2021, മേയ് 26, ബുധനാഴ്‌ച

ആരോടും പറയാത്ത കഥകള്‍...

ഒമാനിലെ പ്രവാസകാലമായിരുന്നു അത്.  വൈകീട്ട് അമ്പലത്തില്‍ പോയിരുന്നു..മത്രയിലെ ശിവ ക്ഷേത്രം... സമയം വൈകീട്ട് എട്ടുമണി കഴിഞ്ഞിരുന്നു...ചിങ്ങം ഒന്ന് ആയതുകൊണ്ട് പോയതാണ്.... അമ്പലത്തില്‍ പോവ്വുക എന്ന് പറയുമ്പോള്‍ എനിക്ക് ഇഷ്ടം വൈകുംനേരം പോകുന്നതാണ്... പ്രത്യേകിച്ചു നാട്ടില്‍... രാവിലെ പോകുമ്പോള്‍ കൂടുതലും ശ്രദ്ധിക്കുക പെണ്‍കുട്ടികളെ ആകും.... വൈകീട്ട് ആകുമ്പോള്‍ തിരക്കും ഉണ്ടാകുകയില്ല... സ്വസ്ഥമായി സമാധാനമായി പ്രാര്‍ത്ഥിക്കാം.... മനം നിറഞ്ഞ്....


എനിക്ക് തോന്നുന്നു ഈ ശീലം തുടങ്ങിയത് പ്ലസ്ടുവില്‍ പഠിക്കുമ്പോഴാണ്.. എന്റെ കൌമാരം മുഴുവന്‍ "അലീന " എന്നുള്ള പെണ്‍കുട്ടിയെ ചുറ്റിപ്പറ്റി ആയിരുന്നതുകൊണ്ട് ഇവിടെയും അവളുടെ ഒരു അദൃശ്യ സാന്നിദ്ധ്യമുണ്ട്... കുടുംബഅമ്പലത്തില്‍ വൈകീട്ട് എന്നും വിളക് വെക്കാന്‍ പോകാറുണ്ടായിരുന്നു ഞാന്‍... ഒരു അഞ്ചര സമയത്ത്..അമ്പലത്തില്‍ ചെന്ന് അടിച്ചുവാരി , വൃത്തിയാക്കി വിളക്കൊക്കെ കഴുകി തുടച്ചു വിളക്ക് കത്തിച്ചു കഴിയുമ്പോഴേക്കും സമയം ആറര ആയിട്ടുണ്ടാകും..

വൈകുംനേരം അമ്പലത്തില്‍ പോകാന്‍ ഞാന്‍ സൈക്കിള്‍ എടുക്കാറില്ല.... നടക്കുന്നതാണ് ഇഷ്ടം... വിളക്ക് വെച്ച്, "അമ്മയോട്"എല്ലാം പറയുമ്പോഴേക്കും മനസ്സ് ആകെ ഒരു സ്വാതന്ത്ര്യം അനുഭവപ്പെടും.... മനസ്സിന് കനം കുറഞ്ഞത്‌ പോലെ തോന്നും...അങ്ങനെ അനുഭവപ്പെടുമ്പോഴാണ് ചെയ്യുന്ന കുറ്റങ്ങളൊക്കെ തിരിച്ചറിയുന്നത്... എല്ലാം പറഞ്ഞു കഴിഞ്ഞു അവിടെ നിന്ന് ഭസ്മം നെറ്റിയില്‍ തൊട്ടു ഞാന്‍ മെല്ലെ നടക്കും...ചിറയ്ക്കല്‍ ശിവ ക്ഷേത്രത്തിലേക്... ഇടവഴിയിലൂടെ മെല്ലെ നടക്കും... അതും ഒറ്റയ്ക്ക് പോകാന്‍ ആണ് ഏറെ ഇഷ്ടം... കാവിമുണ്ട് മടക്കി കുത്താതെ.... പതുക്കെ നടക്കും...അപ്പോഴാണ് പ്രകൃതിയെ ഞാന്‍ ശ്രദ്ധിക്കുക... എല്ലാവരും കൂടണയാന്‍ ഉള്ള തിരക്കുകളിലാണ്.. പറവകളും...പണിക്കാരും..എല്ലാം...


അസ്തമയ സൂര്യന്‍ ചുവന്നു തുടുത്തു പ്രഭ ചൊരിയുമ്പോള്‍ ഞാന്‍ സ്കൂള്‍ പരിസരത്ത് എത്തും... അവിടെ  എനിക്കൊരു സ്റ്റോപ്പ്‌ ഉണ്ട്.... അമ്പലത്തിലേക്ക് തിരിയുന്ന ഭാഗത്ത്‌ ഒരു ഗേറ്റ് ഉണ്ട് സ്കൂളിനു... അവിടെ നിന്നാല്‍ സയന്‍സ് A ക്ലാസ്സ്‌ വളരെ അടുത്ത് കാണാം... അവിടെ നിന്ന് ഞാന്‍ സ്കൂളിനെ നോക്കും... വെറുതെ അന്ന് അവളെ കണ്ട നിമിഷങ്ങളെ ഓര്‍ത്തു ചിരിക്കും... പിന്നെ തീരുമാനിക്കും.. നാളെ എന്തായാലും അവളോട്‌ മിണ്ടണം.... ഒന്നും നടക്കില്ല എന്നറിയാമെങ്കിലും പിന്നെ മെല്ലെ ഒരു നഷ്ടബോധവുമായി അമ്പലത്തിലേക്ക് നടക്കും...

തൊഴുതുമനസ്സിലെ പറയേണ്ട  കാര്യങ്ങള്‍  പറയുമ്പോഴേക്കും രാജശ്രീ  എത്തിയിട്ടുണ്ടാകും... പുറത്തിറങ്ങി അവളെ കാത്തു നില്‍ക്കും... ആ കാത്തിരിപ്പിനും ഒരു രസമുണ്ടായിരുന്നു... അമ്പലത്തില്‍ നിന്നും ഇറങ്ങുമ്പോഴേ ഒരു പുഞ്ചിരിയോടെയാണ് അവള്‍ വരിക... ഭസ്മം എടുത്തു നെറ്റിയില്‍  തൊട്ടു വരുന്നത് കാണാന്‍ തന്നെ നല്ല ചന്തമാണ്... ഞാന്‍ നോക്കി നില്‍ക്കുന്നത് കാണുമ്പോഴേ ചിരിയോടെ അവള്‍ ചോദിക്കും... "എന്ത്യേടാ?"
ഒന്നുമില്ലെന്ന അര്‍ത്ഥത്തില്‍ ചിരിച്ചുകൊണ്ട് തല ആട്ടും ഞാന്‍.. പിന്നെ പതുക്കെ ഞങ്ങള്‍ ആല്‍ത്തറയുടെ അടുത്തൂടെ  വീട്ടിലോട്ടു മടങ്ങും... കൂടുതലും ക്ലാസ്സിലെ തമാശകള്‍ ആയിരിക്കും ഇപ്പോഴും... അവള്‍ അടുത്ത് ഇല്ലാതിരുന്നപ്പോള്‍ ഉണ്ടായ തമാശകള്‍... ഞാന്‍ അവളുടെ അടുത്ത് ഇല്ലതിരുന്നപോള്‍ ഉണ്ടായ കാര്യങ്ങള്‍... അങ്ങനെ.... പിന്നെ ഞാന്‍ കളിയാക്കുമ്പോള്‍ അവള്‍ കുണുങ്ങി ചിരിക്കും... പോടാ എന്നൊരു മറുപടിയും... പിന്നെയും ഞങ്ങള്‍ നടക്കും സന്ധ്യ മയങ്ങി ഇരുള്‍ വീണു തുടങ്ങിയ വഴികളിലൂടെ.. സ്കൂളിന്റെ അടുത്ത് എത്തുമ്പോള്‍ ഞാന്‍ മെല്ലെ "സ്കൂളിലോട്ട്" നോക്കും... അവളും... ആ സമയത്ത് അവള്‍ എന്തായിരിക്കും ആലോചിചിരിക്കുക എന്ന് എനിക്കറിയില്ല.. ഞാന്‍ അന്ന് ആലോചിച്ചിട്ടുമില്ല.. പക്ഷെ ഞാന്‍ ആലോചിച്ചത് ആ നസ്രാണിക്കൊച്ചിനെ കുറിച്ചായിരുന്നു...സന്തോഷമാണോ നിരാശയാണോ  എന്നൊന്നും തിരിച്ചറിയാൻ പറ്റാത്ത ഒരു ഭാവമായിരിക്കും അപ്പോൾ മനസ്സിൽ...  ആരോടും പറയാതെ ...


ഹോണ്ട അസെന്റ് കാറിലെ ACയിൽ ഇരുന്നു  അമ്പലത്തില്‍ പോകുമ്പോ ഈനോസ്ടല്ജിയ  ഓര്‍ത്തു സങ്കടപ്പെട്ടില്ല എങ്കില്‍ പിന്നെ ഞാന്‍ എങ്ങനെ ശ്രീനി ആകും?..... നഷ്ടങ്ങളുടെ കണക്കുകള്‍ വലുതാവുകയാണ്... 
ആരൊക്കെയോ.. 
എന്തൊക്കെയോ... 
നാട്... 
അമ്പലങ്ങള്‍... 
സന്ധ്യകള്‍.... 
എണ്ണിയാല്‍ തീരാത്ത അത്രയും... 
ഒറ്റയ്ക്കാവുന്ന എനിക്ക് കൂട്ട് ഈ ഓര്‍മ്മകള്‍ മാത്രം....

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇനി അഭിപ്രായങ്ങള്‍ രേഖപ്പെടുത്തേണ്ടത് താങ്കളാണ്.... അഭിപ്രായങ്ങള്‍ അറിയിക്കുമല്ലോ ....
സ്നേഹത്തോടെ ശ്രീ...