2016, ഓഗസ്റ്റ് 4, വ്യാഴാഴ്‌ച

അനാഥന്‍

ഈ എഴുതുന്നത് പപ്പുവിനെ കുറിച്ചാണ്.. പപ്പു എന്ന പദ്മനാഭനെ കുറിച്ച്....
പേര് കേട്ട് തെറ്റിദ്ധരിക്കേണ്ട, പപ്പു ഞങ്ങളുടെ പട്ടിക്കുട്ടിയാണ്, അച്ഛന്റെ ഏറ്റവും പ്രിയപ്പെട്ട പപ്പു! അടുത്ത വീട്ടിലെ പട്ടി പ്രസവിച്ചപ്പോള്‍, എടുത്തു കൊണ്ടു വന്ന ഒരു വെളുത്ത പട്ടിക്കുട്ടിയാണ് പപ്പു. ചെറുപ്പംമുതലേ അവനെ നോക്കി വളര്‍ത്തിയത് അച്ഛനായിരുന്നു, അച്ഛന്റെ പിന്നില്‍ നിന്നും മാറാതെ അവനും വളര്‍ന്നു....
അവനെ കൊണ്ടുവന്നിട്ട് ഒരു വര്‍ഷത്തോളം കഴിഞ്ഞാണ് ഞാന്‍ നാട്ടിലേക്കെത്തുന്നത്. ചേച്ചി പറഞ്ഞറിഞ്ഞ അതേ പോലെത്തന്നെ ആയിരുന്നു അവന്‍, വെളുത്തു സുന്ദരനായ ഒരു പേടിത്തൊണ്ടന്‍! വളരെ പെട്ടെന്ന് തന്നെ എന്നോടും അവന്‍ ഇണങ്ങി. എങ്കിലും അവന്‍ എന്നെ സംബന്ധിച്ച് ആദ്യമൊക്കെ ചെറിയൊരു പ്രശ്നക്കാരനായി മാറി. സാധാരണ പോലെ രാത്രി വളരെ വൈകി വീട്ടില്‍ എത്തുമ്പോള്‍, ആരെയും അറിയിക്കാതെ അകത്തു കയറി മിണ്ടാതെ വാതില്‍ അടച്ചു കിടക്കുകയാണ് പതിവ്. അമ്മയെ വിളിച്ചാല്‍ പിന്നെ വൈകി വന്നതിനുള്ള ചീത്ത കേള്‍ക്കും. പപ്പു വന്നതില്‍പ്പിന്നെ അത് നടക്കാതെയായി! രണ്ടു ദിവസം എന്റെ തലവെട്ടം കണ്ടപ്പോഴേ വലിയ ശബ്ദമുണ്ടാക്കി അവന്‍ എല്ലാവരെയും വിളിച്ചുണര്‍ത്തി. എനിക്ക് കേള്‍ക്കേണ്ടത് കേള്‍ക്കുകയും ചെയ്തു. പിന്നീട് അവനു തന്നെ മടുത്തപ്പോള്‍ അവന്‍ ആ ശീലം നിര്‍ത്തി. രാത്രിയില്‍ എന്നെക്കാണുമ്പോള്‍ ഓടിക്കിതച്ച് അടുത്തേക്ക് വരും. പിന്നെ മിണ്ടാതെ വാലാട്ടി പിന്നാലെ വന്ന്‍ ഉമ്മറത്ത് ഇരിക്കും. പിന്നെപ്പിന്നെ രാത്രി എന്നെ കണ്ടാല്‍ അവന്‍ കണ്ട ഭാവം നടിക്കാതെയായി.
പകലുകള്‍ അവന്‍ ഉമ്മറത്ത്‌ തന്നെ കഴിച്ചു കൂട്ടി. അഴിച്ചു വിട്ടാല്‍ പറമ്പില്‍ അച്ഛന്‍റെ കൂടെപ്പോയി ഇരിക്കും. ജോലി ചെയ്ത് വിയര്‍ത്ത് അച്ഛന്‍ വിശ്രമിക്കുമ്പോള്‍, വിയര്‍പ്പും നക്കി അവന്‍ അച്ഛന്‍റെയരികില്‍ തന്നെ ചുരുണ്ട് കൂടും. വൈകുന്നേരങ്ങളില്‍ അച്ഛന്‍ പുറത്തേക്ക് പോകുമ്പോള്‍ അച്ഛന്‍റെ സൈക്കിളിനു പിന്നാലെ നിഴലുപോലെ പപ്പുവും കൂടെപ്പോകും. വൈകുന്നേരങ്ങളിലെ സീരിയല്‍ സമയങ്ങളില്‍ അച്ഛന്‍റെ കസേരയുടെ താഴെ അവനും ഇരിക്കും .
അങ്ങനെയിരിക്കെയാണ് ഒരു ബന്ധുവിന്‍റെ കല്യാണത്തിനായി അച്ഛന്‍ വീട്ടില്‍ നിന്നും പോയത്. രണ്ടു ദിവസം കഴിഞ്ഞേ തിരിച്ചു വരുമായിരുന്നുള്ളൂ. പപ്പുവിനെ അഴിച്ചു വിട്ട സമയം ആയിരുന്നു അച്ഛന്‍ പുറപ്പെട്ടത്. പപ്പു കറങ്ങിത്തിരിഞ്ഞു വീട്ടില്‍ വന്നപ്പോള്‍ അച്ഛനെ കാണ്മാനില്ല. കുറെ നേരം പുറത്തേക്ക് പോയി പാവം നിരാശനായ് മടങ്ങിയെത്തി. വൈകുന്നേരം ആയപ്പോഴേക്കും അവന്‍റെ ക്ഷമ നശിച്ചു. ഉമ്മറപ്പടിയില്‍, വഴിയിലേക്ക് കണ്ണും നട്ട് അവന്‍ കാത്തിരുന്നു. വീടിനുള്ളില്‍ ഒരു അനക്കം കേള്‍ക്കുമ്പോള്‍ അവന്‍ ഓടി അകത്തെത്തി അച്ഛനെത്തിരഞ്ഞു. ആട്ടിന്‍ കൂടില്‍ ഒരു അനക്കം കേള്‍ക്കുമ്പോള്‍ പാഞ്ഞെത്തി അച്ഛനെ തിരഞ്ഞു. വീടിനു ചുറ്റും ഒരായിരം തവണ നടന്നു. എല്ലാ മുറികളിലും ഇടയ്ക്കിടെ പരിശോധിച്ചു.. അച്ഛന്‍ സ്ഥിരം പോകുന്ന വഴികളില്‍, കടകളില്‍,വീടുകളില്‍, അവന്‍ അച്ഛനെ തേടി അലഞ്ഞു; അച്ഛനെ മാത്രം കണ്ടില്ല! ആ ദിവസങ്ങളില്‍ അവനെ കെട്ടിയിട്ടിരുന്നില്ല. എങ്കിലും വീടിന്റെ കാവല്‍ അവന്‍ സ്വയം ഏറ്റെടുത്ത് ചുറ്റുവട്ടത്ത് തന്നെ കറങ്ങി. അച്ഛന്‍റെ സ്വന്തം സ്വത്തുക്കളായ ആടുകളേയും കോഴികളേയും കൃഷിയും പിന്നെ അമ്മയേയും സ്വന്തം പോലെ അവന്‍ സംരക്ഷിച്ചു കൊണ്ട് നടന്നു. അപരിചിതമായ ഒന്നിനേയും അടുപ്പിക്കാതെ!
മൂന്നാം ദിവസം അവന്‍ പുറത്തൊന്നു പോയ നേരത്ത് അച്ഛന്‍ തിരിച്ചെത്തി. അച്ഛന്‍ അകത്തേക്ക് എത്തിയ നേരം എവിടെ നിന്നോ അവന്‍ പാഞ്ഞെത്തി. ആദ്യം ഒരുപാട് ദേഷ്യത്തോടെ കുരച്ചു. പിന്നെ അത് സങ്കടം പറച്ചിലായി മാറി. പിന്നെ സന്തോഷമായി മാറി. ഉടുത്ത വസ്ത്രം മാറ്റാന്‍ പോലും സമ്മതിക്കാതെ ശരീരത്തില്‍ കയറിയും കാലില്‍ നക്കിയും മടിയില്‍ കയറിയും അവന്‍ അവന്‍റെ സന്തോഷം പ്രകടിപ്പിച്ചു, നേഴ്സറി ക്ലാസ്സിലെ കുട്ടി സ്വന്തം അമ്മയെ കണ്ടത് പോലെ!
കാലം കഴിഞ്ഞു പോയിക്കൊണ്ടേയിരുന്നു. അപ്രതീക്ഷിതമായി, ആരെയും കാത്തു നില്‍ക്കാതെ, ഒരുവാക്ക് പോലും പറയാതെ, ഒരു യാത്ര പോലും ചോദിക്കാതെ അച്ഛന്‍ തനിച്ചു യാത്രയായി. കരഞ്ഞു കരഞ്ഞ് എഴുന്നേല്‍ക്കാന്‍ പോലും വയ്യാതെ അമ്മയും ചേച്ചിയും, തകര്‍ന്നു തരിപ്പണമായ ഞാനും!
ഒരു വര്‍ഷത്തെ പ്രവാസത്തിനു ശേഷം മടങ്ങി വന്നതായിരുന്നു ഞാന്‍. ചടങ്ങുകളൊക്കെയായി രണ്ടു ദിവസങ്ങള്‍ കഴിഞ്ഞു. പപ്പുവിനെ വീട്ടില്‍ എവിടെയും കാണുന്നില്ലായിരുന്നു. ഞാന്‍ ചേച്ചിയോട് ചോദിച്ചു,
"പപ്പു എവിടെ, കണ്ടില്ലല്ലോ?"
"അവന്‍ അന്ന് പോയതാ, പിന്നെ വന്നില്ല, എവിടെപ്പോയോ ആവോ!"
ഞങ്ങള്‍ കാത്തിരുന്നു അവനു വേണ്ടി. മരിച്ച നാലാം ദിവസം വൈകീട്ട് ഞാന്‍ പുറത്തു നിന്നും മടങ്ങി വരുകയായിരുന്നു. പറമ്പിലൂടെ നടന്നു വരുമ്പോള്‍ പെട്ടെന്ന് കാലിന്റെ പുറകില്‍ എന്തോ തട്ടുന്നു. ഞാന്‍ തിരിഞ്ഞു നോക്കിയപ്പോള്‍ അത് അവനായിരുന്നു, പപ്പു! ഞാന്‍ കുനിഞ്ഞു അവന്‍റെ അടുത്തിരുന്നു. ഞാന്‍ പിടിക്കാന്‍ നോക്കുമ്പോള്‍ കൊച്ചു കുട്ടികളെപ്പോലെ കുതറി ഓടാന്‍ ശ്രമിക്കാറുള്ള പപ്പു അടങ്ങിയൊതുങ്ങി എന്റെ അരികില്‍ നിന്നു...അവന്റെ ശിരസ്സില്‍ അരുമയോടെ തലോടി ഞാന്‍ അവനോടു പറഞ്ഞു,
"എടാ പപ്പു, നമ്മുടെ അച്ഛന്‍ പോയി... ഡാ, നീ സങ്കടപ്പെടണ്ടട്ടോ, പൊക്കോട്ടെ അച്ഛന്‍..."
അവന്‍ എന്‍റെ മുഖത്ത് തന്നെ നോക്കി നിന്നു. അവന്‍ വന്നെന്നറിഞ്ഞ് അമ്മയും ചേച്ചിയും പുറത്തേക്ക് വന്നു. എന്‍റെ കൂടെ വീട്ടിലേക്ക്‌ വന്ന അവന്‍ പുറത്തു നിന്ന് ദയനീയമായി ഒന്ന് മോങ്ങി. പിന്നെ വീടിന്‍റെ ഒരു വശത്തുകൂടി പുറകിലേക്ക് പോയി. വീട്ടില്‍ പോലും കയറാതെ! ഒരു നിമിഷത്തെ മൌനം ഒരു കൂട്ടക്കരച്ചിലിനു വഴിയൊരുക്കും എന്ന് എനിക്ക് തോന്നി. പെട്ടെന്ന്‍ ആരോടെന്നില്ലാതെ പുറത്തേക്കു നോക്കി ദേഷ്യത്തില്‍ ഞാന്‍ പറഞ്ഞു,
"അവനെല്ലാം അറിയാം, എന്തായാലും അവന്‍ തിരിച്ചു വന്നില്ലേ, ഇനി അതോര്‍ത്ത് ആരും ഇവിടെ കിടന്നു കരയരുത്, അവനറിയാം ഒക്കെ"
പിന്നീട് അടുത്ത വീട്ടിലെ സുജി ചേച്ചി വന്നപ്പോഴാണ് പറഞ്ഞത് ചടങ്ങുകള്‍ നടക്കുമ്പോഴൊക്കെ അവന്‍ അടുത്ത പറമ്പില്‍ ഉണ്ടായിരുന്നത്രേ! അല്ലെങ്കില്‍ ഒരു മനുഷ്യനെ അവന്‍ ഇവിടേക്ക് കടക്കാന്‍ അനുവദിക്കാത്തതായിരുന്നു. അത്രയും ആളുകള്‍ വന്നിട്ടും അവന്‍ ഒന്നും മിണ്ടാതെ അവിടെ ഉണ്ടായിരുന്നു. മരിച്ച അന്ന് എല്ലാവരും ആശുപത്രിയിലായിരിക്കുമ്പോള്‍ ഇവന്‍ ഇതിലെ നടക്കുന്നുണ്ടായിരുന്നു. മണം പിടിച്ച് അടുത്തുള്ള കനാല്‍ ബണ്ടിലൂടെ കുറേ തവണ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നുണ്ടായിരുന്നു. രണ്ടു തവണ ചേച്ചിയുടെ വീട്ടിലും ചെന്നിരുന്നു.
വേണ്ടപ്പെട്ടവരുടെ വേര്‍പാട് പലര്‍ക്കും പലവിധമായിരിക്കും... നമ്മള്‍ മനുഷ്യര്‍ അവരുടെ ദുഃഖം ചിലപ്പോള്‍ കരഞ്ഞെങ്കിലും തീര്‍ക്കുമായിരിക്കും. പാവം മിണ്ടാപ്രാണികള്‍ അവര്‍ എന്ത് ചെയ്യും? പത്തു ദിവസങ്ങള്‍ക്കു ശേഷമാണു അവന്‍ പിന്നെ തിരിച്ചു വന്നത്. പഴയ ഉത്സാഹമോ ചുറുചുറുക്കോ ഇല്ലാതെ, ഉറക്കെ ഒന്ന് കുരയ്ക്കുക പോലും ചെയ്യാതെ, ആരെയും കാത്തിരിക്കാനില്ലാതെ, വഴിക്കണ്ണ്‍ നാട്ടാതെ, അവന്‍ ഉമ്മറപ്പടിയില്‍ കിടന്നു! തിരിച്ച് ഗള്‍ഫിലേക്ക് പോകേണ്ട ദിവസങ്ങളില്‍ ഞാന്‍ അവനോട് പറഞ്ഞേല്‍പ്പിച്ചിരുന്നു
"പപ്പു, നീ വേണം ഇവിടെ, എല്ലാം നോക്കിക്കോളണം, അമ്മയേയും, അച്ഛന്‍റെ സ്വന്തം സ്വത്തുക്കളായ ആടുകളേയും, കൃഷിയേയും എല്ലാം! നീ വേണം അവരെ നോക്കാന്‍”
അച്ഛന്‍റെ പ്രിയപ്പെട്ട "സ്വത്തുക്കള്‍" എല്ലാം നോക്കേണ്ടത് അവന്‍ തന്നെയാണ്.
കാരണം അവനായിരുന്നു ആ വേര്‍പാടിലൂടെ അനാഥനായത്!

(2016 July E-മഷിയില്‍  പ്രസിദ്ധീകരിച്ചത്)

3 അഭിപ്രായങ്ങൾ:

  1. ഇതിനെങ്ങനെ അഭിപ്രായം പറയാനാണു!?!??!?!?!!വിഷമത്തിൽ പങ്ക്‌ ചേരുന്നു.

    നന്മ നേരുന്നു.

    മറുപടിഇല്ലാതാക്കൂ
  2. മനുഷ്യരെക്കാൾ സ്നേഹം ചില സമയത്ത് മൃഗങ്ങൾക്കാണെന്നു തോന്നിപ്പോകും.

    മറുപടിഇല്ലാതാക്കൂ

ഇനി അഭിപ്രായങ്ങള്‍ രേഖപ്പെടുത്തേണ്ടത് താങ്കളാണ്.... അഭിപ്രായങ്ങള്‍ അറിയിക്കുമല്ലോ ....
സ്നേഹത്തോടെ ശ്രീ...