2021, ജൂൺ 12, ശനിയാഴ്‌ച

The Club House

 അനുരാഗ ലോല രാത്രി...

വരവായി നീല രാത്രി..

നിനവിൻ മരന്ദചഷകം... 

നിനവിൻ മരന്ദചഷകം... 

നെഞ്ചിൽ പതിഞ്ഞ രാത്രി"... 


 ആ മനോഹരമായ ഗാനം ദേവ് പാടിയവസാനിപ്പിച്ചപ്പോഴേക്കും ക്ലബ്‌ ഹൗസിലെ  സുഹൃത്തുക്കൾക്കിടയിൽ നിന്നും അഭിനന്ദനങ്ങളുയർന്നു...  ഓരോ ദിവസങ്ങളുടെയും ജോലിതിരക്കുകൾക്ക് ശേഷം വൈകുന്നേരങ്ങളിൽ ഓൺലൈനിന്റെ മായികലോകത്തു  ഒത്തുചേരുന്ന സുഹൃത്ത്‌ സദസ്സുകളിൽ  ഒരു ഗായകന്റെ വില പറഞ്ഞറിയുന്നതിലും അപ്പുറമായിരുന്നു.. ഒരു നേരംപോക്ക് എന്നതിലുപരി തനിച്ചായിപ്പോയ സ്വന്തം ലോകത്തിൽ അയ്യാൾക്ക് ലഭിച്ച ചുരുക്കം ചില സുഹൃത്തുക്കളായിരുന്നു അതിൽ... അന്നത്തെ ഗ്രൂപ്പിലെ വിഷയവും അയാൾക്ക് പ്രിയപ്പെട്ടതായിരുന്നു .. "പാട്ടോർമകൾ".. പാട്ടുകളെ ഒരുപാട് സ്നേഹിക്കുന്നവന് ഓർമകളും ഒരുപാട് ഉണ്ടാകുമല്ലോ.. 

സോണി.. സുനിൽ.. സാജിദ്.. ജൂലി..  സോംന.. സഹദ്,   ഗായത്രി അരുൺ ശ്രീരാഗ്... അങ്ങനെ കുറച്ചു കൂട്ടുകാർ...  അതിൽ പലരും ഗായകരായിരുന്നു... എഴുത്തുകാരുണ്ടായിരുന്നു.. വാഗ്മികളുണ്ടായിരുന്നു...  പതിവുപോലെ ദേവ് പാടിയവസാനിപ്പിച്ചതിനു ശേഷം ആ ഗാനത്തിന്റെ വിശകലനമുണ്ടായിരുന്നു... ചർച്ചകൾ പുരോഗമിക്കുമ്പോഴായിരുന്നു ആ ഗ്രൂപ്പിലെ  ഓഡിയൻസിൽ പുതിയൊരു പേര് ദേവ് ശ്രദ്ധിക്കുന്നത്.... വിശ്വാസം വരാതെ, അത്ഭുദത്തോടെ ആ പ്രൊഫൈൽ തുറന്നു  DP നോക്കി.. അവനു വിശ്വസിക്കാനായില്ല...

"മേഘ...." 

ഒരിക്കൽ പ്രാണൻ പോലെ നെഞ്ചിൽ കൊണ്ട് നടന്നിരുവൾ... ഇപ്പോൾ ഒരു അപരിചിതയെ പോലെ.... ജീവിതം ചിലപ്പോൾ അങ്ങനെയാണ്... ഒരിക്കൽ എല്ലാം ആയിരുന്നവർ, പരസ്പരം അറിയാത്ത വിധത്തിൽ അപരിചിതരായി മാറുന്നു...


"ദേവ്വേട്ടാ അടുത്ത പാട്ട് പാടൂ "


ഗായത്രിയുടെ ശബ്ദമാണ് പെട്ടെന്നുള്ള ചിന്തയിൽ നിന്നും ദേവിനെ ഉണർത്തിയത്.... 

"അടുത്ത പാട്ടോ?? ഏതാ പാടേണ്ടത്?".. 

ഇനി പാടുന്ന പാട്ട് അല്പം കൂടെ ശ്രദ്ധിച്ചു പാടണം.. കേൾക്കാനായി ഒരാൾ കൂടെയുണ്ട്... പണ്ട് ഒരുപാടു പാട്ടുകൾ പാടിക്കൊടുത്തിട്ടുള്ളൊരു കൂട്ടുകാരി... ഏത് പാട്ട് പാടും അവൾക്കായി?? അവൻ ആലോചിച്ചു... എന്നിട്ടു തുടർന്നു...


" ശരി ഞാൻ പാടാം. ഈ പാട്ടിനു പിന്നിലും  ഒരു കഥ ഉണ്ട്ട്ടോ..."


" പോന്നോട്ടെ... അതുകൂടി കേൾക്കാൻ ആണല്ലോ നമ്മൾ ഇപ്പോൾ ഈ ഗ്രൂപ്പ് ഉണ്ടാക്കിയത്   ".. സ്പീക്കറിൽ നിന്നും സോണിയുടെ ശബ്ദം ഉയർന്നു...


ഓഡിയൻസിൽ മേഘ കൂടെ ഉണ്ടെന്നു ഉറപ്പുവരുത്തി ദേവ് പറയാൻ ആരംഭിച്ചു..


"കോളേജ് കാലമാണുട്ടോ സംഭവം നടക്കുന്നത്... ഞാൻ ഫൈനൽ ഇയർ പഠിക്കുന്ന കാലം... ഫ്രഷേഴ്സ് പിള്ളേരെ ഒക്കെ റാഗ് ചെയ്തും പരിചയപ്പെട്ടുമൊക്കെ നടക്കുന്ന സമയം... അങ്ങനെയിരിക്കെ ഒരു പെൺകുട്ടി, ജൂനിയർ ആയൊരു പെൺകുട്ടിയെ പരിചയപ്പെടുന്നത്... പേര് ഞാൻ ഇവിടെ പറയുന്നില്ല... നമ്മുക്കവളെ "പെൺകുട്ടി " എന്ന് തന്നെ വിളിക്കാം... "


"ആഹാ കഥ റൊമാന്റിക് ആണല്ലോ "


"അതെയതെ..  കണ്ണുകൾ കരിമഷി കൊണ്ടെഴുതിയ, നെറ്റിയിൽ ചന്ദനക്കുറിയുള്ള, കുപ്പിവളകൾ അണിഞ്ഞ ഒരു കൊച്ചു പെൺകുട്ടി....  സംസാരിക്കെ അവൾ എന്നോട് ആവശ്യപ്പെട്ടു... "നേരത്തെ ലൈബ്രറിയിലിരുന്ന് പാടിയ ആ പാട്ട് എനിക്കുവേണ്ടി ഒന്നുകൂടെ പാടി തരാമോ?" സുന്ദരിയായ ഒരു പെൺകുട്ടി ഇങ്ങനെ ആവശ്യപ്പെട്ടാൽ കേൾകാതിരിക്കുന്നത് എങ്ങനെ? മറ്റു ശല്യങ്ങൾ ഒന്നും ഇല്ലാതിരിക്കാൻ ഞാൻ അവളെയും കൂട്ടി ഡ്രോയിങ് ഹാളിലെക്കു പോയി. അവിടെ ഡ്രായിങ് ടേബിൾ നു ഇരുവശങ്ങളിൽ ഇരുന്നു കൊണ്ട് അവളുടെ കണ്ണുകളിലേക്ക് നോക്കി അന്ന് ആ പാട്ട് പാടിക്കൊടുത്തു..."


"തഴുകുന്ന നേരം പോന്നിതളുകൾ കൂമ്പുന്ന

മലരിന്റെ നാണം പോൽ അരികത്തു നിൽക്കുന്നു നീ 

ഒരു നാടൻ പാട്ടയിതാ.....

ഒരു നാടൻ പ്രേമത്തിന്റെ നിലയ്ക്കാത്ത പാട്ടായിതാ

കടലത്തിര  ആടുന്നിതീ  മണലിൽ 

കാതിൽ തേൻമഴയായി പാടു കാറ്റേ കടലേ..."


എല്ലാവരുടെയും അഭിനന്ദനങൾ ഗ്രൂപ്പിൽ ഉയർന്നു കേട്ടു.. ഓഡിയൻസിൽ നിന്നും മേഘയുടെ സ്ഥാനം സ്പീക്കർ ലിസ്റ്റിലേക്ക് മാറിയിരുന്നു..


"ഇനിയും ഉണ്ട്ട്ടോ പാട്ടുകൾ... കഥകളും "

ദേവ് പതുക്കെ പറഞ്ഞു. രോഗി ഇച്ഛിച്ചതും വൈദ്യൻ കല്പിച്ചതും പാട്ട് എന്ന പോലെ ഗ്രൂപ്പിലെ എല്ലാവരും ഒരേപോലെ പാടുവാൻ ആവശ്യപ്പെട്ടു...


"ശരി... അടുത്ത പാട്ട്... ആ പെൺകുട്ടിയുമായുള്ള സൗഹൃദം ദൃഡമായി തുടങ്ങിയ സമയം. ഒരു നട്ടപ്പാതിരാ നേരം... അതുവരെ രാത്രി കാളുകൾ ഒന്നും ഇല്ലാതിരുന്നു... SMS അയക്കലായിരുന്നു എപ്പോഴും... അന്നൊരു ദിവസം നട്ടപ്പാതിരക്ക് എനിക്കൊരു കാൾ... പേര് നോക്കിയപ്പോൾ ഈ പെൺകുട്ടി...  ഞാൻ ഫോണെടുത്തു... അങ്ങേ തലക്കൽ അവൾ കരയുകയായിരുന്നു... ഞാൻ ചോദിച്ചു... എന്തിനാ കരയുന്നത്.... മറുപടി ഒന്നുമില്ലായിരുന്നു... തേങ്ങിക്കരച്ചിൽ മാത്രമായിരുന്നു ഉത്തരം... ഞാൻ ഒന്നും മിണ്ടാതെ കാത്തിരുന്നു... കരച്ചിൽ ഒന്നൊഴിഞ്ഞപ്പോൾ, മഴക്കാറ് മാഞ്ഞപ്പോൾ അവൾ പറഞ്ഞു... എനിക്ക് പെട്ടെന്നു ഭയങ്കര സങ്കടമായിപ്പോയി...


"സങ്കടമാവാൻ എന്താ കാരണം"


"അതൊക്കെ പിന്നെ പറയാം.. പെട്ടെന്ന് ചേട്ടനോട് ഒന്ന് മിണ്ടണം എന്ന് തോന്നി.. അതാ വിളിച്ചത്... കഥകൾ നാളെ പറയാം "..


അത്രയും പറഞ്ഞു അവൾ ഫോൺ വെച്ചു.. എനിക്ക് അപ്പോൾ ഭയങ്കര സന്തോഷാമാകുകയാണ്  ചെയ്തത്... കാരണം  അത്രയും സുഹൃത്തുക്കൾ ഉണ്ടായിട്ടും ഒരു സങ്കടം വന്നപ്പോൾ എന്നെയാണല്ലോ വിളിക്കാൻ തോന്നിയത്.... പിറ്റേന്ന് അവൾക്കായി ഞാനൊരു പാട്ട് പാടിക്കൊടുത്തു...


" നീർമിഴി പീലിയിൽ നീർമണി തുളുമ്പി

 നീ എൻ അരികിൽ നിന്നു...


കണ്ണുനീർ തുടക്കാതെ ഒന്നും പറയാതെ

 നിന്നു ഞാനുമോരന്യനെ പോലെ...

വെറും അന്യനെ പോൽ "


കഥകളും പാട്ടുകളുമായി ഒരുപാട് നേരം കഴിഞ്ഞിരുന്നു... സ്പീക്കർ ലിസ്റ്റിൽ ഉണ്ടായിരുന്നെങ്കിലും ഒരു വാക്ക് പോലും മേഘ പറഞ്ഞിരുന്നില്ല... ഒരു പരിചയപ്പെടുത്തൽ  പോലും....  എല്ലാ പാട്ടോർമകൾക്കു ശേഷം ദേവ് അവസാനിപ്പിക്കാനൊരുങ്ങി... സൗഹൃദവും പ്രണയവും വിരഹവും എല്ലാം നിറഞ്ഞ പാട്ടോർമകൾ...


" ഇത് അവസാന പാട്ടാണ്.. ഒരിക്കൽ അങ്ങനെ ഒരുവാക്ക് പോലും പറയാതെ അവൾ പോയി.. വിളിച്ചാൽ ഫോണെടുക്കാതെ ആയി.. ഫേസ്‌ബുക്കിൽ റിപ്ലൈ തരില്ല.. ഒരു തരത്തിലും കോൺടാക്ട്  ചെയ്യാൻ  പറ്റാതെ ആയി.. ഒടുവിൽ ഞാനും പിന്നെ അങ്ങോട്ടേക്ക് വിളിക്കാതെയായി... നമ്മളെ വേണ്ടാത്തവർക്ക് വേണ്ടി എന്തിനാ നമ്മൾ കാത്തിരിക്കുന്നത്... വിട്ടുകളയണം... അല്ലെ ?... എന്നെങ്കിലും ഒരിക്കൽ അവൾ വിളിക്കുമെന്ന് കരുതി.. വിളിക്കുമ്പോൾ ചോദിക്കണം എന്ന് കരുതിയതാണ്... എന്തിനാണ് ഒന്നും മിണ്ടാതെ പോയതെന്ന്... ഇതുവരെയ്ക്കും അതിനൊരവസരം കിട്ടിയിട്ടില്ല... ഇനി കിട്ടുകയുമില്ല,,... ഈ പാട്ടു അവൾക്ക് വേണ്ടിയാണ്.. അവളുടെ പ്രിയപ്പെട്ട പാട്ട്...


" തളിർവിരൽ തൂവലാൽ നീയെൻ മനസ്സിന്റെ താമരച്ചെപ്പു തുറന്നുവെങ്കിൽ...

അതിനുള്ളിൽ മിന്നുന്ന കൗതുകം ചുംബിച്ചിട്ടനുരാഗമെന്നും മൊഴിഞുവെങ്കിൽ.....

അതുകേട്ടു സ്വർഗം വിടർന്നുവെങ്കിൽ(2) "


ഗ്രൂപ്പ് അവസാനിപ്പിച്ച് കഴിഞ്ഞപ്പോഴേക്കും ഒരുതരം സമ്മിശ്രവികാരമായിരുന്നു അവനു... പറയാനുള്ളതൊക്കെ പറഞ്ഞു തീർത്തു എന്നത് ഒരു സന്തോഷം നൽകി എങ്കിലും ഇനി പറയുന്നത് കേൾക്കാൻ അവൾ ഉണ്ടാകില്ല എന്നത് അവനിൽ ഒരു ചെറിയ നിരാശ സൃഷ്ടിച്ചു.. ഫോൺ സൈഡിൽ വെച്ചിട്ട് കണ്ണടച്ച് അവൻ കിടന്നു... അവനപ്പോൾ പഴയ ക്യാമ്പസ് കാലത്തിൽ ആയിരുന്നു.. ഓർമകളുടെ വേലിയേറ്റമായിരുന്നു അവനിൽ.. യൗവനസ്ഥനായ ഒരു ചെറുപ്പകാരനിൽ നിന്നും അവൻ ഒരു   കൗമാരക്കാരനായ ഒരു പയ്യനായി മാറിയിരുന്നു......  അപ്പോഴാണ് ഫോണിൽ ഒരു മെസ്സേജ് വന്നത്.. ഒരു പരിചയമില്ലാത്ത നമ്പറിൽ നിന്നും... അവൻ അത് ഓപ്പൺ ചെയ്തു.. 

ഐ ആം സോറി.. സോറി ഫോർ എവെരിതിങ്...


മറുപടി എന്ത് പറയും എന്നറിയാതെ അവൻ നിന്ന്... പുറത്തു അപ്പോഴും മഴ പെയ്യുന്നുണ്ടായിരുന്നു...

4 അഭിപ്രായങ്ങൾ:

ഇനി അഭിപ്രായങ്ങള്‍ രേഖപ്പെടുത്തേണ്ടത് താങ്കളാണ്.... അഭിപ്രായങ്ങള്‍ അറിയിക്കുമല്ലോ ....
സ്നേഹത്തോടെ ശ്രീ...