2013, ഫെബ്രുവരി 3, ഞായറാഴ്‌ച

"മഴയുടെ ഭാവങ്ങള്‍"


"എന്തു രസമാ അല്ലെ മഴ കാണാന്‍ ? ആകാശത്തിലെവിടെ നിന്നൊ തുള്ളികളായ് വന്ന് മണ്ണിനെ മൊത്തം നനച്ചു കടന്നു പോവുന്ന മഴ ... എപ്പോഴാണ് ഞാന്‍ മഴയെ ശ്രദ്ധിച്ചു തുടങ്ങീത് ?? അറിയില്ല .. ബാല്ല്യത്തില്‍ ഭയങ്കര പേടിയായിരുന്നു മഴയെ ... മഴയത്ത് ഇറങ്ങാനും പേടിയായിരുന്നു . "നിര്‍ത്താതെ വീഴുന്ന വെള്ളത്തിന്ന് ശ്വാസം കിട്ടതെങ്ങനെ ??" അതായിരുന്നു പേടി . രാത്രി ഇടിവെട്ടി മഴ പെയ്യുമ്പൊ അമ്മാമ്മ (അമ്മയുടെ അമ്മ) എന്നെ കെട്ടിപ്പിടിച്ച് കിടക്കും അപ്പൊളേ എന്റ്റെ പേടി മാറു . അപ്പോളൊക്കെ മഴക്ക് ഭീകരതയായിരുന്നു ഭാവം .


കാലം പിന്നേയും നീങ്ങി . മഴ അപ്പോളുമുണ്ടായിരുന്നു ...

ഓല മേഞ്ഞ മേല്‍ക്കൂരയായില്‍ നിന്ന് ചോര്‍ന്നൊലിക്കുന്ന വെള്ളത്തുള്ളികളായിരുന്നു മഴ. വിടിനകത്തുള്ള പാത്രങ്ങള്‍ മഴവെള്ളസംഭരണികളായിരുന്നു . മഴക്ക് അന്ന് രൌദ്രഭാവമായിരുന്നു .


കാലം പിന്നേയും നീങ്ങി . മഴ അപ്പോളുമുണ്ടായിരുന്നു ... സ്കൂള്‍ ജീവിതത്തില്‍ ഒരു ശല്ല്യക്കാരിയായിരുന്നു മഴ . ഡ്രില്‍ പിരിഡ് ഉള്ള ദിവസങ്ങളില്‍ വന്ന് നിന്ന് പെയ്യും . കളിക്കാനും പറ്റത്തില്ല . പക്ഷെ മഴ പെയ്യാതിരിക്കാനുള്ള ഒരു പ്രാര്‍ത്ഥന കൂട്ടുകാരനാ പറഞ്ഞത് .
"മഴേ മഴേ പോ മഴേ
നാളെ കാലത്ത് വാ മഴേ..."
പ്രാര്‍ത്ഥന കേട്ടിട്ടാണൊ അല്ലയൊ എന്നറിയില്ല . മഴ മാറി നിക്കാറുണ്ടായിരുന്നു


കാലം പിന്നേയും നീങ്ങി . മഴ അപ്പോളുമുണ്ടായിരുന്നു ...

പ്ലസ് ടു പഠനകാലത്താണ് മഴക്ക് പ്രണയഭാവമുണ്ടെന്നറിഞ്ഞത് . ആര്‍ത്തലച്ചു പെയ്യുന്നതിലും ഒരു നിശബ്ദത ഉണ്ടെന്ന് തോന്നിയ നാളുകള്‍ ... ഉറക്കം വരാതെ ചരിഞ്ഞും തിരിഞ്ഞും കിടന്ന് വെളുപ്പിച്ച രാത്രികളില്‍ എനിക്ക് കൂട്ടായ് ജനലിന്റ്റെ അപ്പുറത്ത് മഴയുണ്ടായിരുന്നു . മാന്ത്രികനായ ഏതോ സംഗീതജ്ഞന്റ്റെ വിരലുകള്‍ക്കനുസരിച്ച് മഴ അപ്പോഴും പാടിക്കൊണ്ടേയിരൂന്നു . പ്രണയഭാവത്തോടെ ....



കാലം പിന്നേയും നീങ്ങി . മഴ അപ്പോളുമുണ്ടായിരുന്നു ... കാലം മഴ പോലത്തെ ഒരു കൊച്ചുകൂട്ടുകാരിയെ സമ്മാനിച്ചിരുന്നു എനിക്ക് . മഴയെപ്പൊലെ പിണങ്ങുകയും ഇണങ്ങുകയും ചെയ്യുന്ന ഒരു കൊച്ചുകൂട്ടുകാരി . അവളുടെ വരികളില്‍ നിറയുന്ന മഴക്ക് നല്ല ഭംഗിയാണ് . തിരിച്ചറിയാനാവാത്ത ഏതൊ ഒരു ഭാവമായിരുന്നു ആ മഴക്ക്



കാലം പിന്നേയും നീങ്ങി . പക്ഷെ എന്നരികില്‍ ഇപ്പോള്‍ മഴ മാത്രം പെയ്യുന്നില്ല കാരണം പ്രവാസത്തിലായതിനാലാകാം . ഓര്‍മ്മകളില്‍ പെയ്ത ഈ മഴക്ക് വല്ലാത്ത കുളിരാണ് . നോവും ... ഇനിയും നീങ്ങാന്‍ കാലം ഒരുപാടുണ്ട് . പെയ്യാന്‍ ഒരുപാട് മഴയും ... കാത്തിരിക്കാം അല്ലെ ? ഇനിയുള്ള മഴക്കാലത്തിനായ്"

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇനി അഭിപ്രായങ്ങള്‍ രേഖപ്പെടുത്തേണ്ടത് താങ്കളാണ്.... അഭിപ്രായങ്ങള്‍ അറിയിക്കുമല്ലോ ....
സ്നേഹത്തോടെ ശ്രീ...