2020, മേയ് 22, വെള്ളിയാഴ്‌ച

നിങ്ങൾക്ക് സ്വപ്നങ്ങളെ വ്യാഖ്യാനിക്കാൻ അറിയുമോ ?



മരിച്ചു പോയവരെ സ്വപ്നം കാണുന്നത് എന്തുകൊണ്ടാണ്? അതും ഒരുപാട് തവണ???


2016 മെയ് 27 നു ആയിരുന്നു അച്ഛൻ ഞങ്ങളെ ഒക്കെ തനിച്ചാക്കി പോയത്,, ചടങ്ങുകളൊക്കെ തീർത്തു രണ്ടാം മാസം ഞാൻ തിരിച്ചു മസ്കറ്റിൽ എത്തി.. ഒന്നോ രണ്ടോ മാസങ്ങൾ കഴിഞ്ഞു... ഒരു പുലർച്ചെ കണ്ടൊരു ജീവൻ തുടിക്കുന്നൊരു സ്വപ്നം.. ഞാൻ ഒരു അമ്പലത്തിൽ നിൽക്കുന്നു... കൃത്യം പറഞ്ഞാൽ കൊടകര ശ്രീ പൂനിലാർക്കാവ് ഭഗവതി ക്ഷേത്ര നടയിൽ.... ഒരു പരിചയവുമില്ലാത്ത ഒരുപാട് ആളുകൾ ചുറ്റിലും... അതിൽ ആരോ ഒരാൾ എന്നോട് പറയുന്നു... "അകത്തേക്ക് ചെല്ല്".. ഞാൻ അകത്തേക്ക് ചെല്ലുന്നു... അകത്തു ചെന്നപ്പോൾ അവിടെയും പരിചയമില്ലാത്ത മുഖങ്ങൾ.. അതിൽ ഒരാൾ എന്നോട് പറയുന്നു
" കുട്ടൻ അച്ഛനെ കാണാൻ വന്നത് ആണല്ലേ... ഇപ്പോൾ വരും"
ഉറക്കത്തിലും എന്റെ മനസ്സിൽ വന്നത് നൂറുകണക്കിന് ചിന്തകൾ ആയിരുന്നു... "ആ വന്നത് ആരാ?" "അയ്യാൾ എന്നെ എങ്ങനെ അറിയുന്നത് ?" "ഞാൻ ഇവിടെ വന്നത് അച്ഛനെ കാണാൻ ആണോ? അതും മരിച്ചു പോയ അച്ഛൻ ?" ഇങ്ങനെ ഒക്കെ ആലോചിച്ചു നിൽക്കുമ്പോൾ അകത്തു നിന്നും അച്ഛൻ വരുന്നു... പതിവിനു വിപരീതമായി വളർന്ന, എണ്ണതേക്കാത്ത  മുടി, വളർന്ന മീശ, നെറ്റിയിൽ ആക്‌സിഡന്റിൽ സംഭവിച്ച ആ പാട്, സംസാരിക്കുമ്പോൾ ഉള്ള പല്ലിലെ വിടവ്... അച്ഛൻ തന്നെ... പക്ഷെ പുതിയ ഭാവം... എന്തൊക്കെയോ സംസാരിച്ചു... അതൊന്നും ഓർമയില്ല... പക്ഷെ അവസാന വരിമാത്രം ഓർമയിൽ നില്പുണ്ട്...

"ഞാൻ ഇവിടെ ഉണ്ടാകുംട്ടോ.. കാണണം എന്ന് തോന്നുമ്പോ ഇങ്ങു വന്നാൽ മതി"
കണ്ണ് തുറന്നു നോക്കുമ്പോൾ റൂമിലെ AC യുടെ ചുവന്ന വെളിച്ചം മാത്രം... 

################################################################################

ഏതൊരു പ്രവാസിയെയും പോലെ നാട്ടിൽ തിരിച്ചു എത്തി എന്തെങ്കിലും സ്വന്തമായി തുടങ്ങണം എന്നുള്ള ചിന്ത ആളിപ്പടരുന്ന കാലം... എല്ലാ സുഹൃത്ചർച്ചകളിലും "ബിസിനസ് ഐഡിയസ് " സംസാരിക്കുന്ന കാലം... എത്ര ആലോചിച്ചിട്ടും ഒരു തീരുമാനത്തിൽ എത്താൻ പറ്റാതെ ഇരിക്കുന്ന സമയം... അങ്ങനെ ഇരിക്കുമ്പോഴാണ് ജോലി സംബന്ധമായ കാര്യത്തിന് വേണ്ടി ഒരു ഫാം സന്ദർശിക്കേണ്ടി വരുന്നത്... പെട്ടെന്ന് മനസ്സിൽ ഒരു ബൾബ് കത്തി.... എന്തുകൊണ്ട് ഒരു ഫാം തുടങ്ങിക്കൂടാ?  ഏതൊരു പ്രവാസിയെയും പോലെ ഫാം എന്ന തീരുമാനത്തിൽ എത്തി... കാരണം എന്റെ ചെറുപ്പം മുതലേ വീട്ടിൽ വളർത്തു മൃഗങ്ങൾ ഉണ്ടായിരുന്നു... അച്ഛൻ വളർത്തിയിരുന്നതിൽ ഏറ്റവും പ്രധാനം ആടുകൾ ആയിരുന്നു... ഏറ്റവും അത്  ഒരു തീരുമാനം ആയി. "ജോലി നഷ്ടപ്പെട്ടു നാട്ടിൽ എത്തിയാൽ  ആട് വളർത്താം"
പിറ്റേന്ന്  പുലർച്ചെ ഒരു സ്വപ്നം ഉണ്ടായിരുന്നു എനിക്ക്.... ആ സ്വപ്നനത്തിലും ഞാൻ ഉറങ്ങുകയായിരുന്നു.... ആരോ വിളിച്ചു എഴുന്നേൽപ്പിച്ചത് പോലെ ഞാൻ കണ്ണ് തുറന്നു... പെട്ടെന്ന് ഡോറിൽ തട്ടുന്ന ശബ്ദം കേട്ട് ഞാൻ വാതിൽ തുറന്നു... മുന്നിൽ അച്ഛൻ. അന്ന് സ്വപ്നത്തിൽ അമ്പലത്തിൽ വെച്ച് കണ്ട അതെ രൂപം..  മുന്നിലെ വരാന്ത നിറയെ ആടുകൾ...  രണ്ടു കുഞ്ഞുങ്ങൾ ചാടി പുറത്തേക്ക് ഓടിക്കളിക്കുന്നു.
" നീ എന്തായാലും ആട് വളർത്താൻ തുടങ്ങാൻ പോകുകയല്ലേ.... ഇന്നാ നിനക്കു കൊണ്ട് വന്നതാ"...
ഞാൻ ഇത് ഒരു തീരുമാനം ആക്കി വെച്ചത് അച്ഛൻ എങ്ങനെ അറിഞ്ഞു എന്ന് ആലോചിച്ചു നിൽക്കുകയായിരുന്നു ഞാൻ... പെട്ടെന്ന് ആണ് ഓർമ്മ വന്നത്

" അച്ഛാ വാ.. 'അമ്മ ഇപ്പോൾ വരും... "
"അതുവരെ ഒന്നും സമയം ഇല്ല... എനിക്ക് വേഗം പോകണം... നിനക്ക് തരാൻ വേണ്ടി വന്നതാണ്.....പോട്ടെ"

കണ്ണ് തുറന്നു നോക്കുമ്പോൾ റൂമിലെ AC യുടെ ചുവന്ന വെളിച്ചം മാത്രം...

#################################################################################

പിന്നെയും കണ്ടു പലതവണ... ഏതോ ഒരു മരണവീടിന്റെ ചുറ്റുപാടിൽ..... ഞാനും അമ്മയും ചേച്ചിയും എത്തുമ്പോൾ അവിടെ ഇരിക്കുന്നു... അന്ന് സ്വപ്നത്തിൽ അമ്പലത്തിൽ വെച്ച് കണ്ട അതെ രൂപം...
"അച്ഛനെന്താ ഇവിടെ വന്നത് ? "
തിരിച്ചു മറുപടി ഇല്ലായിരുന്നു..... പകരം ചിരിച്ചു....
"ഇതാരെന്നു അച്ഛന് അറിയുമോ? ഞാൻ പിന്നെയും ചോദിച്ചു.....
അതിനും മറുപടി ഉണ്ടായിരുന്നില്ല.... പകരം കസേരയിൽ നിന്നും എഴുന്നേറ്റു.. പതിയെ മുറ്റത്തേക്ക് ഇറങ്ങി നടന്നു.....
അത് ആരുടെ വീടാണെന്നോ ഒന്നും എനിക്കും അറിയില്ലാ.... പക്ഷെ ഞങ്ങളെ കാത്തിരുന്ന് കണ്ടിട്ട്, പിന്നെ തിരിച്ചു പോയത് പോലെ...
കണ്ണ് തുറന്നു നോക്കുമ്പോൾ റൂമിലെ AC യുടെ ചുവന്ന വെളിച്ചം മാത്രം...

###############################################################################

ഇത് വായിക്കുന്ന ആർക്കെങ്കിലും ഇതെന്തായിരിക്കും ഒന്ന് വിവരിക്കാൻ സാധിക്കുമോ?  ഒന്നോ രണ്ടോ തവണ അല്ല.. ഒരുപാട് തവണ ഇങ്ങനെ സ്വപ്നം കാണുന്നത്.. മരിച്ചു കഴിഞ്ഞാൽ പിന്നെ ഒരു ജീവിതം പരലോകത്തു ഉണ്ടാകുമോ ? അറിയില്ല... അറിയണമെങ്കിൽ മരിച്ചു തന്നെ നോക്കണം.... അങ്ങനെ ഒരു ജീവിതം ഉണ്ടെങ്കിൽ ഒരു കാര്യം ഉറപ്പാണ് ... എന്റ്റെ അച്ഛന്റെ ഇപ്പോഴത്തെ മുഖം .... അത് എനിക്ക് വ്യക്തമായി അറിയാം ....

1 അഭിപ്രായം:

ഇനി അഭിപ്രായങ്ങള്‍ രേഖപ്പെടുത്തേണ്ടത് താങ്കളാണ്.... അഭിപ്രായങ്ങള്‍ അറിയിക്കുമല്ലോ ....
സ്നേഹത്തോടെ ശ്രീ...