2013, നവംബർ 30, ശനിയാഴ്‌ച

ബലൂണുകള്‍




ഒരു ദീര്‍ഘ ചുംബനത്തിലൂടെ
ഗര്‍ഭിണിയാക്കപ്പെട്ടു,
വിരല്‍ കൊണ്ട് ഉദരത്തിനു ലഭിച്ച -
പൊക്കിള്‍കൊടി ബന്ധവും പേറി,
ഇരുവിരലുകളുടെ നിയന്ത്രണത്തില്‍
മുന്പോട്ട് കുതിക്കുകയും പിറകോട്ട്
കിതക്കുകയും ചെയ്യുന്ന, നേരം
പുലരുമ്പോളെക്കും നല്ല ജീവന്‍ നഷ്ടമാകുന്ന 
“മത്തകള്‍” ആവണ്ട നമുക്ക് ....     

 കണ്ണൊന്നു തെറ്റിയാല്‍, കയ്യൊന്നു അയഞ്ഞാല്‍
ആകാശസീമയിലേക്ക് കുതിക്കുന്ന ,
കാറ്റിനൊപ്പം ചാഞ്ചാടി, ഇലകളെ -
തലോടി, മേഘങ്ങളേ ഉമ്മ വെച്ച്,
പുഴകളില്‍ മുഖം നോക്കി ,
സ്വതന്ത്രമായി, സ്വസ്ഥമായി നീങ്ങുന്ന
ഹൈഡ്രജന്‍ നിറച്ച നിഷേധികളായ
ഹൃദയചിഹ്നങ്ങള്‍ ആവണം  നമുക്ക്

നീണ്ട വാലുകള്‍  പരസ്പരം കൂട്ടി-
യിണക്കി, തോളോട് തോള്‍ ചേര്‍ന്ന്,
ചിന്തകളില്‍ സ്വപ്‌നങ്ങള്‍ ചാലിച്ചു ,
ഇലപ്പടര്‍പ്പുകളില്‍ കുടുങ്ങാതെ,
കാക്കക്കും കഴുകനും മീതെ... അങ്ങനെ അങ്ങനെ...
ഒരുപാടുയരങ്ങളില്‍ ഒരുമിച്ചു പറക്കണം..
നമുക്ക് നമ്മള്‍ തന്നെ ആവണം....

ഒരുനാള്‍ നമ്മിലൊരാള്‍ ജീവന്‍ വെടിയുമ്പോള്‍, 
കൂട്ടിയിണക്കപ്പെട്ട ബന്ധങ്ങളുടെ പേരില്‍,
എനിക്ക് നിന്നെയോ നിനക്ക് എന്നെയോ
വഹിച്ചു കൊണ്ട് ഉയരെണ്ടതായി വരും
ആവശ്യമില്ലെങ്കിലും, വിട്ടുപോകാത്ത
ഓര്‍മ്മകള്‍ പേറുന്ന മനസ്സ് പോലെ...

പിന്നെ അവസാന ശ്വാസവും തീരുമ്പോള്‍
നമ്മളൊരുമിച്ച്, ഉയരങ്ങളില്‍ നിന്നും
ആഴങ്ങളിലേക്ക് പതിക്കും, കാരണം
നമ്മള്‍ വെറും ബലൂണുകള്‍.... ആരില്‍-
നിന്നോക്കെയോ , അതോ നമ്മളില്‍ നിന്ന് –
തന്നെയോ ഓടിയൊളിച്ച വെറും കുമിളകള്‍ ... 

    
   




16 അഭിപ്രായങ്ങൾ:

  1. ഓരോ കവിതയിലും ഗ്രാഫ് ഉയരുക തന്നെ ചെയ്യുന്നു അനിയാ... ആശംസകള്‍ :)

    മറുപടിഇല്ലാതാക്കൂ
  2. ഈ വാക്കുകള്‍ പിന്നെയും എഴുതാന്‍ പ്രേരിപ്പിക്കുന്നു ചേച്ചി.....

    മറുപടിഇല്ലാതാക്കൂ
  3. ആദ്യ പാര ഇഷ്ടപ്പെട്ടില്ല. മറ്റുള്ള വരികള്‍ കൊള്ളാം.

    മറുപടിഇല്ലാതാക്കൂ
  4. ആശയം കൊള്ളാം.... തുടക്കം എന്തോ ഒരു പ്രശ്നമുള്ള പോലെ തോന്നി;
    ചിലയിടത്തൊക്കെ വാക്കുകള്‍ പിരിച്ചെഴുതുന്നതിനു പകരം കൂട്ടിയെഴുതുന്നതാണ് നല്ലതെന്നു തോന്നുന്നു...
    (നമ്മള്‍ തന്നെ ആവണം എന്നതിനേക്കാള്‍ നമ്മള്‍ തന്നെയാവണം എന്നാവും വായിക്കാന്‍ സുഖം... )

    മറുപടിഇല്ലാതാക്കൂ
  5. വരികള്‍ക്ക് അല്പം നീളം കൂടിക്കോട്ടെ എന്ന് കരുതി അങ്ങനെ ഇട്ടതാണ്.... വളരെ നന്ദി നിഷ ചേച്ചി...

    മറുപടിഇല്ലാതാക്കൂ
  6. വൈകിയാണേലും എത്തിയല്ലോ... സന്തോഷം നയന .......

    മറുപടിഇല്ലാതാക്കൂ
  7. എനിക്ക് ഇഷ്ടമായ് കേട്ടൊ ചങ്ങാതി

    മറുപടിഇല്ലാതാക്കൂ

ഇനി അഭിപ്രായങ്ങള്‍ രേഖപ്പെടുത്തേണ്ടത് താങ്കളാണ്.... അഭിപ്രായങ്ങള്‍ അറിയിക്കുമല്ലോ ....
സ്നേഹത്തോടെ ശ്രീ...