2015, ജൂലൈ 16, വ്യാഴാഴ്‌ച

എഴുതുവാന്‍ തുടങ്ങാത്ത കഥകളില്‍ നിന്ന്

“ നോക്കു രാകേഷ്.. നിങ്ങള്‍ നല്ലൊരു സുഹൃത്താണ്.. അതിനുമപ്പുറം നല്ലൊരു മനുഷ്യനും.. നിങ്ങളോട് സംസാരിക്കുന്നതുമൊക്കെ എനിക്ക് ഇഷ്ടവുമാണ്..... പക്ഷെ...”
“പക്ഷെ????”
ഒരു ലൈഫ് പാര്‍ട്ട്‌നേര്‍ എന്ന നിലയില്‍....... ഇല്ല നിങ്ങളെ എനിക്ക് അങ്ങനെ കാണാന്‍ കഴിയില്ല... I am sorry..”
വല്ലാത്തൊരു മൗനം അവര്‍ക്കിടയില്‍ നിറഞ്ഞു.... കൊരിചോരിയുന്നതിനു മുന്പ് മാനം നിശബ്ദമാകും പോലെ.... അവളില്‍ നിന്നും ഇങ്ങനെ ഒരു മറുപടി തന്നെയാണ് താന്‍ പ്രതീക്ഷിച്ചത് എങ്കിലും നേരിട്ട് കേട്ടപ്പോള്‍ മനസ്സ് ഒന്ന് പതറി... എന്ത് പറയണം എന്ന് അറിയാതെ.... വാക്കുകള്‍ക്കൊക്കെ എന്ത് ക്ഷാമമാണ്.......
“ദേവി കോഫി എടുത്തില്ല.... jst take…”
നെയില്‍ പോളിഷ് ചെയ്തു സുന്ദരമാക്കിയ നീണ്ട വിരലുകള്‍ വിടര്‍ത്തി അവള്‍ കോഫി എടുത്തു... വെറുതെ ദേവിയുടെ മുഖത്തേക്കൊന്നു നോക്കുവാന്‍ തോന്നി തനിക്ക്.. AC യുടെ ഇളം തണുപ്പിലും ചെറുതായി വിയര്‍പ്പ് പൊടിഞ്ഞ നെറ്റിത്തടത്തിലെ ചന്ദനക്കുറി.... കണ്ണുകളില്‍ ഇടയ്ക്കെപ്പോഴോ കണ്മഷി എത്തി നോക്കിയിട്ടുണ്ട്...
“രാകേഷ് ഇനി എന്നാണ് തിരിച്ചു പോകുന്നത്?
പെട്ടെന്നാണ് താന്‍ ചിന്തയില്‍ നിന്നുണര്‍ന്നത്..
“നാളെ വൈകീട്ട് ആണ് ഫ്ലൈറ്റ്... കൊച്ചിയില്‍ നിന്നും...”
“പോയാല്‍ പിന്നെ അടുത്ത വര്ഷം ലീവ് കിട്ടുള്ളൂ അല്ലെ?”... വിഷയം മാറ്റാനുള്ള ഒരു അടവ് മാത്രമാണ് ഈ വിശേഷം ചോദിക്കല്‍ എന്ന് മനസിലാക്കാവുന്നതെ ഉള്ളു...
“ദേവിയുടെ മനസ്സില്‍ വേറെ ആരെങ്കിലും??”
ഒരു ചെറു ചിരിയില്‍ ഉത്തരം ഒതുക്കുമോ എന്ന് ഞാന്‍ ഭയന്നു… അല്ലെങ്കിലും പറയാതെ പറയുന്ന ഉത്തരങ്ങളെ വല്ലാതെ ഭയക്കണം...
“ഏയ്‌ .... അങ്ങനെ ആരും ഇല്ല... എനിക്ക് എന്റെ പരെന്റ്സ്‌ ആണ് വലുത്... അതിലും അപ്പുറം ആരും ഇല്ല്യ... അവരെ വേദനിപ്പിച്ചു കൊണ്ട് എനിക്ക് ഒന്നും വേണ്ട...”
“അവരെ വേദനിപ്പിക്കണ്ട.... അവരുടെ സമ്മതത്തോടെ മതി.... ഞാന്‍ അനുവാദം ചോദിച്ചോളാം.. അതിനു നിന്റെ സമ്മതമാണ് എനിക്ക് വേണ്ടത്”
“അത്......... അത് വേണ്ട...... എനിക്ക് പോകാന്‍ സമയമായി... ഞാന്‍ പോകുന്നു..”
അവള്‍ ഇറങ്ങിപ്പോയപ്പോഴുണ്ടായ ശൂന്യതയില്‍ ഒരുപാട് നേരം തനിയെ ഇരുന്നു... മനസ്സിലെന്തൊക്കെയോ തീരുമാനങ്ങള്‍.... വേണ്ട.. ഇനി ശല്യപ്പെടുത്തരുത്.. വിളിക്കുകയും അരുത്.... പോകാന്‍ ആഗ്രഹമുള്ളവരൊക്കെവിട്ടു പൊക്കോട്ടെ,, എന്തോ... തനിച്ചായത്‌ പോലെ..........................................................................27/06/2012


“എന്റെ ദെവീ... നീ ഇപ്പോഴും ഈ ഡയറിയും കെട്ടിപ്പിടിച്ചു ഇരിക്ക്യാണോ?”
കള്ളത്തരം കണ്ടുപിടിക്കപ്പെട്ട കുട്ടിയുടെ ഭാവത്തോടെ ദേവി എഴുന്നേറ്റു... “അയ്യട മോനെ... ഞാന്‍ വെറുതെ മറച്ചു നോക്കിയതാ... അടുത്ത പേജ് ഇല്‍ ഒക്കെ എന്തോരം കള്ളങ്ങളാ എഴുതി വെച്ചിരിക്കുനത്....”
അവളുടെ മൂക്കിന്റെ തുമ്പ് പിടിച്ചു ചെറുതായി വട്ടം ചുറ്റിയിട്ട് രാകേഷ് പറഞ്ഞു.. “ അതെ ഈ പ്രണയത്തിനു ഒരു കൊഴപ്പോണ്ട്... എത്ര വേണ്ട എന്ന് വെച്ചാലും അത്ര വേണം എന്ന് തോന്നും ...... നീയും മോശമല്ലല്ലോ.. എന്തൊക്കെ കള്ളമാ എന്നോടും പറഞ്ഞത്..”
തിരിച്ചു രാകേഷിന്റെ മൂക്കിന്റെ തുമ്പില്‍ പിടിച്ചു ദേവി... “ ഈ പ്രണയത്തിനു വേറെ കുഴപ്പമുണ്ട്..... തിരിച്ചറിഞ്ഞാലും അത് അറിയാതെ ഭാവിക്കുന്നത് നല്ല സുഖമുള്ള കാര്യമാ”........

2015, ജൂലൈ 3, വെള്ളിയാഴ്‌ച

മീനുട്ടിയുടെ സമ്മാനം



നേരം സന്ധ്യ മയങ്ങിക്കഴിഞ്ഞിരുന്നു... തെല്ലിട മാറി നിന്നെങ്കില്ലും പിന്നെയും പെയ്യനോരുങ്ങി കാലവര്‍ഷം പിന്നെയും മാനത്ത് മൂടിക്കെട്ടുന്നുണ്ടായിരുന്നു... മഴയുടെ ആരവമുയര്‍ത്തി കാറ്റ് ഇലകളെ മുഴുവന്‍ ഇളക്കി മറിച്ചെങ്കിലും മാരി പെയ്യാന്‍ മാത്രം മടിച്ചു നിന്നു... അപ്പോഴും  ഇളകിമറിയുന്ന ആലിലകളെ തന്നെ നോക്കി സിദ്ധാര്‍ഥ് താഴെ ഇരുന്നു... എന്നും വൈകുന്നേരങ്ങളില്‍ ഇത് പതിവുള്ളതാണ്, അമ്പലപ്പറമ്പിലെ ആല്‍ത്തറയിലെ  ഒറ്റക്കുള്ള ഇരുത്തം. ചെയ്യാന്‍ പ്രത്യേകിച്ചു ഒന്നുമില്ലാത്തപ്പോള്‍ ഇവിടെ വന്നിങ്ങനെ  ആലിലകളെ നോക്കി ഇരിക്കാന്‍ വല്ല്യ ഇഷ്ടമാണ്..... തൊഴിലില്ലായ്മ എന്ന പ്രതിസന്ധി നേരിടാന്‍ തുടങ്ങിയപ്പോഴാണ് പ്രധാനമായും ഈ ഒരു ശീലം തുടങ്ങിയത്... 

 “ഇവിടെ ഈ നേരത്ത് ഇരിക്കരുത് കുട്ടീ.... അപ്പുറത്ത് കാവാണ്‌.. ഇഴ ജന്തുക്കളൊക്കെ കാണും”
 എന്നും സ്നേഹപൂര്‍വ്വം ശാസികാറുള്ള മുത്തശ്ശിയാണ്.. കാവില്‍ വിളക് വെയ്ക്കാന്‍ വരുന്നതാണ്...

 “ഈ കുട്ട്യോള്‍ക്കൊന്നും ഒരു അനുസരണയും ഇല്ല്യാലോ.... വീട്ടില്‍ പൊക്കോളൂ”..... 

വീട്ടിലേക്ക് പോകാനാണ് തോന്നാത്തത്... വയ്യാതെ ആണെങ്കിലും പിന്നെയും ജോലിക്ക് പോകുന്ന അച്ഛനും കഷ്ടപ്പാടുകള്‍ മുഴുവന്‍ ഉള്ളിലൊതുക്കി കഴിയുന്ന അമ്മയും.... അവരെ പോറ്റേണ്ട താന്‍ ഇപ്പോഴും അവരുടെ ചിലവില്‍....... ഓര്‍ക്കുമ്പോഴേ കഴിച്ച ചോറ് തന്നെ ശ്വാസം മുട്ടിക്കുന്നു.... ജോലിയെ പറ്റി ഒരു വാക്ക് പോലും അവര്‍ ചോദിക്കുന്നുമില്ല... അത് നന്നായി... ഇനിയും കള്ളം പറഞ്ഞു കൂട്ടാന്‍ വയ്യ തനിക്ക്... 

ഫോണിലെ missed calls ഇല്‍ ഇന്ന് അവളുടെ നമ്പര്‍ ഇല്ലായിരുന്നു... അനുഷ എന്ന അനുവിന്റെ... ഒറ്റപ്പെടുമ്പോഴോക്കെയും വാക്കുകള്‍ കൊണ്ട് കൂട്ടിരിക്കാറുള്ള ഒരു കൊച്ചു കൂട്ടുകാരി... “എല്ലാം ശരിയാവൂടോ മാഷെ ഞാന്‍ ഇല്ലേ കൂടെ” എന്നുള്ള ഒറ്റ വാചകത്തില്‍ തന്റെ മനസ്സില്‍ ഒരു മഴവില്ല് വിരിയിക്കാനുള്ള കഴിവുണ്ടായിരുന്നു അവള്‍ക്ക്.. ഇങ്ങനെ സംസാരിക്കാന്‍ എങ്ങിനെ സാധിക്കുന്നു എന്ന് ചോദിക്കുമ്പോള്‍ ആ കവിളിലെ നുണക്കുഴികളില്‍ ഒരു ചിരി വിരിയും.. ഒരുപാട് കൂട്ടുകാര്‍ ഉണ്ടത്രേ.. മീനു, അപ്പു, ശ്രീക്കുട്ടി, കുഞ്ഞു... അങ്ങനെ ഒരുപാട് പേര്‍.. പിന്നെയാണ് അറിഞ്ഞത്... മീനു അവള്‍ നട്ട ചെമ്പകമാണെന്നു..  ശ്രീക്കുട്ടി അവളുടെ വഴികളില്‍ മഞ്ഞ പൂവ് വിതറുന്ന കണിക്കൊന്നയാണെന്ന്... കുറിഞ്ഞിപ്പൂച്ചയാണ് അപ്പു...

അവളോട് ഇഷ്ടം പറയുന്നതിന് മുന്പ് എത്രയോ തവണ അവളുടെ വീടിനു മുന്നിലൂടെ സൈക്കിളില്‍ പാഞ്ഞിരിക്കുന്നു. ഓരോന്നിനും സമയങ്ങളുണ്ട്.. അച്ഛന്‍  ഇല്ലാത്ത സമയം, അവളെ കാണാന്‍ പറ്റുന്ന സമയം, അമ്പലത്തില്‍ വരുന്ന സമയം... അങ്ങനെയങ്ങനെ... ..അമ്പലങ്ങളില്‍ വെച്ച് “അറിയാതെ” എത്രയോ തവണ കണ്ടിരിക്കുന്നു... ചിലര്‍ പറഞ്ഞു കേട്ടിട്ടുണ്ട്.. “ഒരു നിമിഷം മതി ഒരു പെണ്ണിന്റെ മനസ്സ് മാറാന്‍ എന്ന്...” എത്രയോ കാത്തിരുന്നിട്ടുണ്ട് അവളുടെ മനസ്സ് മാറി തന്നോട് ഇഷ്ടം തോന്നുന്ന നിമിഷത്തിനായ്..

 “നാളെ കാലത്ത് അമ്പലത്തില്‍ വന്നോളുട്ടോ... ക്ലാസ്സില്‍  പോണ വഴിക്ക് ഞാനും വരാട്ടോ.... ഒരൂട്ടം തരാനുണ്ട്...”  അമ്പലങ്ങളുള്ളത് കൊണ്ട് വല്ലപ്പോഴും അവളെ കാണാന്‍ സാധിക്കുമായിരുന്നു... ചെല്ലുമ്പോള്‍  കൈ നിറയെ ചെമ്പകപ്പൂക്കള്‍ തരും.... “മീനുട്ടി തന്നു വിട്ടതാ.,, സിദ്ധുവിനു തരാന്‍....”  നുണക്കുഴികളില്‍ പിന്നെയും ചിരി വിടരും...
ഇന്നലെ വൈകീട്ട് അവസാനമായി കണ്ടപ്പോഴും അവളുടെ കൈകളില്‍ തനിക്കായി “മീനുവിന്റെ സമ്മാനം” ഉണ്ടായിരുന്നു.. ഒരു കൈക്കുടന്ന നിറയെ ചെമ്പകപ്പൂക്കള്‍, കരഞ്ഞു കലങ്ങിയ കണ്ണുകള്‍ എന്നില്‍ നിന്നോളിപ്പിച്ചു വെച്ചെങ്കിലും നുണക്കുഴികള്‍ക്ക് തന്നോട് കള്ളം പറയാന്‍  സാധിക്കില്ലായിരുന്നു. അവള്‍ക് നല്കാന്‍ തനിക്കും മറുപടികള്‍ ഇല്ലായിരുന്നു.. കാമ്പസിന്റെ ആവേശത്തില്‍ പ്രണയിക്കാം എങ്കില്‍ തൊഴിലില്ലാത്തവന് സ്വപ്‌നങ്ങള്‍ പോലും അന്യമാണ്... ഇന്നവളുടെ വിവാഹമാണ്. സ്വപ്നത്തിലും  ജീവിതത്തിലും  തോറ്റുപോയവന് സ്വപ്നത്തിലെ നായികയില്‍ അവകാശമില്ലല്ലോ... 

അമ്പലത്തറയില്‍ നിന്നും ഇറങ്ങി തിരിച്ചു വീട്ടിലേക്ക് മടങ്ങി.... ഇരുള്‍ വീണിരുന്നെങ്കിലും  പരിചിതമായ വഴികളിലൂടെ അവന്‍ നടന്നകന്നു. അപ്പോഴും മുഷിഞ്ഞ അവന്റെ പോക്കെറ്റിനുള്ളില്‍ വാടിയ ചെമ്പകപ്പൂക്കളുണ്ടായിരുന്നു...