2020 ജനുവരി 19, ഞായറാഴ്‌ച

ചെമ്പരത്തി

ചെമ്പരത്തി

നീ എപ്പോഴും കണ്ടിരുന്നത്
വേലിപ്പടർപ്പുകളിൽ പടർന്നു ,
അഞ്ചിതളുകളിൽ ചുവപ്പ് നിറഞ്ഞ,
ഭ്രാന്തിന്റെ ചുവയുള്ള
ചെമ്പരത്തികളെ ആയിരുന്നു...

വെട്ടേറ്റു വീണിട്ടും
ചവിട്ടിയരക്കപ്പെട്ടിട്ടും
മണ്ണിൽ വീണ ഓരോ ചില്ലയിൽ നിന്നും
 പുതിയ  മുകുളങ്ങൾ പിറക്കുന്ന
ചെമ്പരത്തിയെ ആണ്
ഞാൻ കണ്ടിരുന്നത്..

ചുവപ്പ്...

അപകടങ്ങളുടെ,  അപായങ്ങളുടെ   അവസാനങ്ങളുടെ  നിറമാണ് ചുവപ്പെന്ന്  വിദ്യാലയങ്ങൾ  പഠിപ്പിച്ചത്..

പുലരികളിൽ പ്രതീക്ഷയുടെ ചുവന്ന തുടക്കമുണ്ടെന്ന്  പഠിപ്പിച്ചത് ചെമ്പരത്തി നിന്റെ പൂക്കളായിരുന്നു


ഭ്രാന്ത്


ഭ്രാന്തുള്ളവരാണ്  ചെമ്പരത്തി പൂക്കൾ ചെവിയിൽ ചൂടുന്നതെന്ന്  ആദ്യമായി പറഞ്ഞതാരായിരിക്കും...
അവരുടെ മുന്നിലൂടെ,  താളം തെറ്റിയ മനസ്സുമായി, ചെമ്പരത്തിപൂക്കൾ ചൂടി,  പോയതാരായിരിക്കും ????
ഒന്നുറപ്പാണ് ... അയ്യാളുടെ താളം തെറ്റാത്ത  ഓർമകളിലെവിടെയോ  പ്രിയപ്പെട്ട ഒരാൾക്കൊപ്പം  ചെമ്പരത്തി യും സ്ഥാനം പിടിച്ചിരിക്കുന്നുണ്ടാകും