2021, മേയ് 27, വ്യാഴാഴ്‌ച

ഒരു ട്രെയിൻ യാത്രയുടെ ഓർമയ്ക്ക്

ഒരു ശനിയാഴ്ച ആയിരുന്നു അത് .... ഓഫീസില്‍ നിന്നും ഇറങ്ങി ബസില്‍ ആലുവായില്‍ വന്നിറങ്ങി റെയില്‍വേ സ്റ്റേഷനിലേക്ക്  പോകുകയായിരുന്നു ഞങ്ങള്‍... ഓഫീസിലെ  സ്ഥിരം യാത്രയാണ് അത്... ഒരു സംഘം  ആളുകള്‍... ഒരുമിച്ചുള്ള വരവും പോക്കും.. അവള്‍ ഞങ്ങളുടെ കമ്പനിയില്‍ ജോയിന്‍ ചെയ്ത സമയമായിരുന്നു.. അപർണ.. പ്ലസ്‌ ടൂ വിനു എന്റെ ജൂനിയര്‍ ആയി പഠിച്ചിരുന്നവളാണ്... യാദ്രിചികമായ്  ഒരേ സ്ഥലത്ത് തന്നെ ജോലിയും കിട്ടി.. ഒരേ സമയത്തായിരുന്നു ഡ്യൂട്ടി എന്നത് കൊണ്ട്  ഓഫീസിലൊട്ടും തിരിച്ചുമുള്ള യാത്രകളില്‍ എപ്പോഴും അവള്‍ കൂടെയുണ്ടാകും... അപർണ കൂടെ വന്നു തുടങ്ങിയത് മുതല്‍ എനിക്ക് പഴയത് പോലെ,   യാത്രകളില്‍ ഒരു ഫ്രീഡം  ഉണ്ടായിരുന്നില്ല..ഒരു വായനോട്ടമോ ഒന്നും നടക്കില്ല... 

ഒരു വായാടിയായിരുന്നു  അവള്‍... ഇപ്പോഴും കലപില എന്ന് സംസാരിച്ചു കൊണ്ടെയിരികും.. നെറ്റിയില്‍ എപ്പോഴും ഒരു ചന്ദനക്കുറി... എണ്ണ തേക്കുന്ന കറുത്തിളം മുടിയില്‍ എപ്പോഴും ഒരു തുളസിക്കതിരെങ്കിലും കാണും... അതവളുടെ ട്രേഡ്മാര്‍ക്ക് ആയിരുന്നു.. എപ്പോഴും പുഞ്ചിരിച്ച മുഖവും... പഴയ സ്കൂള്‍ ജീവിതത്തിലെ ഒട്ടുമിക്ക കുരുത്തക്കേടുകളും അവള്‍ക്ക് അറിയാമായിരുന്നത് കൊണ്ടും എന്റെ ഏറ്റവും നല്ല സുഹൃത്തുക്കളില്‍ ഒരാളായിരുന്നു അപർണ...

തിങ്കളാഴ്ച പഴയ കോളേജില്‍ പോകാന്‍ തീരുമാനിച്ചിരുന്നു... അന്നായിരുന്നു അവളുടെ ജന്മദിനം..   "നിരഞ്ജന"...    കോളേജ് കാമ്പസിലെ ഒരു നിശബ്ദ പ്രണയം.. പ്രണയത്തെ കുറിച്ചൊന്നും ആരോടും പറയാത്ത  കാലമായിരുന്നു അത്.. യാത്രകളിൽ  ഒപ്പം ഉണ്ടായിരുന്നെങ്കിലും  അപർണയോടും ഞാന്‍ ഒന്നും പറഞ്ഞിരുന്നില്ല...അന്നും രഹസ്യങ്ങളെ  രഹസ്യങ്ങളായി സൂക്ഷിക്കുവനായിരുന്നു എനിക്കിഷ്ടം..  ഒരു ജന്മദിന സമ്മാനം വാങ്ങാനുണ്ടായിരുന്നത് കൊണ്ട് മെല്ലെ അപർണയോടു പറഞ്ഞു...

"നീ ഇന്ന് ഇവരുടെ കൂടെ പൊക്കോളൂ.. എനിക്ക് അല്പം പര്‍ച്ചേസ് ഉണ്ട് ഞാന്‍ വൈകും......"

"എന്നാല്‍ ഞാനും കൂടെ വരാം"

"വേണ്ട ഇഷ്ടാ... ട്രെയിന്‍ പോകും.. വീട്ടില്‍ എത്താന്‍ വൈകില്ലെ?"
"
അത് സാരമില്ല ദേവേട്ടന്‍ ഇല്ലേ കൂടെ?.. പിന്നെ അവരുടെ കൂടെ പോകാന്‍ എനിക്കിഷ്ടമില്ല.... "

ഒഴിവാക്കാന്‍ നോക്കിയിട്ടും അവള്‍ പോകാന്‍ കൂട്ടാക്കിയില്ല.. അങ്ങനെ കൂട്ടത്തില്‍ നിന്നും വിട്ടു ഞങ്ങള്‍ രണ്ടു പേരും  ആലുവയിലെ ഒരു കടയില്‍ കയറി മനോഹരമായൊരു ഡയറി  വാങ്ങി... എഴുത്തുകാരിക്ക് നല്കാന്‍ ഇതില് നല്ലൊരു സമ്മാനം വേറെ എന്തുണ്ട്? ആർക്ക്  വേണ്ടിയാണ്  ഗിഫ്റ്റ് വാങ്ങിയത് എന്നുള്ള ചോദ്യത്തിന് മറുപടി നല്കാതിരിക്കാനാവില്ലായിരുന്നു.. "ഒരു സുഹൃത്തിനു.... വളരെ അടുത്ത സുഹൃത്തിനു... പിന്നെ ഒരു ജ്യുസ് കൂടെ കുടിച്ചു ഓരോ വിശേഷങ്ങള്‍ പറയുമ്പോഴായിരുന്നു കൂട്ടുകാരന്‍ വിളിച്ചത്.. ട്രെയിന്‍ അന്നൌന്‍സ് ചെയ്തു.. വേഗം വരൂ എന്ന് പറഞ്ഞു... ഞാന്‍ അവളോട് പറഞ്ഞു . ട്രെയിന്‍ ഇപ്പൊ എത്തും... വേഗം വാ.. കടയില്‍ നിന്നിറങ്ങി ഞങ്ങള്‍ റെയില്‍വേ സ്റ്റെഷനിലോട്ടു ഓടി...

കുറച്ചു ദൂരമുണ്ടായിരുന്നു സ്റേഷനിലോട്ട് ...ബാഗ്‌ പിടിച്ചുകൊണ്ടു  ഓടാന്‍ അവൾക്ക്  സാധിക്കുന്നില്ലയിരുന്നു... ഞാന്‍ ബാഗ്‌ വാങ്ങി പറഞ്ഞു.. വേഗം വാ...തിരക്കുള്ള വഴികളിലൂടെ ഓടിയെത്താന്‍ അവള്‍ പാട്പെ ടുന്നുണ്ടായിരുന്നു...  ബാഗ്‌ വലതു കയ്യില്‍ പിടിച്ചിട്ട് ഇടതു കൈ കൊണ്ട് അവളുടെ കൈ പിടിച്ചു ഞാന്‍ തിരക്കിലൂടെ ഊളിയിട്ടു... എന്റെ പിറകിലൂടെ അവളും..  റെയില്‍വേ സ്റ്റെഷനകത്ത് വലിയ തിരക്കും...  ട്രെയിന്‍ സ്റെഷനിലോട്ടു  എത്തിയിരുന്നു... വേറെ ആര്‍ക്കോ വേണ്ടി എന്ന പോലെ മനസ്സില്ലാമനസ്സോടെ  ആ ട്രെയിന്‍ പ്ലാറ്റ്ഫോം നോട് ചേര്‍ന്ന് കിടന്നു.. 

രണ്ടാമത്തെ ട്രാക്കില്‍ ആയിരുന്നു ട്രെയിന്‍...ഓവര്‍ ബ്രിഡ്ജ് കയറാന്‍ നേരമില്ല... ഞാന്‍ അപർണയോടു പറഞ്ഞു...

"വരൂ.. നമ്മുക്ക് ട്രാക്ക് ക്രോസ് ചെയ്യാം".. ട്രെയിന്‍ സ്റെഷന് അല്പം പിറകില്‍ ആയിട്ടാണ് നിര്‍ത്തുക... പെട്ടെന്ന് നമ്മക്ക് കയറാം"

"അയ്യോ.. എനിക്ക് പേടിയാ.... ഞാന്‍ മുകളില്‍ കൂടെ ഓടി വരാം"

"നീ അങ്ങനെ വന്നാല്‍ ട്രെയിന്‍ കിട്ടില്ല നിനക്ക്.. വെറും അഞ്ചു മിനിറ്റ് ഉള്ളു..പിന്നെ ഈ ഓടിയതൊക്കെ വെറുതെ ആവും"

"എനിക്ക് കയറാന്‍ പറ്റില്ല.. അതാ"

"നീ പേടിക്കണ്ട.. നിന്നെ ഞാന്‍ പിടിച്ചോളാം"

ഞാന്‍ ആദ്യം ട്രക്കിലോട്ടു ചാടി...  മടിച്ചു മടിച്ചു ആണങ്കിലും അവളും ഇറങ്ങി... വീഴാന്‍ പോയെങ്കിലും എന്റെ കയ്യില്‍ അവള്‍ മുറുക്കി പിടിച്ചിരുന്നു..വേഗം തന്നെ  ട്രാക്ക് ക്രോസ് ചെയ്തു.. രണ്ടാമത്തെ പ്ലാറ്റ്ഫോമിന്റെ അടുതെത്തി.. പക്ഷെ അവള്‍ക്ക് പ്ലാറ്റ്ഫോര്മില്‍ കയറാന്‍ സാധികുന്നില്ലയിരുന്നു... അപ്പോഴേക്കും ട്രെയിൻ മൂളിക്കൊണ്ട് സ്റേഷനിലോട്ട് എത്തുന്നുണ്ടായിരുന്നു .. വളരെ വേഗത്തിലുള്ള യാത്രക്കിടയിൽ അനാവശ്യമായി നിർത്തേണ്ടി വന്നതിലുള്ള നിരാശ ആ വണ്ടിക്ക് ഉണ്ടായിരുന്നു എന്ന തോന്നുന്നു.. കാരണം  ട്രാക്കിലൂടെ ഒരു മുരൾച്ച അനുഭവിക്കാൻ പറ്റുന്നുണ്ടായിരുന്നു... ഒരു വല്ലാത്ത ഭീകരത അത് സൃഷ്ടിക്കുന്നുണ്ടായിരുന്നു എനിക്ക് മുന്നില്‍ വേറെ വഴികള്‍ ഇല്ലായിരുന്നു.. ഞാന്‍ അവളോട്‌ പറഞ്ഞു...

" ഞാന്‍ ആദ്യം കയറാം... എന്നിട്ട് നിന്നെ കയറ്റാം..."

"... എനിക്ക് കയറാന്‍ പറ്റുന്നില്ല.. ഞാന്‍ അതിലൂടെ നടന്നു കയറാം"

"വണ്ടി പോകും..."

"ദേവേട്ടന്‍ പൊക്കോളൂ.. ഞാന്‍ ബസിനു വരാം"

"അത് വേണ്ട.. പോകുന്നെങ്കില്‍ നമ്മള്‍ ഒരുമിച്ച്... അത്രേയുള്ളൂ... "

ഞാൻ ചാടി മുകളിൽ കയറി. അപ്പോഴാണ് ഞാന്‍ പ്ലാറ്റ്ഫോം നു താഴെ ഒരു ചവിട്ടു പടി പോലെ കണ്ടത്... അവളോട്‌  പറഞ്ഞു..

"ആ പടിയില്‍ ചവിട്ടി നിക്ക്...  എന്നിട്ട് വലതുകാല്‍മുട്ട്  പ്ലാറ്റ്ഫോമില്‍ വേക്ക്"
അവള്‍ അതുപോലെ ചെയ്തു..  ഇടതു കൈ കൊണ്ടവളുടെ വലതുകൈ പിടിച്ചു ഞാന്‍ അവളെ മുകളിലേക്ക് ഉയര്‍ത്തി... മുകളിലേക്ക് ഉയര്‍ന്നെങ്കിലും പെട്ടെന്ന് ഒരു നിമിഷം അവള്‍ പുറകിലോട്ട് വേച്ചു പോയി.. പെട്ടെന്ന് തന്നെ ഞാന്‍ വലംകൈ കൊണ്ടവളെ വട്ടം ചുറ്റിപ്പിടിച്ചു, എന്നോട് ചേര്‍ത്ത് പിടിച്ചുയര്‍ത്തി.... അങ്ങനെ ഒരുവിധത്തില്‍ അവള്‍ മുകളിലെത്തി... ചുറ്റുമുള്ള ആളുകളോക്കെയും ഞങ്ങളെ നോക്കി നില്‍ക്കുന്നുണ്ടായിരുന്നു... അതിനെ കുറിച്ച് ആലോചിച്ചു നില്‍ക്കനോന്നും അപ്പോള്‍ എനിക്ക് സമയം ഉണ്ടായിരുന്നില്ല... എങ്ങനെ എങ്കിലും ട്രെയിനില്‍ കയറണം എന്നൊരു ചിന്ത മാത്രം...

 അപ്പോഴേക്കും ട്രെയിന്‍ അനങ്ങിതുടങ്ങിയിരുന്നു... അവളുടെ കൈ പിടിച്ചു ഞാന്‍ ട്രെയിനിന്റെ അടുത്തേക്കോടി.. ഒരു വിധത്തില്‍ ഒരു തിരക്കൊഴിഞ്ഞ കമ്പാര്‍ട്ട്മെന്റില്‍ ഞങ്ങള്‍ കയറി.. അത്രയും നേരത്തെ ഓട്ടവും പരിശ്രമവുമെല്ലാം കാരണം അവള്‍ വല്ലാതെ കിതക്കുന്നുണ്ടായിരുന്നു.. ഞാനും...  ട്രെയിനില്‍ കയറി ഡോറിനു ചേര്‍ന്ന് നിന്നവള്‍  എന്റെ മുഖത്തേക്ക് നോക്കി ചിരിച്ചു...

"ചെറുപ്പത്തില്‍ മാവിലോന്നും കയറി ശീലമില്ലല്ലേ?" ഞാന്‍ ചോദിച്ചതിനു മറുപടി പിന്നെയും ഒരു ചിരി ആയിരുന്നു... ഞാന്‍ പിന്നെയും തുടര്‍ന്നു..
"വല്ല്യ ഭാരം ഒന്നും ഇല്ലാത്തതു കൊണ്ട് രക്ഷപ്പെട്ടു.. ഇല്ലായിരുന്നെങ്കില്‍ നമ്മള്‍ രണ്ടും  ഇന്ന് ട്രെയിനിന്റെ മുന്നില്‍ വീണേനെ..."

ട്രെയിന്‍ സഞ്ചരിച്ചു തുടങ്ങിയിരുന്നു... അനുവാദമില്ലാതെ അകത്തേക്ക് വരുന്ന കാറ്റില്‍ അവളുടെ മുടി പാറിപ്പറക്കുന്നുണ്ടായിരുന്നു.. പിന്നീട് അത്രയും നേരത്തെ പരിശ്രമം വിയര്‍പ്പ് തുള്ളികളായി ശരീരത്തില്‍ നിറഞ്ഞു...വിയര്‍പ്പുതുള്ളികള്‍ ഒലിച്ചുഎന്റെ നെറ്റിയിലെ കുങ്കുമക്കുറി നെറ്റിയിലാകെ പടര്‍ന്നിരുന്നു...

"മുഖത്തെ കുങ്കുമം പടര്‍ന്നല്ലോ"

ട്രയിനിലെ കണ്ണാടിയില്‍ നോക്കിയപ്പോള്‍ ശരിയായിരുന്നു.. ഞാന്‍ പോക്കെട്ടിനുള്ളിലെ തൂവല തിരഞ്ഞു... എപ്പോഴോ എന്റെ കയ്യില്‍ നിന്ന് നഷ്ടപ്പെട്ടിരുന്നു... പെട്ടെന്നൊരു നിമിഷം  എന്റെ അനുവാദത്തിനായി നില്‍ക്കാതെ  അവളുടെ തൂവാല കൊണ്ടെന്റെ നെറ്റിയിലെ വിയര്‍പ്പുതുള്ളികളെ  തുടച്ചു, കുങ്കുമക്കുറിയും നേരെയാക്കി... എന്നിട്ട് പറഞ്ഞു...

"ഇപ്പൊ ശരിയായി ട്ടോ.."

 ഒന്നും പറയാനാവാതെ  ഞാനവളുടെ മുഖത്തേക് നോക്കി നിന്നു... അവളുടെ  കണ്ണുകളിലേക്ക് നോക്കി നിന്നു.... അവള്‍ എന്റെ കണ്ണുകളിലേക്കും.. ആദ്യമായിട്ടായിരുന്നു ഞാന്‍  അവളുടെ കണ്ണുകളെ ശ്രദ്ധിക്കുന്നത്.. പക്ഷെ അതുവരെ കാണാതിരുന്ന ഒരു തിളക്കം ആ കണ്ണുകളില്‍ കണ്ടത് പോലെ....  വല്ലാത്തൊരു  നിശബ്ദത ക്ഷണിക്കപ്പെടാത്ത അതിഥിയെപ്പോലെ  ഞങ്ങള്‍ക്കിടയിലേക്ക് കടന്നു വന്നു... അതുവരെ നിലനിന്നിരുന്ന  ശബ്ദങ്ങളെല്ലാം ഒരു നിമിഷം അവസാനിച്ച പോലെ... ഞങ്ങള്‍ക്കിടയിലെ നിശബ്ദതയെ കീറിമുറിച്ചതും അവള്‍ തന്നെ ആയിരുന്നു...

"എന്നാണു കൂട്ടുകാരിയുടെ ജന്മദിനം?"

"തിങ്കളാഴ്ച"

"എന്റെ ആശംസകള്‍ അറിയിക്കണം..."

"അറിയിക്കാമല്ലോ"

"ആര്  ആശംസിച്ചു എന്ന് പറയും? ;) "

ഞാന്‍ ഒന്നും പറയാതെ അവളുടെ കണ്ണുകളിലേക്ക് നോക്കി..... പിന്നെയും അവള്‍ തുടര്‍ന്നു...

"വേണ്ട ഒന്നും പറയണ്ട... എന്റെ ആശംസകളും അറിയിക്കണ്ട... എന്നെ കുറിച്ച്  അവള്‍ അറിയണ്ട.."

"അതെന്താ??? ഞാന്‍ പറയാം.."

"വേണ്ടാന്നു  ഇപ്പൊ  തോന്നുന്നു...."

"mm... നമ്മുക്ക് അകത്ത് സീറ്റ് ഉണ്ടോ എന്ന് നോക്കാം വരൂ"

"വേണ്ട... നമ്മുക്ക് ഇന്ന് ഇവിടെ നില്‍ക്കാം... അധികം ദൂരം ഇല്ലലോ.. ദെ ഇപ്പൊ തന്നെ എത്തില്ലേ നമ്മുടെ സ്ഥലം...

ട്രെയിന്‍ ഒരു ശബ്ദത്തോടെ അങ്കമാലി സ്റെഷനില്‍ നിന്നു..  ഞങ്ങള്‍ ഇറങ്ങി മെല്ലെ ഓവര്‍ബ്രിഡ്ജിന്റെ അടുത്തേക്ക് നടന്നു... ട്രെയിന്‍ പോയിക്കഴിഞ്ഞപ്പോള്‍ ട്രാക്ക്   ചൂണ്ടിക്കാണിച്ചു അവള്‍ ചോദിച്ചു....

"നമ്മുക്ക് ക്രോസ് ചെയ്താലോ?"

ചിരിച്ചു കൊണ്ട് ഞാന്‍ പറഞ്ഞു...

"വേണ്ട... ഇഷ്ടം പോലെ സമയം ഉണ്ട് ഇനി ബസ് വരാന്‍... നമ്മുക്ക് ഓവര്‍ ബ്രിഡ്ജില്‍ കൂടെ പോകാം"

ആകാശത്ത് മേഘങ്ങള്‍ ഒരു മഴക്കുള്ള കോപ്പുകള്‍ കൂട്ടുന്നുണ്ടായിരുന്നു.... ഒന്നും മിണ്ടാതെ  അവള്‍ എന്റൊപ്പം നടന്നു..നടക്കുമ്പോഴൊക്കെയും അറിയാതെയോ അതോ മനപ്പൂര്‍വമോ... അറിയില്ല... ഞാന്‍ ആണോ അതോ അവളാണോ.. അതുമറിയില്ല.. ഞങ്ങള്‍ടെ ചുമലുകള്‍ തമ്മില്‍ പരസ്പരം ഉരസ്സുന്നുണ്ടയിരുനു.. എനിക്കും പെട്ടെന്ന് പറയാനായി വാക്കുകള്‍ ഒന്നും ഉണ്ടായിരുന്നില്ല... ബസ് സ്റെഷനില്‍ എത്തിയപ്പോഴേക്കും അവളുടെ ബസ് അവിടെ ഉണ്ടായിരുന്നു... ബസിലേക്ക് കയറാന്‍ നേരം അവള്‍ ചോദിച്ചു...

"ഞാന്‍ പൊക്കോട്ടെ?"

"ആയിക്കോട്ടെ...ഞാന്‍ തിങ്കള്‍ വരില്ല.. അപ്പൊ ചൊവ്വാഴ്ച കാണാം.."

ഒന്നും മിണ്ടാതെ അവള്‍ തിരിഞ്ഞു നടന്നു... പെട്ടെന്ന് ഒരു നിമിഷം നിന്ന് എന്നെ തിരിഞ്ഞു നോക്കി.... പിന്നെയും എന്റെ അടുത്തേക്ക് വന്നു പറഞ്ഞു..

"ഏട്ടാ... താങ്ക്സ്..."

"എന്തിനാ താങ്ക്സ് ഒക്കെ?"

ഒരു നിമിഷത്തെ മൌനത്തിനു ശേഷം അവള്‍ തുടര്‍ന്നു..

"ഈ ഒരു ദിവസത്തിന്.. ഇങ്ങനെ ഒരു സായാഹ്നം സമ്മാനിച്ചതിന്... ഈ ഒരു ദിവസം ഞാന്‍ മറക്കില്ല ഒരിക്കലും.... and I mean it"

എന്റെ മറുപടിക്കായി കാത്തുനില്‍ക്കാതെ അവള്‍ തിരിഞ്ഞു ബസിലേക്ക് നടന്നു...അവള്‍ പോകുന്നതും നോക്കി ഞാന്‍ അവിടെ നിന്നു.. ബസ്സില്‍ കയറി അവള്‍ എന്നെ ഒന്നുകൂടെ തിരിഞ്ഞു നോക്കി... കണ്ണുകള്‍ കൊണ്ടൊരു പുഞ്ചിരി കൂടി സമ്മാനിച്ചു.... ഒരിക്കലും എനിക്ക് അര്‍ത്ഥം മനസ്സിലാക്കി എടുക്കുവാനാവാത്ത ഒരു പുഞ്ചിരി...

4 അഭിപ്രായങ്ങൾ:

  1. എഴുത്ത് നന്നായിട്ടുണ്ട്.. ഇഷ്ട്ടായി...👍

    മറുപടിഇല്ലാതാക്കൂ
  2. വൗ!!!നിങ്ങളുടെ കൂടെ ഓടുകയായിരുന്നു. 🥰...

    നല്ല ഇഷ്ടമായി 🥰.

    മറുപടിഇല്ലാതാക്കൂ
  3. കഥ നന്നായി. അവൾ ഒരിക്കലും മറക്കില്ല.
    ആശംസകൾ ..

    മറുപടിഇല്ലാതാക്കൂ
  4. നന്നായിട്ടുണ്ട് . ഒരു പേടിയോടെയാണ് വായിച്ചത് . ആ റെയിൽവേ ട്രാക്കിലൂടെ ക്രോസ്സ് ചെയ്തതും ട്രെയിനിൽ ഓടിപ്പോയി കയറിയതും അപകടം വല്ലതും ആവുമോ എന്ന് . നല്ല കഥ . ആശംസകൾ

    മറുപടിഇല്ലാതാക്കൂ

ഇനി അഭിപ്രായങ്ങള്‍ രേഖപ്പെടുത്തേണ്ടത് താങ്കളാണ്.... അഭിപ്രായങ്ങള്‍ അറിയിക്കുമല്ലോ ....
സ്നേഹത്തോടെ ശ്രീ...