേഷ് പറഞ്ഞു.. “ അതെ ഈ പ്രണയത്തിനു ഒരു കൊഴപ്പോണ്ട്... എത്ര വേണ്ട എന്ന് വെച്ചാലും അത്ര വേണം എന്ന് തോന്നും ...... നീയും മോശമല്ലല്ലോ.. എന്തൊക്കെ കള്ളമാ എന്നോടും പറഞ്ഞത്..”
തിരിച്ചു രാകേഷിന്റെ മൂക്കിന്റെ തുമ്പില്‍ പിടിച്ചു ദേവി... “ ഈ പ്രണയത്തിനു വേറെ കുഴപ്പമുണ്ട്..... തിരിച്ചറിഞ്ഞാലും അത് അറിയാതെ ഭാവിക്കുന്നത് നല്ല സുഖമുള്ള കാര്യമാ”........

2015, ജൂലൈ 3, വെള്ളിയാഴ്‌ച

മീനുട്ടിയുടെ സമ്മാനംനേരം സന്ധ്യ മയങ്ങിക്കഴിഞ്ഞിരുന്നു... തെല്ലിട മാറി നിന്നെങ്കില്ലും പിന്നെയും പെയ്യനോരുങ്ങി കാലവര്‍ഷം പിന്നെയും മാനത്ത് മൂടിക്കെട്ടുന്നുണ്ടായിരുന്നു... മഴയുടെ ആരവമുയര്‍ത്തി കാറ്റ് ഇലകളെ മുഴുവന്‍ ഇളക്കി മറിച്ചെങ്കിലും മാരി പെയ്യാന്‍ മാത്രം മടിച്ചു നിന്നു... അപ്പോഴും  ഇളകിമറിയുന്ന ആലിലകളെ തന്നെ നോക്കി സിദ്ധാര്‍ഥ് താഴെ ഇരുന്നു... എന്നും വൈകുന്നേരങ്ങളില്‍ ഇത് പതിവുള്ളതാണ്, അമ്പലപ്പറമ്പിലെ ആല്‍ത്തറയിലെ  ഒറ്റക്കുള്ള ഇരുത്തം. ചെയ്യാന്‍ പ്രത്യേകിച്ചു ഒന്നുമില്ലാത്തപ്പോള്‍ ഇവിടെ വന്നിങ്ങനെ  ആലിലകളെ നോക്കി ഇരിക്കാന്‍ വല്ല്യ ഇഷ്ടമാണ്..... തൊഴിലില്ലായ്മ എന്ന പ്രതിസന്ധി നേരിടാന്‍ തുടങ്ങിയപ്പോഴാണ് പ്രധാനമായും ഈ ഒരു ശീലം തുടങ്ങിയത്... 

 “ഇവിടെ ഈ നേരത്ത് ഇരിക്കരുത് കുട്ടീ.... അപ്പുറത്ത് കാവാണ്‌.. ഇഴ ജന്തുക്കളൊക്കെ കാണും”
 എന്നും സ്നേഹപൂര്‍വ്വം ശാസികാറുള്ള മുത്തശ്ശിയാണ്.. കാവില്‍ വിളക് വെയ്ക്കാന്‍ വരുന്നതാണ്...

 “ഈ കുട്ട്യോള്‍ക്കൊന്നും ഒരു അനുസരണയും ഇല്ല്യാലോ.... വീട്ടില്‍ പൊക്കോളൂ”..... 

വീട്ടിലേക്ക് പോകാനാണ് തോന്നാത്തത്... വയ്യാതെ ആണെങ്കിലും പിന്നെയും ജോലിക്ക് പോകുന്ന അച്ഛനും കഷ്ടപ്പാടുകള്‍ മുഴുവന്‍ ഉള്ളിലൊതുക്കി കഴിയുന്ന അമ്മയും.... അവരെ പോറ്റേണ്ട താന്‍ ഇപ്പോഴും അവരുടെ ചിലവില്‍....... ഓര്‍ക്കുമ്പോഴേ കഴിച്ച ചോറ് തന്നെ ശ്വാസം മുട്ടിക്കുന്നു.... ജോലിയെ പറ്റി ഒരു വാക്ക് പോലും അവര്‍ ചോദിക്കുന്നുമില്ല... അത് നന്നായി... ഇനിയും കള്ളം പറഞ്ഞു കൂട്ടാന്‍ വയ്യ തനിക്ക്... 

ഫോണിലെ missed calls ഇല്‍ ഇന്ന് അവളുടെ നമ്പര്‍ ഇല്ലായിരുന്നു... അനുഷ എന്ന അനുവിന്റെ... ഒറ്റപ്പെടുമ്പോഴോക്കെയും വാക്കുകള്‍ കൊണ്ട് കൂട്ടിരിക്കാറുള്ള ഒരു കൊച്ചു കൂട്ടുകാരി... “എല്ലാം ശരിയാവൂടോ മാഷെ ഞാന്‍ ഇല്ലേ കൂടെ” എന്നുള്ള ഒറ്റ വാചകത്തില്‍ തന്റെ മനസ്സില്‍ ഒരു മഴവില്ല് വിരിയിക്കാനുള്ള കഴിവുണ്ടായിരുന്നു അവള്‍ക്ക്.. ഇങ്ങനെ സംസാരിക്കാന്‍ എങ്ങിനെ സാധിക്കുന്നു എന്ന് ചോദിക്കുമ്പോള്‍ ആ കവിളിലെ നുണക്കുഴികളില്‍ ഒരു ചിരി വിരിയും.. ഒരുപാട് കൂട്ടുകാര്‍ ഉണ്ടത്രേ.. മീനു, അപ്പു, ശ്രീക്കുട്ടി, കുഞ്ഞു... അങ്ങനെ ഒരുപാട് പേര്‍.. പിന്നെയാണ് അറിഞ്ഞത്... മീനു അവള്‍ നട്ട ചെമ്പകമാണെന്നു..  ശ്രീക്കുട്ടി അവളുടെ വഴികളില്‍ മഞ്ഞ പൂവ് വിതറുന്ന കണിക്കൊന്നയാണെന്ന്... കുറിഞ്ഞിപ്പൂച്ചയാണ് അപ്പു...

അവളോട് ഇഷ്ടം പറയുന്നതിന് മുന്പ് എത്രയോ തവണ അവളുടെ വീടിനു മുന്നിലൂടെ സൈക്കിളില്‍ പാഞ്ഞിരിക്കുന്നു. ഓരോന്നിനും സമയങ്ങളുണ്ട്.. അച്ഛന്‍  ഇല്ലാത്ത സമയം, അവളെ കാണാന്‍ പറ്റുന്ന സമയം, അമ്പലത്തില്‍ വരുന്ന സമയം... അങ്ങനെയങ്ങനെ... ..അമ്പലങ്ങളില്‍ വെച്ച് “അറിയാതെ” എത്രയോ തവണ കണ്ടിരിക്കുന്നു... ചിലര്‍ പറഞ്ഞു കേട്ടിട്ടുണ്ട്.. “ഒരു നിമിഷം മതി ഒരു പെണ്ണിന്റെ മനസ്സ് മാറാന്‍ എന്ന്...” എത്രയോ കാത്തിരുന്നിട്ടുണ്ട് അവളുടെ മനസ്സ് മാറി തന്നോട് ഇഷ്ടം തോന്നുന്ന നിമിഷത്തിനായ്..

 “നാളെ കാലത്ത് അമ്പലത്തില്‍ വന്നോളുട്ടോ... ക്ലാസ്സില്‍  പോണ വഴിക്ക് ഞാനും വരാട്ടോ.... ഒരൂട്ടം തരാനുണ്ട്...”  അമ്പലങ്ങളുള്ളത് കൊണ്ട് വല്ലപ്പോഴും അവളെ കാണാന്‍ സാധിക്കുമായിരുന്നു... ചെല്ലുമ്പോള്‍  കൈ നിറയെ ചെമ്പകപ്പൂക്കള്‍ തരും.... “മീനുട്ടി തന്നു വിട്ടതാ.,, സിദ്ധുവിനു തരാന്‍....”  നുണക്കുഴികളില്‍ പിന്നെയും ചിരി വിടരും...
ഇന്നലെ വൈകീട്ട് അവസാനമായി കണ്ടപ്പോഴും അവളുടെ കൈകളില്‍ തനിക്കായി “മീനുവിന്റെ സമ്മാനം” ഉണ്ടായിരുന്നു.. ഒരു കൈക്കുടന്ന നിറയെ ചെമ്പകപ്പൂക്കള്‍, കരഞ്ഞു കലങ്ങിയ കണ്ണുകള്‍ എന്നില്‍ നിന്നോളിപ്പിച്ചു വെച്ചെങ്കിലും നുണക്കുഴികള്‍ക്ക് തന്നോട് കള്ളം പറയാന്‍  സാധിക്കില്ലായിരുന്നു. അവള്‍ക് നല്കാന്‍ തനിക്കും മറുപടികള്‍ ഇല്ലായിരുന്നു.. കാമ്പസിന്റെ ആവേശത്തില്‍ പ്രണയിക്കാം എങ്കില്‍ തൊഴിലില്ലാത്തവന് സ്വപ്‌നങ്ങള്‍ പോലും അന്യമാണ്... ഇന്നവളുടെ വിവാഹമാണ്. സ്വപ്നത്തിലും  ജീവിതത്തിലും  തോറ്റുപോയവന് സ്വപ്നത്തിലെ നായികയില്‍ അവകാശമില്ലല്ലോ... 

അമ്പലത്തറയില്‍ നിന്നും ഇറങ്ങി തിരിച്ചു വീട്ടിലേക്ക് മടങ്ങി.... ഇരുള്‍ വീണിരുന്നെങ്കിലും  പരിചിതമായ വഴികളിലൂടെ അവന്‍ നടന്നകന്നു. അപ്പോഴും മുഷിഞ്ഞ അവന്റെ പോക്കെറ്റിനുള്ളില്‍ വാടിയ ചെമ്പകപ്പൂക്കളുണ്ടായിരുന്നു...

2015, ജൂൺ 23, ചൊവ്വാഴ്ച

നീയും ഞാനും..നിന്റെ നെറ്റിയിലെ ചന്ദനക്കുറി കണ്ടിട്ടാവണം പ്രകൃതിയും
വെയിലിനെ മഴയില്‍ ചാലിച്ചു നെറ്റിയില്‍ തോട്ടത്...
നീ അകലെയാണെന്നറിയുന്നതുകൊണ്ടാകും എന്നും
എന്റെ ഓര്‍മകളില്‍ നീ നിറയുന്നത്...
ഞാന്‍ അരികിലുണ്ടെന്നു നീ പറയുന്നതുകൊണ്ടാകും നിന്റെ
ഓര്‍മകളുടെ അരികില്‍ പോലും ഞാന്‍ ഇല്ലാത്തത്...
സമയം കിട്ടുമ്പോള്‍ നിന്റെ മനസ്സൊന്നു
തുറന്നു നോക്കണം....
എന്നില്‍ നിന്നും കാണാതെ പോയ വാക്കുകള്‍
അവിടെ ഒളിച്ചിരികുന്നോ എന്ന് നോക്കണം...
എന്നും നീ വരുന്നെന്നു എന്നോട് പറഞ്ഞിരുന്നത്
പത്തുമണിപ്പൂക്കള്‍ ആയിരുന്നു...
പിന്നെപ്പിന്നെ... പതിയെപ്പതിയെ അവയും
കള്ളം പറഞ്ഞു തുടങ്ങി.....
കണക്കില്‍ പെടാത്ത ഒരുപാട് നിമിഷങ്ങള്‍
നിനക്ക് തന്നിട്ടും.....
നിന്റെയത്ര ഞാന്‍ സ്നേഹിക്കുന്നില്ലെന്നു
നീ കണക്കു പറയുന്നു....

2015, മേയ് 19, ചൊവ്വാഴ്ച

Random Thoughts 5

നന്ദി
ശിഖരങ്ങൾ മുറിച്ചു നഗ്നമാക്കിയ
കണിക്കോന്നകളിൽ
ഒരു വാശിയോടെ ഇതളുകൾ കിളിർക്കുന്നതും
പൂക്കൾ വിടരുന്നതും കാണാം...
പ്രകൃതിയുടെ ഈ പ്രവർത്തനത്തെ
 ഒരു മധുരപ്രതികാരമായ് കാണരുത്.....
അതിനുമപ്പുറം അതോരു നന്ദി പറച്ചിലാണ്...
കടയ്ക്കൽ വെക്കാമായിരുന്ന വാൾമുനയെ
ശിഖരങ്ങളിൽ മാത്രമോതുക്കിയതിന്.....

  ഓര്‍മ്മകള്‍ 

വേനലിലും
മലമുകളിലെ കാടിനുള്ളിൽ
ഒറ്റപ്പെട്ടൊരു മരം മാത്രം പൂത്തു നില്പുണ്ട്......
വസന്തത്തിലെപ്പൊഴോ,
ചില്ലകളിൽ കൊക്കുരുമ്മിയിരുന്ന
കിളികളുടെ പ്രണയത്തെ
ഓർത്തെടുക്കുകയാകും അത്


മിന്നാമിനുങ്ങുകൾ

സ്വപ്നങ്ങൾക്ക് ചിറക്
മുളച്ചതാണത്രെ മിന്നാമിനുങ്ങുകൾ....
ശരിയായിരുന്നിരിക്കണം..
പ്രതീക്ഷകളുടെ നുറുങ്ങുവെട്ടവും പേറി
എത്തിപ്പിടിക്കാവുന്നുയരത്തിൽ
അവ പറന്നകലാറുണ്ടല്ലോ...ചിറകുകള്‍

 ചിറകുകളറ്റുപോയാൽ,
 മനോഹരമായ
ശലഭക്കുഞ്ഞുവരെ
പുഴുവാണ്...
ചവിട്ടിയരക്കപ്പെട്ടേക്കാവുന്ന
 വെറും പുഴു...

ഓർമ്മകൾ

അന്ന് നിന്നോടൊപ്പമുണ്ടായിരുന്ന
കുഞ്ഞ് കുഞ്ഞ് നിമിഷങ്ങളാണ്
ഇന്നത്തെ വലിയ വലിയ ഓർമ്മകൾഓര്‍മ ദിനം 

ഓർമ്മദിനത്തിൽ
കല്ലറയ്ക്ക് മുകളിൽ
ആരോ വെച്ചിരിക്കുന്ന
വയലറ്റ് പൂക്കൾ....
തീർച്ചയാണ്...
ഭൂമിയിലെ സ്നേഹത്തിന്
മരണമില്ലെന്ന്..

കാത്തിരിപ്പ് 

ശരീരവും
മനസ്സും
ചിന്തകളും
പ്രവർത്തികളും
പ്രാണനുമെല്ലാം
ഓവർ ബ്രിഡ്ജിലൂടെ
പായുമ്പോൾ......
ഓർമ്മകൾ മാത്രം
നീ വരുന്നതും നോക്കി....
അടച്ചിട്ട
റെയിൽ വെ
ക്രോസിനരികിൽ
നിന്നെയും കാത്തിരിക്കാറുണ്ട് ...


ചോപ്പ് 

അസ്തമയ സൂര്യന്റ്റെ
അന്തിച്ചോപ്പിനേക്കാൾ
വർണാഭമാണ്
നിന്റ്റെ വിരലുകളിലെ
മൈലാഞ്ചിച്ചോപ്പ്...

 
 

2015, ജനുവരി 27, ചൊവ്വാഴ്ച

Randome Thoughts 4

ഓർമ്മപ്പെടുത്തൽ

ചോറുവറ്റായിരുന്നു പ്രധാന ഒട്ടുസൂത്രം....

ഇൻസ്ട്രുമെൻ്റ്റ് ബോക്സ് വാളിൽ നിറയെ ടാറ്റൂസ്..
ബോക്സിന്റ്റെ അടിത്തട്ട് ആയിരുന്നു സേഫ് ലോക്കറും നിലവറയും

ബാഗിലെ ചെറുകള്ളികൾ രാശിക്കായക്കും തീപ്പെട്ടിപ്പടങ്ങൾക്കും റിസർവ് ചെയ്തത്..

ബട്ടൻസ് ഇല്ലാത്ത,  പുരണ്ടോരു യൂണിഫോം....
നടുപേജുകൾ കീറി നൂൽ അയഞ്ഞുപോയ ബുക്കുകൾ..

അവസാന പേജുകളിൽ, FLAME ഉം പിന്നെ തിരിച്ചറിയാനാകാത്ത വിധം പരുക്കേൽപ്പിച്ച നിന്റ്റെ പേരും

പെട്ടെന്ന് തീരാൻ പ്രാർത്ഥിച്ച കാലത്തെ , പെട്ടെന്ന് ചില വാക്കുകൾകോണ്ട് ഇങ്ങനേയുമോർക്കാം


Rear View Mirror

മാർച്ചിൽ, സൗഹൃദങ്ങൾ കൊഴിയുന്ന നാളുകളിൽ...
ഒാർമ്മക്കുറിപ്പിൽ നീ എഴുതി
തന്ന വരികളുണ്ട്...
വർഷങ്ങൾക്കു ശേഷവും, കഴിഞ്ഞുപോയ
നഷ്ടപ്പെടരുതാത്ത കാഴ്ചകളെ തിരികെ നൽകുന്ന
റിയർവ്യൂ മിറർ പോലെ...
Objects in the mirror are CLOSER than they APPEAR


ദയ

കായലിൽ ചീനവലയിടുയുന്നവൻ ആദ്യം കിട്ടിയ മീനുകളെ പ്ലാസ്ടിക് ബാഗിൽ ഇട്ടു ഭദ്രമായ് കെട്ടി സൂക്ഷിക്കുമ്പോൾ,

ഒരു വലിയ ജലാശയത്തിനു മുകളിൽ കിടന്നിട്ടും പ്രാണവായു കിട്ടാത്തവർ..

അതേ വലക്കാരൻ തന്നെയാണ് അടുത്ത വീശലിൽ കിട്ടിയ എണ്ണം കുറഞ്ഞ മീനുകളെ എടുക്കുവാൻ മെനക്കെടാതെ വല തിരികെയിടുന്നത്

ദയയുടെ പ്രായോഗിക മുഖമായിരിക്കുമാകും
.... അല്ല?????ഹർത്താൽ

രാവിലെ അമ്പലത്തിൽ പോകാൻ
ഇറങ്ങിയപ്പോഴാണ് ദൈവം പറഞ്ഞത്

ഇന്ന് വരണ്ട മോനേ...
ഇവിടേം ഹർത്താലാ....